ഈശ്വരകൃപകൊണ്ട് ഹിമാലയസദൃശമായ പ്രാരാബ്ധംപോലും മൃദുവായ പുഷ്പദളംപോലെ ലോലവും മൃദുവുമായി പരിവര്‍ത്തനം ചെയ്യപ്പെടും. ജീവിതായോധനത്തില്‍ ദൃഢചിത്തതയേയും പ്രശാന്തതയേയും ആയുധമായി ധരിച്ച യോദ്ധാക്കളായിത്തീരുവിന്.
ഒരു കാര്യം മനസ്സിലാക്കുക. ഈ ലോകത്ത്, നിങ്ങളുടെ മനസ്സില്‍നിന്നും അന്യമായി നിങ്ങള്‍ക്കു മിത്രങ്ങളോ ശത്രുക്കളോ ഇല്ല. നിങ്ങളുടെ തന്നെ മനസ്സാണ് മിത്രമായും ശത്രുവായും വര്‍ത്തിക്കുന്നത്. സത്വഗുണം നിറഞ്ഞ മനസ്സ് മിത്രമാണ്. വികാരനിര്‍ഭരമായ മനസ്സ് ശത്രുവും. എല്ലാ ഹൃദയങ്ങളിലും വസിക്കുന്നത് ഈശ്വരന്‍മാത്രമാണ്. സ്ഥൂലദൃഷ്ടിക്ക് ഈശ്വരന് അഗോചരനാണ്. എന്നാല്‍ കണ്ണുകള്‍ക്കു കാഴ്ച നല്കുന്ന ശക്തി തന്നെ ഈശ്വരന്റേതാണ്. ഈശ്വരന്റെ കേവലഭാവത്തെ ബുദ്ധികൊണ്ട് വിഭാവനം ചെയ്യുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ വിവേചനാശക്തിയും ചിന്താശക്തിയും നിഗമനശക്തിയുമെല്ലാം ഈശ്വരനില്‍ നിന്നുമാത്രമാണ് ഉണ്ടാവുന്നത്.
പ്രേമം ഈശ്വരന്റെ സഹജസ്വഭാവമാണ്. ഈശ്വരന് എല്ലാവരേയും ഒന്നുപോലെ സ്നേഹിക്കുന്നു. തെരഞ്ഞെടുത്ത വ്യക്തികളെമാത്രമേ മനുഷ്യനു സ്നേഹിക്കാന്‍ കഴിയൂ. തന്നെ സ്നേഹിക്കുന്നവരേയും സഹായിക്കുന്നവരേയും മാത്രമേ മനുഷ്യന് സ്നേഹിക്കുന്നുള്ളൂ.നിങ്ങളുടെ ശത്രുവിനെപ്പോലും നിങ്ങള്‍ക്കു സ്നേഹിക്കാന്‍ കഴിയുമോ? അതിനു കഴിഞ്ഞാല്‍ നിങ്ങള്‍ മാനുഷികമായ ദൗര്‍ബല്യങ്ങള്‍ക്ക് ഉപരിയായി വര്‍ത്തിക്കുകയും ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തിരിക്കും. ഈശ്വരപ്രേമത്തില്‍ നിങ്ങളുടെ അഹന്ത നഷ്ടമാകണം. എന്നാല്‍മാത്രമേ എല്ലാവരേയും തുല്യനിലയില്‍ സ്നേഹിക്കാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: