കൊല്ലം: കൊറോണക്കാലത്ത് കാലികള്‍ക്ക് തീറ്റ എത്തിച്ചാണ് ജന്മഭൂമി കാര്‍ഷിക വികസന കേന്ദ്രം ശ്രദ്ധേയമാകുന്നത്. ആടിനെയും പശുവിനെയും വളര്‍ത്തുന്ന സാധാരണ കര്‍ഷകരെ സഹായിക്കുകയാണ് കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘം.
തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള കര്‍ഷകരുടെ കൂട്ടായ്മയാണ് ജന്മഭൂമി. പുതിയ പുതിയ കൃഷിരീതികള്‍ പങ്കുവെക്കുകയും കൃഷിയിടങ്ങളില്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു പറ്റം ആളുകള്‍. വാട്സ്ആപ്പ് വഴി ആശയവിനിമയം നടത്തുന്ന ഇവര്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുചേരും. പ്രളയത്തിലും ഇപ്പോള്‍ കൊറോണയുടെ ദുരിതത്തിലും ഒറ്റപ്പെട്ടവരെ സഹായിക്കുകയാണ് ജന്മഭൂമി കൃഷിക്കൂട്ടവും. സമാഹരിക്കുന്ന നിത്യോപയോഗ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കാനായി സേവന പ്രവര്‍ത്തനങ്ങളില്‍ ഇന്ന് മുന്നിട്ടുനില്ക്കുന്ന സേവാഭാരതിയെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
കാന്‍സര്‍ രോഗിയായ കായംകുളം പുള്ളികണക്ക് സ്വദേശി ബിന്‍സി എന്ന കര്‍ഷകയ്ക്ക് ചികിത്സാധനസഹായവും ഇതിനിടെ എത്തിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘ജന്മഭൂമിക്ക് ഒരു തണല്‍’ എന്ന പേരില്‍ വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ എത്തിക്കുകയാണ് അടുത്ത ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: