ന്യൂദല്‍ഹി: അടുത്ത വര്‍ഷത്തെ ഐസിസി വനിതാ ലോകകപ്പിന് ഇന്ത്യ യോഗ്യത നേടി. ന്യൂസിലന്‍ഡില്‍ 2021 ഫെബ്രുവരി ആറു മുതല്‍ മാര്‍ച്ച് ഏഴുവരെയാണ് വനിതാ ഏകദിന ലോകകപ്പ്. പാക്കിസ്ഥാനെതിരായ ഏകദിന ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരം റദ്ദാക്കിയതോടെയാണ് ഇന്ത്യന്‍ വനിതകള്‍ക്ക് ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹത ലഭിച്ചത്. 2017ലെ ലോകകപ്പില്‍ ഇന്ത്യ റണ്ണേഴ്സ് അപ്പായിരുന്നു. 2017 ലോകകപ്പില്‍ മത്സരിച്ച എട്ട് ടീമുകളും പരസ്പരം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കണം.
പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന നാലു ടീമുകള്‍ക്ക്് 2021ലെ ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും. ഇതില്‍ ഏതെങ്കിലും പരമ്പര നടക്കാതെപോയാല്‍ ഇരു ടീമുകള്‍ക്കും തുല്യ പോയിന്റ് ലഭിക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പര കഴിഞ്ഞ ജൂലൈ, നവംബര്‍ മാസങ്ങളിലാണ് നടക്കേണ്ടിയിരുന്നത്. പരമ്പരയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് പരമ്പര റദ്ദാക്കി.
പരമ്പര റദ്ദാക്കിയതോടെ ഇന്ത്യ 23 പോയിന്റുമായി പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്കാണ് ഒന്നാം സ്ഥാനം. അവര്‍ക്ക് 37 പോയിന്റ് ലഭിച്ചു. ഇംഗ്ലണ്ട് (29), ദക്ഷിണാഫ്രിക്ക (25) എന്നീ ടീമുകള്‍ക്കാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ആദ്യ നാലു സ്ഥാനം നേടിയ ടീമുകള്‍ക്ക് അടുത്ത വര്‍ഷത്തെ ലോകകപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു. ആതിഥേരായ ന്യൂസിലന്‍ഡിന് നേരിട്ട് പ്രവേശനം കിട്ടി.
ലോകകപ്പിലെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങള്‍ക്കായി പത്ത് ടീമുകള്‍ മത്സരിക്കും. ശ്രീലങ്ക, പാക്കിസ്ഥാന്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, അയര്‍ലന്‍ഡ് എന്നിവയും അഞ്ചു മേഖലാ യോഗ്യത മത്സരങ്ങളിലെ ചാമ്പ്യന്മാരുമാണ് ലോകകപ്പില്‍ സ്ഥാനം ലഭിക്കാനായി മത്സരിക്കുക. 2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന വനിത ഏകദിന ലോകകപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനം നേടി. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: