അവകാശ സമരമുഖത്ത് എന്നും അടിപതറാതെ നിന്ന് ധീരമായി ജനങ്ങളെ നയിച്ച ഉജ്വലമായ ചരിത്രമാണ് ടി.വി. ബാബുവിന്റെ സാമൂഹ്യജീവിതം. ശബരിമല കര്‍മ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭക്തജന പ്രക്ഷോഭങ്ങളില്‍ അദ്ദേഹം നല്കിയ നേതൃത്വം ഏറ്റവും ശ്രദ്ധേയമായി. കേരളത്തിലുടനീളം നടന്ന് ഭക്തരെ അഭിസംബോധന ചെയ്ത്, സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് കരുത്തുപകരാന്‍ അദ്ദേഹത്തിന് സാധിച്ചു.
മതപരിവര്‍ത്തനം ചെയ്തവരേയും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന് ശുപാര്‍ശയ്ക്കെതിരേ കേരളത്തിലെ പട്ടികജാതി സംഘടനകളെ കോര്‍ത്തിണക്കി വലിയ മുന്നേറ്റം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സാമൂഹ്യ സമത്വ മുന്നണി എന്ന പേരില്‍ പട്ടികജാതി സംഘടനകളുടെ ഏകോപനമുണ്ടാക്കി ശക്തിതെളിയിക്കുന്നതിനും ടി.വി. ബാബു മുന്‍കൈ എടുത്തിരുന്നു. മതപരിവര്‍ത്തനം നടത്തിയവരെ പട്ടികജാതി ലിസ്റ്റില്‍നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി നടന്ന എല്ലാ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും അദ്ദേഹം മുന്നില്‍നിന്നു.
പട്ടികജാതിക്കാരെ, അവര്‍ വ്യത്യസ്തരാണെന്നും വേറിട്ട് നില്‍ക്കേണ്ടവരാണെന്നും തെറ്റിദ്ധരിപ്പിച്ച് മുഖ്യധാരയില്‍നിന്ന് അകറ്റി, അവരില്‍ വിഭാഗീയത ജനിപ്പിക്കാന്‍ ചിലര്‍ നടത്തിയ എല്ലാ ശ്രമങ്ങളേയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ അദ്ദേഹം നേരിട്ടു. അവരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കും ഹിന്ദു വിരുദ്ധ നിലപാടുകളിലേക്കും ആകര്‍ഷിച്ച്, ഹിന്ദു സമൂഹത്തെ ശിഥിലമാക്കാന്‍ നടത്തിയ ഗൂഢാലോചനകളെ അദ്ദേഹം തച്ചുതകര്‍ത്തു. വൈദേശിക കോര്‍പ്പറേറ്റ് ശക്തികളുടെ പണവും പറ്റി, നാട്ടില്‍ അസ്ഥിരത ഉണ്ടാക്കാനും അതിന് പട്ടികജാതിക്കാരെ ആയുധമാക്കാനും മുതലെടുപ്പ് നടത്താനും ശ്രമിച്ച ശക്തികളെ തുറന്നു കാണിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല.
പട്ടികജാതി സമൂഹത്തിന്റെ സ്വത്വം എന്താണെന്ന് ഉള്‍ക്കൊള്ളാനും അതിനെ ശരിയായ അര്‍ഥത്തില്‍ ആത്മീയ-ധാര്‍മിക നാനാര്‍ഥങ്ങളിലൂടെ വിശദീകരിച്ച് കൊടുക്കാനും അദ്ദേഹം ദത്തശ്രദ്ധനായിരുന്നു.
രാഷ്ട്രീയ രംഗത്ത് കടന്നുവന്നത് ബിഡിജെഎസിലൂടെയായിരുന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടന്ന സമത്വ മുന്നേറ്റ യാത്രയിലുടനീളം പങ്കെടുത്തുകൊണ്ടാണ് ഈ രംഗത്തുവന്നത്. ബിഡിജെഎസ് രൂപീകരിച്ചപ്പോള്‍ സ്ഥാപക ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിക്ക് ആശയപരമായ നയരൂപീകരണ രേഖ തയാറാക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. രാഷ്ട്രീയ രംഗത്ത് ജീവിത ധാര്‍മ്മിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചും പ്രതിയോഗികളുടെ കല്ലേറുകളുടെ നടുവില്‍ പുഞ്ചിരിച്ച് മുന്നേറിയും ബാബു ജനമസ്സുകള്‍ക്ക് ആശയും ആവേശവും പകര്‍ന്നു. നാട്ടികയിലും ആലത്തൂരിലും ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴും ജനങ്ങളുമായി സംവദിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ കണ്ടു.
കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിച്ചാണ് ടി.വി. ബാബു സാമൂഹ്യ സംഘടനാ രംഗത്ത് സജീവമായത്. പിന്നാക്ക വിഭാഗത്തിന്റെ സംരക്ഷകരെന്ന് സ്വയം പ്രചരിപ്പിക്കുകയും അവരുടെ ക്ഷേമത്തിനൊന്നും ചെയ്യാതെ ചൂഷണം ചെയ്യുകയുമാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്ന് തിരിച്ചറിഞ്ഞതായി ടി.വി. ബാബു പറയുമായിരുന്നു. കെപിഎംഎസിന്റെ ആദ്യകാല നേതാക്കളില്‍ ബാബു സജീവമായിരുന്നു. ചാത്തന് മാസ്റ്റര്‍, പി.കെ. രാഘവന് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം നിന്ന് സംഘടന കെട്ടിപ്പടുക്കുന്നതിന് പ്രവര്‍ത്തിച്ചു. കേരളത്തില്‍ മഹാത്മാ അയ്യങ്കാളിക്ക് ശേഷം അധഃസ്ഥിത വിഭാഗത്തെ സംഘടിപ്പിക്കാന്‍ വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് കെപിഎംഎസ്. അയ്യങ്കാളി, കുറുമ്പന് ദൈവത്താന്‍ തുടങ്ങിയ അവശ ജനോദ്ധാരകരുടെ ആശയങ്ങളുടെ ചുവടുപിടിച്ചാണ് അദ്ദേഹം കെപിഎംഎസ് നയിച്ചത്.
പട്ടികജാതി സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടത്തിയ ധീരോദാത്തമായ ഒട്ടേറെ സമരങ്ങളില്‍ ബാബുവിന്റെ സജീവ നേതൃത്വം അണികള്‍ക്ക് ആവേശം പകര്‍ന്നു. മിച്ചഭൂമി വിതരണം ചെയ്തും പാര്‍പ്പിടങ്ങള്‍ നിര്‍മിച്ചും തൊഴിലുകള്‍ നല്‍കിയും പട്ടികജാതി സമൂഹത്തെ ചൂഷണങ്ങളില്‍നിന്ന് വിമോചിപ്പിക്കണമെന്ന കാര്യത്തില്‍ അചഞ്ചലമായ നിലപാടായിരുന്നു ബാബുവിന്. ഉജ്വലനായ വാഗ്മി, മികച്ച സംഘാടകന്‍, നിസ്തുല ജനസേവകന്, മനുഷ്യത്വത്തിന്റെ കാവലാള്‍ തുടങ്ങി വ്യത്യസ്ത വിശേഷണങ്ങളാണ് അദ്ദേഹത്തിന് ഉള്ളത്.
വാളയാറില്‍ കൊല ചെയ്യപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച വേളയില്‍ അമ്മയോട് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു: ‘ഈ രണ്ട് കുട്ടികള്‍ എന്റേയും മക്കളാണ്. ഈ അമ്മയുടെ ദുഃഖം ഈ നാടിന്റേതാണ്. നീതി കിട്ടും വരെ എന്ത് കഷ്ടനഷ്ടങ്ങള്‍ സഹിച്ചും നമ്മള് പോരാടും.” അനീതിയുടെ മുന്നില്‍ നെഞ്ചുറപ്പോടെ പീഡിതര്‍ക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പടവെട്ടിയ മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: