കണ്ണൂർ: കാര്‍ഷിക മേഖലയില്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം ഉണ്ടായിരുന്ന ആറളം ഫാം ഇന്ന് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും വരുമാനം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. താല്‍ക്കാലികമായും സ്ഥിരമായും ജോലിചെയ്യുന്ന നാനൂറിലധികം വരുന്ന തൊഴിലാളികള്‍ ഇതിന്റെ ദുരന്തഫലം അനുഭവിക്കുന്നു. ആനുകൂല്യങ്ങള്‍ അടക്കം ഒരുമാസം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ മാത്രം 70 ലക്ഷം രൂപ വേണം. എന്നാല്‍ 3500 ഏക്കര്‍ വരുന്ന ഫാമില്‍ നിന്നും ഇന്ന് വളരെ തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്.
കാര്‍ഷിക തൊഴില്‍ നിയമപ്രകാരം ഒരേക്കര്‍ ഭൂമിക്ക് ഒരു തൊഴിലാളിയെന്നതാണ് വ്യവസ്ഥ. ഇങ്ങനെ നോക്കുമ്പോള്‍ 3500 തൊഴിലാളികള്‍ വേണ്ടിടത്ത് കേവലം 420 ഓളം തൊഴിലാളികളെ വെച്ചാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്. റബ്ബര്‍, കവുങ്ങ്, തെങ്ങ്, കുരുമുളക് അടക്കമുള്ള വിപുലമായ കൃഷി ഫാം ഇന്ന് പൂര്‍ണ്ണമായും നാശത്തിന്റെ വക്കിലാണ്. യഥാസമയം വളപ്രയോഗങ്ങള്‍ നടത്താതെയും വിളവെടുപ്പ് നടത്താതെയും കാടുകള്‍ വെട്ടിത്തെളിക്കാതെയും വന്യമൃഗശല്യം കാരണവും കൃഷിഭൂമി പൂര്‍ണ്ണമായും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഫാമിനെ സംരക്ഷിക്കുമെന്ന് പ്രഖ്യാപനങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ടെങ്കിലും വന്യമൃഗ ശല്യത്തിന് ആനമതിലടക്കമുളള പരിഹാര മാര്‍ഗ്ഗങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണ്.
ഫാം അധികൃതരുടെ ഔദ്യോഗിക കണക്കു പ്രകാരം കഴിഞ്ഞ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മാത്രം 3900 തെങ്ങുകളാണ് കാട്ടാനകളുടെ ആക്രമണത്തില്‍ കടപുഴകി വീണത്. 28 ഓളം ആനകള്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ഫാമിനകത്തു വിഹരിക്കുകയാണെന്ന് വനംവകുപ്പ് അധികൃതര്‍ തന്നെ പറയുന്നു. കശുവണ്ടിയും റബ്ബറും അടക്കമുള്ള വിളകള്‍ തൊഴിലാളികള്‍ ശേഖരിക്കുന്നത് ജീവാപായം മുന്നില്‍ കണ്ടു കൊണ്ടാണ്. കഴിഞ്ഞവര്‍ഷം മാത്രം ആറളം ഫാം മേഖലയില്‍ അഞ്ചോളം പേര്‍ കാട്ടാനയുടെ ആക്രമണത്തിനിരയായി മരണപ്പെടുകയുണ്ടായി. വനവാസികളുടെ കുടിലുകള്‍ പോലും അക്രമിക്കപ്പെടുന്നത് നിത്യ സംഭവമാണ്. ഫാമിലെ കാര്‍ഷിക ജോലികള്‍ക്ക് ഇന്നും പഴഞ്ചന്‍ കാര്‍ഷിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അടുത്തകാലത്തൊന്നും പുതിയ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വന്യമൃഗ ശല്യം തടയാന്‍ വനംവകുപ്പ് ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആന, പന്നി തുടങ്ങിയ ജീവികളുടെ അക്രമം കണ്ടില്ലെന്നു നടിച്ചാല്‍ ആസന്നഭാവിയില്‍ ഫാം മരുഭൂമിയായി മാറുമെന്ന് ഫാമിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരത്തോളം കശുമാവുകള്‍ ആനകള്‍ പിഴുതെറിഞ്ഞു. 500 കവുങ്ങുകള്‍, ആയിരത്തോളം കുരുമുളക് വള്ളികള്‍ എന്നിവയും നശിപ്പിക്കപ്പെട്ടു. ഫാമില്‍ പലയിടങ്ങളിലായി ഉള്ള ചെക്ക് ഡാമുകളിലും ജനവാസ മേഖലയിലെ റോഡുകളിലുമൊക്കെ രാപ്പകല്‍ വ്യത്യാസമില്ലാതെ ആനകള്‍ വിഹരിക്കുകയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: