ന്യൂദല്‍ഹി: ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാന്‍ ദൂരദര്ശന് പുന:സംപ്രേഷണം ആരംഭിച്ച രാമായണം സീരിയല്‍ എല്ലാ പ്രതീക്ഷകളും മറികടന്ന് റെക്കോഡ് ഭേദിക്കുന്നു. പുതിയ ടിആര്‍പി രേഖ പ്രകാരം രാജ്യത്ത് ഏറ്റവും അധികം ആള്‍ക്കാള്‍ കാണുന്ന ടെലിവിഷന്‍ ഷോ ആയി രാമായണം മാറി. 15.5 ആണ് രാമായണത്തിന്റെ ടിആര്‍പി പോയിന്റ്. ഇതു റെക്കോഡാണ്. അപൂര്‍വം ചില പരിപാടികള്‍ മാത്രമാണ് ഇത്രയും അധികം പോയിന്റിലേക്ക് എത്തുന്നത്. ജനപ്രിയ ഷോകള്‍ക്ക് സാധാരണ ലഭിക്കുന്ന പോയിന്റ് നാലു മുതല്‍ അഞ്ചു വരെയാണ്. 4.7 പോയിന്റുമായി മഹാഭാരവും 1.9 പോയിന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയുമാണു രാമായണത്തിനു പിന്നില്‍. പുനസംപ്രേഷണം ചെയ്യുന്ന ശക്തിമാന് സീരിയല്‍ 1. 4 പോയിന്റുമായി നാലാം സ്ഥാനത്തുണ്ട്.
മാര്‍ച്ച് 28 മുതല്‍ സംപ്രേഷണം ആരംഭിച്ചതു മുതല്‍ സീരിയലിനു ലഭിക്കുന്നത് വന്‍ റേറ്റിങ്ങായിരുന്നു. നേരത്തേ, ഒരാഴ്ചത്തെ ബാര്‍ക്ക് റേറ്റിങ് പുറത്തുവന്നതോടെ 2015നു ശേഷം ഏറ്റവും അധികം റേറ്റിങ് ഉള്ള വിനോദപരിപാടിയായി ദൂരദര്‍ശനിലെ രാമായണം മാറിയിരുന്നു. പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. ബാര്‍ക്ക് റേറ്റിങ് പ്രകാരം 2015നു ശേഷം ഡിഡി നാഷണല്‍ സംപ്രേഷണം ചെയ്ത രാമയണം ഏറ്റവും വലിയ റേറ്റിങ് നേടിയത് ആവേശമുയര്ത്തുന്നതെന്നായിരുന്നു ശശി ശേഖരുടെ ട്വീറ്റ്. രാമായണത്തിനു പുറമേ ശക്തിമാന്, ശ്രീമാന്‍ ശ്രീമതി, ചാണക്യം, ദേഖ് ഭായി ദേഖ്, ബുനിയാദ്, സര്‍ക്കസ് എന്നിവ ഡിഡി നാഷണല്‍ പുന: സംപ്രേഷണം ചെയ്യുമ്പോള്‍ മഹാഭാരതം, ആലിഫ് ലൈല, ഉപനിഷത് ഗംഗ എന്നിവ ഡിഡി ഭാരതിയും പുന: സംപ്രേഷണം ചെയ്യുന്നുണ്ട്. രാമായണവും മഹാഭാരതവും സംപ്രേഷണം ആരംഭിച്ചതോടെ ഓര്‍മകള്‍ പങ്കുവച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയിയല്‍ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: