ന്യൂദല്‍ഹി: കൊറോണയടക്കമുള്ള ആരോഗ്യകാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ നീങ്ങുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ഉപദേശപ്രകാരം മാത്രം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി, നമ്മുടെ സ്വന്തം കഴിവില്‍ വിശ്വസിച്ചാണ് കേന്ദ്രത്തിന്റെ മുഴുവന്‍ തീരുമാനങ്ങളും. ഇതിനു പുറമേ സംസ്ഥാനങ്ങളുടെ അനുഭവസമ്പത്തും കേന്ദ്രത്തിന് വലിയ സഹായമാകുന്നുണ്ട്. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ ഐസിഎംആറിനെ പൂര്‍ണമായും വിശ്വസിച്ച് നീങ്ങുന്നതിനാലാണ് രോഗത്തെ ഒരു തരത്തില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇന്ത്യക്ക് ആകുന്നതും.
വീടിനു പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത് ഐസിഎംആറിന്റെ അഭിപ്രായം കണക്കിലെടുത്താണ്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഉപദേശം.രോഗബാധയുണ്ടായ സമയത്ത് ചൈനയിലേക്ക് പോകുന്നതിനും വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നില്ല. പക്ഷെ ഐസിഎംആറിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യ ചൈന യാത്രയും മടക്കയാത്രയും ജനുവരി 25ന് തന്നെ വിലക്കി.
വന്‍തോതില്‍ പരിശോധന നടത്തണമെന്നാണ് മാര്‍ച്ച് 16ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഡോ. ബല്‍റാം ഭാര്‍ഗയുടെ നേതൃത്വത്തിലുള്ള ഐസിഎംആര്‍ പറഞ്ഞു ഐസൊലേഷന്‍ മാത്രമാണ് രക്ഷാമാര്‍ഗമെന്ന്. രാജ്യം അത് അതേ പടി നടപ്പാക്കി. വിമാനത്താവളങ്ങളില്‍ സ്‌ക്രീന്‍ ചെയ്യുന്നതിനേക്കാള്‍ നല്ലതും ഫലപ്രദവും ക്വാറന്‍ൈറന്‍ ആണെന്ന് ഐസിഎംആര്‍ ആണ് കേന്ദ്രത്തോട് നിര്‍ദേശിച്ചത്. അതും കേന്ദ്രം നടപ്പാക്കി.രോഗം കൂടുതലായി പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ റാപ്പിഡ് ആന്‍ഡിബോഡി ടെസ്റ്റ് നടത്താന്‍ ഉപദേശിച്ചതും ഐസിഎംആര്‍ തന്നെ.
കൊറോണയ്‌ക്ക് പ്രത്യേക ചികിത്സയൊന്നും ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. എന്നാല്‍ ആ വാദം തള്ളി, ഇന്ത്യ ആദ്യം പരീക്ഷണത്തിലിരിക്കുന്ന ലോപ്പിനവിര്‍, റിറ്റണവിര്‍ എന്നീ ആന്റിവൈറല്‍ മരുന്നുകള്‍ രോഗികളില്‍ ഉപയോഗിച്ചു നോക്കി. പിന്നെ അത് മാറ്റി ഹൈഡ്രോക്‌സി ക്‌ളോറോക്വിനും അസിത്രോമൈസിന്‍ എന്ന ആന്റിബയോട്ടിക്കും ചേര്‍ത്ത് ഉപയോഗിക്കാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: