ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ തടസ്സങ്ങളെല്ലാം അതിജീവിച്ചു കൊണ്ടാണ് ഡോ. ഭീംറാവ് റാംജി അംബേദ്കര്‍ സ്വതന്ത്രഭാരതത്തിനായി ഭരണഘടന തയാറാക്കാനുള്ള കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയുടെ പടികയറിയത്. സ്വന്തം തട്ടകമായ മുംബൈയില്‍ നിന്ന് വിധാന്‍ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച് ഭരണഘടനാ നിര്മാണസഭയിലെത്താന് അദ്ദേഹം നടത്തിയ ശ്രമത്തെ കോണ്‍ഗ്രസ്സ് ‘പല്ലും നഖവും ഉപയോഗിച്ച്’ എതിര്‍ത്തു പരാജയപ്പെടുത്തി. അംബേദ്കറുടെ പരാജയം ആഘോഷിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നടത്തിയ പ്രഖ്യാപനം അദ്ദേഹം ആ സമിതിയിലുണ്ടാകരുതെന്ന പാര്‍ട്ടിയുടെ ദൃഡനിശ്ചയത്തിന്റെ തോതറിയിക്കുന്നതാണ്. ഭരണഘടനാ നിര്‍മ്മാണ സഭക്കുള്ളിലേക്ക് അംബേദ്കറെ പ്രവേശിപ്പിക്കില്ലെന്നു മാത്രമല്ല സഭാഗൃഹത്തിന്റെ വാതിലുകളും ജനലുകളും വരെ അടച്ചു കഴിഞ്ഞു എന്നാണ് ജവഹര്‍ലാല്‍ നെഹ്റു അദ്ധ്യക്ഷനായിരുന്ന കോണ്‍ഗ്രസ് നടത്തിയ പ്രഖ്യാപനം. തീയില്‍ കുരുത്തത് വെയിലത്തു വാടുമോ? കൊറോണ വൈറസ് ഭീതിയിലാണെങ്കിലും രാജ്യം കഴിഞ്ഞ ദിവസം (ഏപ്രില്‍ -14) അംബേദ്കര്‍ ജയന്തി വിസ്മരിക്കാതിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യത്തോടുള്ള അഭിസംബോധനയില്‍ പോലും അംബേദ്കറും ഇടംപിടിച്ചു.
അക്ഷരം പഠിക്കാന്‍ ചെന്ന പള്ളിക്കൂടത്തിന്റെ പഠനമുറിക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വരാന്തയില്‍ പഴംചാക്കുമിട്ടു പഠിച്ചു വളര്‍ന്നു. വിദ്യാര്‍ഥികള്‍ക്ക് കുടിക്കാന്‍ പൊതുവായി വെച്ചിരുന്ന വെള്ളം സ്വയം എടുത്തു കുടിക്കാന്‍ അനുവാദമില്ലായിരുന്നു. കുടിവെള്ളവും ഗ്ലാസ്സും തൊട്ട് ‘അശുദ്ധമാക്കുക’ അരുതാത്തതായിരുന്നു. സ്കൂളിലെ പ്യൂണ്‍ വെള്ളം ഒഴിച്ചു കൊടുത്താല്‍ മാത്രം ദാഹജലം കിട്ടുന്ന ഹൃദയം നുറുങ്ങുന്ന അനുഭവം.
ബംഗാളിലെ നാമ ശൂദ്രര്‍ അടങ്ങുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ ജനകീയശക്തിയാണ് അംബേദ്കര്‍ക്കെതിരെയുള്ള കോണ്‍ഗ്രസ് ധിക്കാരത്തെ വെല്ലുവിളിച്ചത്. ബാരിസ്റ്റര്‍ ജ്യോതീന്ദ്രകുമാര്‍ മണ്ഡല് വിധായക് സഭയിലെ തന്റെ അംഗത്വം രാജിവെച്ച് അംബേദ്കര്‍ക്കു മത്സരിക്കാന്‍ അവസരമൊരുക്കി. അങ്ങനെ ബംഗാളില്‍ മത്സരിച്ചു ജയിച്ചു. പിന്നീട് ഭരണഘടന തയാറാക്കലിന്റെ ദൗത്യം ഡോ. അംബേദ്ക്കറുടെ ചുമലുകളിലായി. അങ്ങനെ സ്വതന്ത്രഭാരതത്തിന് സക്രിയവും വരുംകാലവെല്ലുവിളികള്‍ക്കൊപ്പം വളരാന്‍ കെല്പുള്ളതുമായ ഒരു ഭരണഘടനയുടെ ചട്ടക്കൂടും ഉള്ളടക്കവും ലഭിച്ചു.
1950 ജനുവരി 26ന് പുതിയ ഭരണഘടന നിലവില്‍ വന്നു. അംബേദ്കര്‍ തന്റെ ജീവിതം കൊണ്ട് ഭാരതത്തിനു നല്കാവുന്ന ഏറ്റവും ശ്രേഷ്ഠമായ സംഭാവന നല്‍കിക്കഴിഞ്ഞു. ആ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ 1952ല്‍ നടന്ന ഒന്നാമത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അംബേദ്കറും മുംബൈ നോര്‍ത്തില്‍ നിന്ന് മത്സരിക്കാന്‍ തയാറായി. തലമറന്ന് എണ്ണ തേക്കാത്തവരുടേതായിരുന്നൂ ലോകമെങ്കില്‍ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുമായിരുന്നു. പക്ഷേ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കോണ്‍ഗ്രസ് ആ നിയോജക മണ്ഡലത്തില്‍ കയ്യും മെയ്യും മറന്ന് കഠിന പരിശ്രമം നടത്തി അംബേദ്കറെ പരാജയപ്പെടുത്തി.
1954ല്‍ ഭിന്ദ്രാ നിയോജക മണ്ഡലത്തില്‍ ഒഴിവു വന്നതിനെ തുടര്‍ന്നുണ്ടായ ലോക്സഭാ ഉപതെരഞ്ഞെടുപ്പിലും അംബേദ്കര്‍ മത്സരിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രചാരക് മാനനീയ ദത്തോപന്ത് ഠേംഗഡി പ്രധാന തെരഞ്ഞെടുപ്പ് സഹായിയായി ആദ്ദേഹത്തിന്റെ ഒപ്പം നിന്നു. പക്ഷേ നെഹ്റുവിന്റെ കോണ്‍ഗ്രസ് അന്നും അദ്ദേഹത്തെ പരാജയപ്പെടുത്തി ലോക്സഭയുടെ പടിക്കു പുറത്തു നിര്‍ത്തി.
ഗാന്ധിവധവുമായി ബന്ധപ്പെട്ട് വീര വിനായക് ദാമോദര്‍ സവര്‍ക്കറെ കള്ളക്കേസില്‍ കുടുക്കാന്‍ നെഹ്റു ക്യാബിനറ്റ് കുതന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ സത്യത്തോടൊപ്പം നില്ക്കാന് അന്ന് നിയമ മന്ത്രിയായിരുന്ന അംബേദ്കര്‍ തയാറായിരുന്നു. ഗാന്ധിവധത്തില്‍ വധശിക്ഷ വിധിക്കപ്പെട്ട നഥൂറാം ഗോഡ്സെയ്ക്കു വേണ്ടി ദയാഹര്‍ജി സമര്‍പ്പിച്ചാല്‍ താനിടപെടാമെന്ന സന്ദേശം അംബേദ്കര്‍ നല്കി. ഗോഡ്സെയ്ക്കു താത്പര്യമുണ്ടെങ്കില്‍ വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കാന്‍ നോക്കാമെന്നായിരുന്നു അംബേദ്കര്‍ നല്കിയ സൂചന. ‘ദയവായി, എന്റെ മുകളില്‍ ദയ അടിച്ചേല്‍പ്പിക്കരുത്. എന്നില്‍ കൂടെ എനിക്ക് സ്ഥാപിക്കണം, ഗാന്ധിയന്‍ അഹിംസയുടെ തൂക്കിലേറ്റിയിരിക്കുന്നൂയെന്ന്’. ആ വാക്കുകള്‍ കേട്ട് അംബേദ്കര്‍ ഞെട്ടിയെങ്കിലും ഗോഡ്സയെ പ്രകീര്‍ത്തിച്ചുകൊണ്ടു പിന്‍വാങ്ങിയെന്നതാണ് ചരിത്രം. അതുപോലെ തന്നെ മോഹന്‍ ദാസ് കരംചന്ദ് ഗാന്ധിയെ ലോകം മുഴുവന്‍ മഹാത്മജിയെന്ന് വിളിച്ചപ്പോള്‍ മിസ്റ്റര്‍ ഗാന്ധിയെന്ന് സംബോധന ചെയ്യാനാണ് അംബേദ്കര്‍ തയാറായത്. 1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടപ്പോള്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെയും പങ്കാണ് അതില്‍ ഉയര്ന്നുനിന്നതെന്ന് അംബേദ്കര്‍ പറഞ്ഞു. മഹാത്മജിയെയും കോണ്‍ഗ്രസിനെക്കാളും അധികം സുഭാഷ് ചന്ദ്ര ബോസിന്റെ പ്രവര്‍ത്തനങ്ങള്‍ പറയാനുള്ള ആര്‍ജവവും അംബേദ്കര്‍ കാട്ടി.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രാജ്യം മാത്രം സ്വതന്ത്രമായാല്‍ പോരാ. രാജ്യത്തെ ജനങ്ങളും സ്വതന്ത്രമാകണമെന്നതായിരുന്നു അംബേദ്കറുടെ ലക്ഷ്യം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടാലും തദ്ദേശീയരായ പുതിയൊരു വരേണ്യ വിഭാഗം ഭരണത്തിലാകുമെന്നും അധഃസ്ഥിതരുടെ സ്വാതന്ത്ര്യം വീണ്ടും അകലെയാകുമെന്നും അംബേദ്കര്‍ ഭയന്നു. ചരിത്രം അതു ശരിയാണെന്ന് തെളിയിച്ചു. ഭാരതം ഒരു കുടുംബത്തിന്റെയും അവരെ ചുറ്റിപറ്റി നിന്നവരുടെയും മേച്ചില്‍പ്പുറമായി മാറി. 2014ല്‍ ഭരണാധികാരത്തിന്റെ അമൃതകുംഭം പൊതുജനസമൂഹത്തിന് ഫലപ്രദായി തിരിച്ചു പിടിക്കാനായി. അന്നാരംഭിച്ചൂ എല്ലാവരോടുമൊപ്പം, എല്ലാവര്ക്കും വേണ്ടി, എല്ലാവരുടെയും വിശ്വാസം അംഗീകരിച്ചുകൊണ്ടുള്ള ജനാധിപത്യ വികസനമാതൃക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അതിവേഗം മുന്നോട്ടു പോകുക മാത്രമാണ് ഡോ ഭീംറാവ് അംബേദ്കറുടെ ലോകവീക്ഷണം യാഥാര്‍ത്ഥ്യമാക്കാന്‍ ഭാരതം ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: