ന്യൂദല്‍ഹി: ധോണി ഇങ്ങനെ കരിയര്‍ വലിച്ചുനീട്ടേണ്ട കാര്യമില്ല. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോകകപ്പിന് ശേഷം ധോണി വിരമിക്കണമായിരുന്നെന്ന് പാക്കിസ്ഥാന്റെ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍. ഭാവിയെക്കുറിച്ച് ധോണി ഇപ്പോഴും മൗനം ഭജിക്കുകയാണ്. എന്നിരുന്നാലും അദ്ദേഹത്തിന് മികച്ചൊരു യാത്രയയപ്പ തന്നെ നല്‍കണമെന്ന് അക്തര്‍ ആവശ്യപ്പെട്ടു.
ധോണി ഇന്ത്യക്കായി ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍ അന്തസോടെ അദ്ദേഹത്തിന് ക്രിക്കറ്റിനോട് വിടപറയാന്‍ അവസരം ഒരുക്കണം. കരിയര്‍ വലിച്ചുനീട്ടുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇംഗ്ലണ്ടിലെ ലോകകപ്പിനുശേഷം ധോണി ക്രിക്കറ്റ് അവസാനിപ്പിക്കണമായിരുന്നു. ധോണിയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ലോകകപ്പിനു ശേഷം വിരമിക്കല്‍ പ്രഖ്യാപിക്കുമായിരുന്നെന്ന് അക്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2011ലെ ലോകകപ്പിനുശേഷം വേണമെങ്കില്‍ രണ്ട് മൂന്ന് വര്‍ഷം കൂടി പരിമിത ഓവര്‍ മത്സരങ്ങളില്‍ തുടരാമായിരുന്നു. പക്ഷെ മികവ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് മനസിലായതിനാല്‍ കരിയര്‍ നീട്ടാന്‍ താന്‍ തയ്യാറായില്ല.
ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്ത ക്യാപ്റ്റനാണ് ധോണി. കൂടാതെ ഒട്ടേറെ മികച്ച വിജയങ്ങളും നേടി. നല്ലൊരു മനുഷ്യനാണ് ധോണി. അദ്ദേഹത്തിന് മനോഹരമായ സെന്റ് ഓഫ് തന്നെ ഇന്ത്യ നല്‍കണം. 2019 ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ധോണിക്ക് കഴിഞ്ഞില്ല. ഇതോടെ അദ്ദേഹം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്് വിരമിക്കണമായിരുന്നു. കടിച്ചുതൂങ്ങി കിടക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് അക്തര്‍ പറഞ്ഞു.
ലോകകപ്പിനുശേഷം ധോണി ഇതുവരെ ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഐപിഎല്ലില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ധോണിക്ക്് തിരിച്ചുവരാനാകുമെന്ന് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: