തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മൂന്ന് ദിവസം ലോക്ഡൗണ്‍ ഇളവ് ലഭിച്ചാല്‍ നടത്തി തീര്‍ക്കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. സ്വകാര്യ മാധ്യമത്തോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ലോക്ഡൗണില്‍ മൂന്ന് ദിവസത്തെ ചെറിയ ഇളവ് ലഭിക്കുകയാണെങ്കില്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ നടത്താനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രാവിലെ നടത്തി, പ്ലസ് വണ്‍ പരീക്ഷ ഉച്ചയ്ക്ക് ശേഷം നടത്താനാണ് നിലവില്‍ പരിഗണിക്കുന്നത്. ലോക്ഡൗണ്‍ സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് ശേഷം തുടര്‍ നടപടി കൈക്കൊള്ളുന്നതാണെന്നും സി. രവീന്ദ്രനാഥ് അറിയിച്ചു.
കോവിഡ് വ്യാപന സാധ്യത മൂലം ഇത്തവണത്തെ അക്കാദമിക് വര്‍ഷം ജൂണില്‍ തന്നെ തുടങ്ങാനാകുമോ എന്ന് പോലും ഉറപ്പിക്കാന്‍ ആകാത്ത സ്ഥിതിയിലാണ്. മൂന്ന് ദിവസത്തെ ഇളവില്‍ എസ്എസ്എല്‍സി പ്ലസ്ടു പരിക്ഷ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും കാസര്‍ഗോഡ് പോലുള്ള സ്ഥലങ്ങള്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചതാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. ഇനിയുള്ള പരീക്ഷകളുടെ നടത്തിപ്പിനും മ്യൂല്യനിര്‍ണ്ണയത്തിനും ടാബുലേഷനുമായി ഏറ്റവും കുറഞ്ഞതായി വേണ്ടത് പതിനഞ്ച് ദിവസമാണ്. സുരക്ഷാ സംവിധാനങ്ങളൊരുക്കി ഇവയെല്ലാം പൂര്‍ത്തിയാക്കുന്നതും വെല്ലുവിളിയാണ്.
നിലവില്‍ എസ്എസ്എല്‍സിക്കും, പ്ലസ്ടുവിനും മൂന്ന് പരീക്ഷകളാണ് ബാക്കിയുള്ളത്. കൊറോണ ഭീതിയില്‍ സിബിഎസ്ഇ ഉള്‍പ്പടെയുള്ള എല്ലാ പരീക്ഷകള്‍ മാറ്റിയിട്ടും കേരളത്തില്‍ ഒരു ദിവസം കൂടി പരിക്ഷ നടത്തിയിരുന്നു. അതിനുശേഷമാണ് പരിക്ഷകള്‍ മാറ്റിവെയ്ക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: