പത്തനംതിട്ട: സിപിഎമ്മിന്റെ രാഷ്‌ട്രീയക്കളിയിൽ വാദി പ്രതിയാകുന്നു. സിപിഎമ്മിന്റെ അക്രമത്തിനിരയായ തണ്ണിത്തോട് പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തു. ക്വാറന്റൈനിൽ കഴിയവേ സിപിഎം പ്രവർത്തകർ വീടുകയറി ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയ പെൺകുട്ടിക്കെതിരെയാണ് കേസെടുത്ത് പോലീസ് നാട്ടുകാരെ ഞെട്ടിച്ചത്.
ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിച്ചു എന്നപേരിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടനുസരിച്ചാണ് തണ്ണിത്തോട് പോലീസ് കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്ച വീടിനു പുറത്തേക്ക് പെൺകുട്ടി ഇറങ്ങിയെന്ന ന്യായം പറഞ്ഞാണ് കേസ്. കോയമ്പത്തൂരിൽ നിന്ന് കഴിഞ്ഞ മാർച്ച് 19നാണ് പെൺകുട്ടി വീട്ടിലെത്തിയത്. അന്നു മുതൽ ആരോഗ്യവകുപ്പിനെ അറിയിച്ചശേഷം ക്വാറന്റൈനിലാകാകുകയായിരുന്നു. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്ന പേരിൽ പ്രദേശത്തെ സിപിഎം പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഭീഷണി ഉയർന്നു. തുടർന്ന് പെൺകുട്ടി മുഖ്യമന്ത്രിക്കു പരാതി നൽകുകയുമായിരുന്നു. പരാതിനൽകിയതിൽ പ്രകോപിതരായവർ ് പെൺകുട്ടിയുടെ വീടിനുനേരെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായി.
വീടിന്റെ ജനൽച്ചില്ലകളും കതകും തകർത്തു. അക്രമികൾ വീട്ടിൽ കയറി പെൺകുട്ടിയെ പിടിച്ചുതള്ളിയതായും പരാതിയുണ്ട്. സിപിഎം പ്രവർത്തകർ പ്രതികളായ കേസിൽ ആറുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സിപിഎം നേതാക്കളുടെ ഇടപെടലിൽ പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് ഉണ്ടായത്. ഇതിനിടെ കേസ് അട്ടിമറിക്കാൻ ശ്രമിച്ച പോലീസ് മൊഴി മാറ്റിയെഴുതിയതായും ആക്ഷേപമുണ്ട്. ഇതിൽ പ്രതിഷേധിച്ച് ശനിയാഴ്ച പെൺകുട്ടി വീട്ടിൽ നിരാഹാരം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് അടൂർ ഡിവൈഎസ്പി പെൺകുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും വീണ്ടും മൊഴിയെടുത്തിരുന്നു.
പെൺകുട്ടിയുടെ പിതാവിനെ അക്രമിക്കാൻ തയ്യാറെടുക്കുന്നത് സംബന്ധിച്ച് സിപിഎം വാട്ട്‌സാപ് കൂട്ടായ്‌മയിൽ ചർച്ച നടന്നിരുന്നു. ഇത് സംബന്ധിച്ച ശബ്ദസന്ദേശം അടക്കമാണ് പെൺകുട്ടി പരാതി നൽകിയത്. എന്നാൽ കേസിൽ അറസ്റ്റിലായവർക്കെതിരെ പുതിയ വകുപ്പുകൾ ചുമത്തണമോയെന്നതു സംബന്ധിച്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിലപാട്. ഇതിനിടെയാണ് വാദിയായ പെൺകുട്ടിക്കെതിരെ ക്വാറന്റൈൻ ലംഘനത്തിനു കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: