കൊച്ചി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവര്‍ഷത്തേക്ക് നിര്‍ത്തുമ്പോള്‍ വികസനത്തിന്റെ പേരില്‍ നടക്കുന്ന വന്‍ തട്ടിപ്പുകള്‍ക്കും തിരശീല വീഴും. കേരളത്തിലെ പ്രതിപക്ഷ എംപിമാരാണ് ഫണ്ടു നിര്‍ത്തുന്നതിനെ എതിര്‍ക്കുന്നത്. 1993-ല്‍ പി.വി. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് ഫണ്ട്. 25 ലക്ഷമായിരുന്നു തുടക്കത്തില്‍. ന്യൂനപക്ഷമായിരുന്ന സര്‍ക്കാരില്‍നിന്ന് എംപിമാര്‍ ചാടിപ്പോകാതിരിക്കാന്‍ റാവു കണ്ടുപിടിച്ച ‘വീതം വെപ്പായിരുന്നു പദ്ധതി. ഇപ്പോള്‍ ഒരു വര്‍ഷം അഞ്ചു കോടി രൂപയാണ് ഒരു എംപിക്ക് മണ്ഡലവികസനത്തിന് ലഭിക്കുന്നത്.
വിദ്യാഭ്യാസം, റോഡു നിര്‍മാണം, ആരോഗ്യം, കൃഷി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പണം ചെലവിടാം. പണത്തിന്റെ കണക്കും പദ്ധതിയുടെ വിശദാംശവും ജില്ലാ ഭരണകൂടം വഴിവേണം. എംപി കൊടുക്കുന്ന പദ്ധതിക്ക് കളക്ടര്‍ അംഗീകാരം നല്‍കണം. വന്‍തോതില്‍ അഴിമതി നടക്കുന്നുവെന്നും പണം ജനക്ഷേമത്തിനു കിട്ടുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നപ്പോള്‍ രൂപപ്പെടുത്തിയതാണ് ഈ സംവിധാനം. പണം ശരിയായി വിനിയോഗിച്ച സംസ്ഥാനങ്ങളില്‍ കേരളമില്ല. ഏറ്റവും മുന്നില്‍ ദല്‍ഹിയാണ്. പഞ്ചാബ്, തെലങ്കാന, സിക്കിം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
കേരളത്തില്‍നിന്നുള്ള എംപിയല്ല, ദല്‍ഹിയിലെ ബിജെപി എംപിയായ രമേഷ് ബിദൂരിയാണ് പണം കൃത്യമായി ചെലവിട്ടവരില്‍ മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ 97 ശതമാനം ചെലവിട്ടു. കഴിഞ്ഞ വര്‍ഷം എംപിമാര്‍ ചെലവിടാതെ പോയ തുക കേട്ടാല്‍ ഞെട്ടും- 1734 കോടി രൂപ!കേരളത്തില്‍ എംപിഫണ്ടില്‍ അധികവും ഉപയോഗിക്കുന്നത് ഹൈമാസ്റ്റ് ലൈറ്റുകളും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിക്കാനാണ്.
പഞ്ചായത്തോ നഗരസഭകളോ സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ സംസ്ഥാനത്ത് റോഡുകള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും വര്‍ഷംതോറും ഈ ഇനത്തിലും ചിലര്‍ പണം ചെലവിടുന്നുണ്ട്. നഗരങ്ങളില്‍ സ്ഥാപിക്കുന്ന വെയ്റ്റിങ് ഷെഡ്ഡുകള്‍ക്ക് മൂന്നു മുതല്‍ അഞ്ചുലക്ഷം വരെ രൂപയാണ് ചെലവു. പ്രളയാനന്തരം നിര്‍മിക്കുന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ കണക്കാക്കുന്ന തുക നാലു ലക്ഷവും. പല ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും നോക്കുകുത്തികളുമാണ്.
സംസ്ഥാന സര്‍ക്കാര്‍ കൊറോണാ പ്രതിസന്ധിക്ക് പണം കണ്ടെത്താന്‍ സംസ്ഥാന ജീവനക്കാരുടെ ശമ്പളം പിടിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ ഉപദ്രവിക്കാതെ എംപിമാരുടെ ശമ്പളം കുറയ്ക്കുകയും പ്രാദേശിക വികസന ഫണ്ട് മരവിപ്പിക്കുകയുമാണ്. ഇങ്ങനെ കിട്ടുന്ന വന്‍ തുക, ആസൂത്രിത വികസനത്തിന് വിനിയോഗിക്കാനാണ് പദ്ധതി.
ചിത്രം കടപ്പാട്: ന്യൂസ് 18
പ്രതികരിക്കാൻ ഇവിടെ എഴുതുക: