ന്യൂദല്‍ഹി: കൊറോണ(കൊവിഡ് 19) വൈറസിനെ പ്രതിരോധിക്കാനുള്ള ഹൈഡ്രോക്സി ക്ളോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയെ അമേരിക്ക ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തയുടെ നിജസ്ഥിതി വെളിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഫോക്സ് ന്യൂസിനു നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. മരുന്നുകള്‍ നല്കാനാവുമോ എന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. അദ്ദേഹം വിശാലമനസുള്ള വളരെ വലിയ നേതാവാണ്. ഇന്ത്യയുടെ ആവശ്യത്തിനായി ആണ് മരുന്നു കയറ്റുമതി നിര്‍ത്തിവച്ചിരുന്നത്. എന്നാല്‍, അമേരിക്കയുടെ അവസ്ഥ മനസിലാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 29 മില്യണ്‍ ഡോസ് മരുന്നകളാണ് ഇന്ത്യയില്‍ നിന്നു അയച്ചുതരുന്നത്. വളരെ വലിയ കാര്യമാണ് അത്. ഈ വിഷയത്തില്‍ പലരും പല കഥകളും പറയുന്നുണ്ട്. നിങ്ങള്‍ക്കറിയാമല്ലോ, ഇത്തരം വൃത്തികെട്ട കഥകള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല, നല്ലതു മാത്രം കേള്‍ക്കാനും പ്രവര്‍ത്തിക്കാനുമാണ് ഞാന്‍ ശ്രമിക്കാറെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരമാര്‍ശങ്ങള്‍ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യനിക്കുകയും പ്രചരിപ്പിക്കുകയുമായിരുന്നു. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി നിര്ത്തിവച്ചിരുന്നെന്ന് അറിയാം. താന്‍ കഴിഞ്ഞ ദിവസവും മോദിയുമായി സംസാരിച്ചിരുന്നു. വളരെ നല്ല രീതിയിലായിരുന്നു ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യ അമേരിക്കയുമായി മികച്ച രീതിയില്‍ സഹകരിക്കുന്ന രാജ്യമാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയും അമേരിക്കയും വാണിജ്യ രംഗത്ത് പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇത്തരമൊരു തീരുമാനം മോദിയുടേതാണെങ്കില്‍ അദ്ദേഹം തന്നോട് അത് പങ്കുവയ്ക്കുമായിരുന്നെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു മാദ്ധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ട്രംപ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളെ ചില മാദ്ധ്യമങ്ങള്‍ ഇന്ത്യയോടുള്ള ഭീഷണിയായി ചിത്രീകരിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ട്രംപിന്റെ ഒരു പ്രതികരണത്തെയാണ് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള വെല്ലുവിളിയായി ചില മാധ്യമങ്ങള്‍ ചിത്രീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: