വെള്ളരിക്കുണ്ട്: കൊറോണക്ക് പിറകെ ഡെങ്കിപ്പനിയും പടരുന്നത് മലയോര പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഇരട്ടി ദുരിതമാകുന്നു. ബളാലിനെ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. മൂന്നുമാസത്തിനിടയില്‍ 15 പേര്‍ക്ക് ഡങ്കിപ്പനി പിടിപെട്ട സാഹചര്യത്തിലാണിത്. പനി പടരാനുള്ള സാഹചര്യമുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ബളാല്‍ പഞ്ചായത്തിലെ മുണ്ടമാണി, അത്തിക്കടവ്, പടയംകല്ല്, കൊന്നക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി ബാധിതര്‍ കൂടുതലുള്ളത്.
ചെറിയൊരു പ്രദേശത്ത് കൂടുതല്‍ പേരില്‍ രോഗം കണ്ടതാണ് ആരോഗ്യപ്രവര്‍ത്തകരെ അലട്ടുന്നത്. ഇങ്ങനെ വന്നാല്‍ രോഗം പടരാന്‍ സാധ്യത കൂടുതലാണ്. കൊന്നക്കാട്, പടയങ്കല്ല് എന്നിവിടങ്ങലിലും ഡെങ്കിപ്പനി ബാധിതരുണ്ട്. ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി. ബളാലിലും വെള്ളരിക്കുണ്ട് ടൗണിലും കൊതുക് നശീകരണത്തിനായി തെര്‍മല്‍ ഫോഗിങ് നടത്തി. മുണ്ടമാണി, അത്തിക്കടവ് എന്നിവിടങ്ങളിലെ വീടുകളിലും ഫോഗിങ് നടത്തി.
ചെറിയതോതില്‍ മഴ തുടങ്ങിയതിനാല്‍ കൊതുകിന്റെ പ്രജനനം കൂടുമെന്നും ഉറവിട നശീകരണത്തില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ജനങ്ങള്‍ സഹകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.രാധാമണി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അജിത് സി.ഫിലിപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു.
സമീപ പഞ്ചായത്തുകളിലും ഡെങ്കിപ്പനി പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൊറോണ പ്രതിരോധം ശക്തമായി മുന്നോട്ട് കൊണ്ട് പോകേണ്ടതിനാല്‍ ഡെങ്കിപ്പനിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ചു പരിമിതിയുണ്ട്. ലോക് ഡൗണ്‍ ലംഘിക്കാതെ ഡെങ്കിപ്പനി ബാധിതര്‍ ആശുപത്രി സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡെങ്കിപ്പനി പരിശോധനകള്‍ക്ക് വെള്ളരിക്കുണ്ട് പി.എച്ച്.സി ലാബില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
കൊറോണപ്രതിരോധം നടക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ജനകീയ യോഗങ്ങള്‍ ചേരുന്നതിന് പരിമിതിയുള്ളതിനാല്‍ പ്രദേശങ്ങളിലുള്ള കുടുംബങ്ങള്‍ മുന്നോട്ട് വരണം. ഫ്രിഡ്ജ്, പൂച്ചട്ടി, അടക്ക വെള്ളത്തിലിട്ടത്, വാട്ടര്‍ ടാങ്ക് എന്നിവ ശ്രദ്ധിക്കണം. തോട്ടങ്ങളില്‍ പാളകളിലും പാത്രങ്ങളിലും വെള്ളം കെട്ടിനില്‍ക്കരുത്. കൈത്തോടുകളില്‍ കെട്ടിനില്‍ക്കുന്ന ജലം പരിശോധിച്ച് കൊതുക് വിമുക്തമാക്കണം. കൊതുക് കൂടാനുള്ള ഒരു സാഹചര്യവുമുണ്ടാകരുത്.
കഴിഞ്ഞവര്‍ഷങ്ങളില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തപ്രദേശമാണിത്. 2018ല്‍ വെള്ളരിക്കുണ്ട് പരിധിയില്‍ 275 പേര്‍ക്ക് രോഗം പിടിപെട്ടു. കര്‍ണാടക വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് പനി പടര്‍ന്നത്. മുന്‍വര്‍ഷം നൂറോളം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഈ വര്‍ഷം മഴ വരുംമുമ്പ് രോഗം വന്നത് അതി ഗൗരവത്തോടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കാണുന്നത്. കൊതുക് നശീകരണപ്രവര്‍ത്തനങ്ങളില്‍ റബ്ബര്‍, കവുങ്ങ് തോട്ടമുടമകള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ എസ്.എസ്.രാജശ്രീ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: