പുനലൂര്‍(കൊല്ലം): ലോക് ഡൗണ്‍ ലംഘിച്ച് ജനം നിരത്തിലിറങ്ങിയതോടെ പുനലൂര്‍ പോലീസിന് നിയന്ത്രണം നഷ്ടമായി. ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് നിലപാട് കര്‍ശനമാക്കിയതോടെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വൃദ്ധ പിതാവിനെയും ചുമന്ന് ആട്ടോ ഡ്രൈവര്‍ കൂടിയായ മകന് നടക്കേണ്ടി വന്നത് അര കിലോമീറ്റര്‍. സംഭവം വിവാദമായത് പോലീസിനെ നാണക്കേടിലാക്കി.
കുളത്തൂപ്പുഴ ഇഎസ്എം കോളനി സിയോണ്‍ മുക്കില്‍ പെരുമ്പളളിക്കുന്നില് വീട്ടില്‍ പി.ജി. ജോര്‍ജി(89)നെയാണ് മകന് റോയ് മോന് അര കിലോമീറ്ററോളം ചുമന്നുകൊണ്ടു നടക്കേണ്ടി വന്നത്. മൂത്രാശയത്തിലെ ആണുബാധയും ശ്വാസതടസ്സവും മൂലം നാലുദിവസം മുമ്പ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ജോര്‍ജിനെ ഇന്നലെ രാവിലെ 10 മണിയോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഈ സമയം ഭാര്യ ലീലാമ്മ മാത്രമേ ഒപ്പമുണ്ടായിരുന്നുളളു.
പിതാവിനെ ഡിസ്ചാര്‍ജ് ചെയ്ത വിവരമറിഞ്ഞ് കൊണ്ടുപോകാനെത്തിയ ആട്ടോ ്രൈഡവര്‍ കൂടിയായ മകനെ പോലീസ് ടി ബി ജംഗ്ഷനു സമീപം തടഞ്ഞു. ആട്ടോ കൊണ്ടുപോകാന്‍ പറ്റില്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. ആശുപത്രി രേഖകള്‍ കാണിച്ചിട്ടും പോകാന്‍ അനുവദിച്ചില്ലെന്ന് റോയ് മോന് പറയുന്നു. കേണപേക്ഷിച്ചിട്ടും വാഹനം പോലീസുകാര്‍ നിലപാടില്‍ ഉറച്ചുനിന്നു.
തുടര്‍ന്ന് കാല്‍നടയായി ആശുപത്രിയിലെത്തിയ റോയ് മോന് തിരികെ പിതാവിനെ ടി ബി ജംഗ്ഷന് വരെയുള്ള അര കിലോമീറ്ററോളം ദൂരം ചുമന്നു. അവിടെ നിന്ന് ആട്ടോറിക്ഷയില്‍ കയറ്റി കുളത്തൂപ്പുഴയിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ വലിയ ഗതാഗത തടസ്സമായിരുന്നു. ലോക് ഡൗണ്‍ ലംഘിച്ച് വാഹനങ്ങള്‍ നഗരത്തിലിറങ്ങിയത് നിയന്ത്രിക്കാന്‍ പോലീസിന് ആദ്യം കഴിഞ്ഞില്ല.
ഇതിനിടയിലാണ് പോലീസിന് നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്. ഇന്നലെ രാവിലെ ഡിസ്ചാര്‍ജ് ആയ ശേഷം വൃദ്ധദമ്പതികള്‍ക്ക് ഒരു മണിക്കൂറിലധികം സമയം ആശുപത്രിക്കു സമീപം കാത്തിരിക്കേണ്ടിയും വന്നു. ഈ സംഭവത്തോടെ പോലീസിനെതിരെ കടുത്ത പ്രതിഷേധവുമുയര്‍ന്നു. നീതിപാലകര്‍ കാട്ടിയ നീതിനിഷേധത്തിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ആട്ടോ തടഞ്ഞിട്ടില്ല, പിടിച്ചെടുത്തിട്ടുമില്ല: പോലീസ്
പുനലൂര്‍: ആശുപത്രിയില്‍ നിന്ന് ഡിസാചര്‍ജ് ആയ രോഗിയെ കൊണ്ടുപോകാന്‍ വന്ന ആട്ടോ തടയുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് പുനലൂര്‍ ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. നഗരത്തില്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ വാഹനങ്ങള്‍ പതിവുപോലെ പരിശോധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: