നാഗ്പൂര്‍: കൊറോണ വൈറസെന്ന മഹാമാരി വ്യാപകമാകുമ്പോഴും ജനങ്ങളില്‍ പലരും ഇപ്പോഴും ബോധവാന്മാരല്ലെന്നതിന് നിരവധി തെളിവുകളുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ബോധവത്ക്കരണം നല്‍കുന്നതിന് നൂതന ആശയവുമായി രംഗത്ത് വന്നിരിക്കുകയാണ് നാഗ്പൂര്‍ പോലീസ്. ചെന്നൈ എക്സപ്രസിലെ രംഗമാണ് ഇതിനായി നാഗ്പൂര്‍ പോലീസ് ഉപയോഗിച്ചിരിക്കുന്നത്.
ചിത്രത്തിലെ സാധാരണക്കാരന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന ഷാരൂഖ് ഖാന്റെ ഡയലോഗ് സാമൂഹിക അകലത്തിന്റെ ശക്തിയെ വില കുറച്ചു കാണരുതെന്ന് മാറ്റിക്കൊണ്ടാണ് പോലീസ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊപ്പം ചിത്രത്തിലെ ഒരു സ്റ്റില്ലും പോലീസ് ഉപയോഗിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഒരു ബഞ്ചിന്റെ രണ്ടറ്റത്തായി ഷാരൂഖും ദീപികയും ഇരിക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സാമൂഹിക അകലം എന്ന് ചിത്രത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ നിരവധി സഹായങ്ങളാണ് ഷാരൂഖ് നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ക്വാറന്റൈന് സൗകര്യം ഒരുക്കുന്നതിനായി നാല് നിലകളുള്ള ഓഫീസ് ഷാരൂഖും ഭാര്യ ഗൗരിയും ബിര്‍ഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് കൈമാറാന്‍ സന്നദ്ധത അറിയിച്ചു.
മഹാരാഷ്ട്രയിലെയും പശ്ചിമ ബംഗാളിലെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ് (പിപിഇ) സൂപ്പര്‍സ്റ്റാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനൊക്കെ പുറമെ ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന് ഏക് സാത്ത് ഫൗണ്ടേഷനുമായി ചേര്‍ന്ന് ഒരുമാസം മുംബൈയിലെ 5500 കുടുംബങ്ങള്‍ക്ക് ദിവസേനയുള്ള ഭക്ഷണ സാധനങ്ങള്‍ നല്‍കും. നിരാലംബരായ ആളുകള്‍ക്കും ദിവസ വേതനത്തൊഴിലാളികള്‍ക്കും ഭക്ഷണം നല്‍കുന്നതിന് മീര്‍ ഫൗണ്ടേഷന് റൊട്ടി ഫൗണ്ടേഷനുമായി സഹകരിക്കുന്നു.
ഷാരൂഖ് തന്റെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) വഴി പിഎം-കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. തന്റെ ചലച്ചിത്ര നിര്‍മ്മാണ ബാനറായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിലൂടെ അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: