സ്നേഹസേവനത്തിന്റെ ഛായാതടങ്ങളിലേക്ക് ഭാരതീയരുടെ ഈശ്വരചിന്തയും ഭക്തിഭാവങ്ങളും ഒഴുകിയെത്തിയത് നിസ്വാര്‍ഥരായ യോഗിവര്യന്മാരിലൂടെയാണ്. ഒരര്‍ഥത്തില്‍ ഭക്തിപ്രസ്ഥാനത്തിലുണ്ടായ വിവിധ ധാരകളിളോരോന്നും വ്യത്യസ്തമായ ജീവിതമൂല്യങ്ങളിലൂന്നിയാണ് പ്രവര്‍ത്തിച്ചത്. ദൗത്യം ഏകമായിരുന്നെങ്കിലും അത് വിവിധമായ മാര്‍ഗവും ചിന്തയും അഭ്യാസസിദ്ധികളുമായി പ്രവഹിച്ച് അറിവിന്റെ അമേയമായ പാരാവാരത്തില്‍ ലയിക്കുകയായിരുന്നു.
വൈഷ്ണവഭക്തിയുടെ ശ്യാമതീരങ്ങളില്‍ മഹാപ്രഭു വല്ലഭാചാര്യയുടെ ‘പുഷ്ടിമാര്‍ഗം’ തെളിച്ച പാത ഇന്നും പ്രകാശമാനമാണ്. ആയിരത്തഞ്ഞൂറാമാണ്ടിലാണ് വല്ലഭാചാര്യ ഈ സംഫുല്ലമായ പദ്ധതി ആവിഷ്കരിക്കുന്നത്. വിഷ്ണുപുത്രന്മാരുടെ മാനവകുലം സ്നേഹസേവാ ദര്‍ശനത്തിലൂടെയാണ് ജീവനസഞ്ചാരം നടത്തേണ്ടതെന്ന മൂല്യസങ്കല്പമാണ് ‘പുഷ്ടിമാര്‍ഗ’ മെന്ന ആത്മീയ രാജപാതയുടെ അസ്തിവാരം.
കാശിയിലെ വൈദിക ദമ്പതികളായ ലക്ഷ്മണഭട്ടരുടെയും ഇല്ലമ്മയുടെയും പുത്രനാണ് വല്ലഭാചാര്യനായി തീര്‍ന്ന വൈശ്വാനരന്‍. മുഗളരുടെ ആക്രമണകാലത്ത് ഭട്ടര്‍ കുടുംബം പലായനം ചെയ്ത് എത്തിയത് മധ്യപ്രദേശിലെ റായ്പൂരിലാണ്. അവിടെ 1485 ലാണ് വൈശ്വാനരന്റെ പിറവി. വേദവും വേദാന്തവും ദര്‍ശന സിദ്ധാന്തങ്ങളുമടങ്ങിയ പൈതൃകജ്ഞാന സംസ്കൃതിയാണ് വിദ്യാവീഥിയില്‍ അദ്ദേഹം സമാര്ജിച്ചത്. ദേശസഞ്ചാരത്തിനിടയിലെ ജ്ഞാനസംവാദങ്ങളില് വിജയിയായി നേടിയതാണ് ‘ബാലസരസ്വതി’ ബിരുദം. കൃഷ്ണദേവരായരുടെ വിജയനഗരസാമ്രാജ്യത്തില്‍ നിന്നാണ് ‘ജഗദ്ഗുരു’ പദവിയിലേക്ക് ഗുരു ഉയരുന്നത്. വല്ലഭാചാര്യയെന്ന് പ്രശസ്തി നേടി ദക്ഷിണദിക്കിലും കാശിയിലം ആ ധര്മപഥസഞ്ചാരം തുടര്‍ന്നു. പ്രധാനമായും മായാവാദത്തെ ഖണ്ഡിച്ചു കൊണ്ടായിരുന്നു ആചാര്യന്റെ ആശയസംവാദം. ഗോവര്‍ധനത്തില്‍ വിഷ്ണുസാക്ഷാത്ക്കാരം നേടിയ ഗുരുവര്യന് വിഷ്ണുഭക്തിയുടെ ആന്ദോളനങ്ങളില്‍
പുഷ്ടിമാര്‍ഗം പ്രതിഷ്ഠിക്കുകയായിരുന്നു. വ്യക്തിമുക്തിക്കപ്പുറം സമൂഹപുഷ്ടിയായിരുന്നു ലക്ഷ്യം. ശുദ്ധാദൈ്വതത്തിന്റെ തത്വാധിഷ്ഠിതമായ പ്രയാണത്തില്‍ ഭാഗവത സപ്താഹത്തിലൂടെയാണ് ആചാര്യന് വിഷ്ണു വിഭൂതി പകര്‍ന്നേകിയത്. വൃന്ദാവനത്തിലെത്തി ദേവദമന്റെ (ശ്രീനാഥ്ജി) പ്രതിഷ്ഠ നടത്തിയത് 1526 ലാണ്. ഇതിനിടയിലാണ് സൂര്‍ദാസ്, വല്ലഭാചാര്യയുടെ പരിചയസീമയിലെത്തുന്നത്. ക്ഷേത്രത്തിലെ സോപാന ഗായകനായി അന്ധനായ സൂര്‍ദാസിനെ ഗുരു അവരോധിക്കുകയായിരുന്നു. എട്ടു പൂജയും എട്ടു സോപാന ഗായകരുമായി വിഷ്ണുക്ഷേത്രം അതിന്റെ ശക്തിദമായ വഴികളില്‍ വിളങ്ങി.
കുംഭന്‍ദാസ്, പരമാനന്ദദാസ്, ഛീത് സ്വാമി, തുടങ്ങിയ യോഗാത്മക കവികള്‍ വല്ലഭ/ പുഷ്ടി സമ്പ്രദായത്തിലെ ഉജ്ജ്വല നക്ഷത്രങ്ങളാണ്. ദാമ്പത്യജീവിതമുണ്ടായെങ്കിലും ഗുരുശ്രേഷ്ഠന് എന്നും സമൂഹത്തിന്റെ മൂല്യവര്‍ധിത പ്രമാണങ്ങളില്‍ ചരിച്ചു. വിഷ്ണുജീവന പ്രഹര്ഷത്തില് ജന്മം നേദിച്ച മഹാപ്രഭു വല്ലഭാചാര്യന്‍ ഗംഗാതീരത്തെ ഹനുമാന്ഘട്ടിലാണ് ജലസമാധിയടയുന്നത്. ഗംഗാതരംഗങ്ങള്‍ ഇന്നും ആചാര്യന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നത് നിപുണശ്രോത്രങ്ങള്‍ക്ക് കേള്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: