ലഖ്നൗ: രാജ്യത്ത് കൊറോണ വൈറസ് എന്ന മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെതിരെ ഐക്യത്തോടെ പോരാടണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതമോ വിശ്വാസമോ മുഖമോ നോക്കിയല്ല കൊറോണ പിടിപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതങ്ങളില്‍പ്പെട്ട സംസ്ഥാനത്തെ 377ഓളം നേതാക്കളുമായി ഞായറാഴ്ച വൈകുന്നേരം നടത്തിയ ചര്‍ച്ചയിലാണ് യോഗി ഈ കാര്യം വ്യക്തമാക്കിയത്.
ലോകം ഒരു മഹാമാരിയെ നേരിടുമ്പോള്‍ മതപരമായ വ്യത്യാസങ്ങളില്‍നിന്ന് മാറി സര്‍ക്കാരിനെ സഹായിക്കാന്‍ എല്ലാവരും തയ്യാറാകണം. പകര്‍ച്ചവ്യാധിയില്‍നിന്ന് എങ്ങനെ സ്വയം രക്ഷപ്പെടാമെന്ന് പഠിപ്പിക്കുന്ന പുതിയ ഓഡിയോ ക്ലിപ്പുകള്‍ ആരാധനാലയങ്ങളില്‍ പ്ലേ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഓരോ നാല് മണിക്കൂര്‍ കൂടുമ്പോഴും ആരാധനാലയങ്ങളില്‍ ഓഡിയോ ക്ലിപ്പുകള്‍ പ്ലേ ചെയ്യാമെന്ന ആശയം സുന്നി പുരോഹിതന് മൗലാന കഹ്ലിദ് റഷീദ് ഫറംഗി മഹാലി മുന്നോട്ടുവെച്ചു. പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയ മതനേതാക്കള്‍ക്ക് റെക്കോര്‍ഡുചെയ്ത ഓഡിയോ ക്ലിപ്പുകള്‍ സര്‍ക്കാര്‍ ഉടന്‍ നല്‍കും.
എല്ലാ മതനേതാക്കളും തങ്ങളുടെ സ്വാധീനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും എങ്ങനെ സുരക്ഷിതമായി മുന്നോട്ടുപോകാമെന്ന് ആളുകളെ ബോധവല്‍ക്കരിക്കണമെന്നും ആദിത്യനാഥ് ഊന്നിപ്പറഞ്ഞു.
പകര്‍ച്ചവ്യാധിയോടുള്ള ഇന്ത്യയുടെ പോരാട്ടം മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അമേരിക്കയില്‍ ഇതിനകം മരണസംഖ്യ 15,000 കവിഞ്ഞു, സ്പെയിനില്‍ 12,000 പേര് മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി കൊവിഡിന്റെ വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ മെച്ചപ്പെട്ട നിലയാണ് സ്വീകരിച്ചുവരുന്നത്. നിലവില്‍ ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണ് ഈ പകര്‍ച്ചവ്യാധി, ഇപ്പോള്‍ നമുക്ക് ഇത് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ ധാരാളം ജീവന് രക്ഷപ്പെടുമെന്നും യോഗി പറഞ്ഞു.
വൈറസ് വ്യാപനം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്, പക്ഷേ പെട്ടെന്ന് തബ്ലീഗ് ജമാഅത്ത് മൂലം കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടായി, എന്നിരുന്നാലും സ്ഥിതി ഇപ്പോഴും നിയന്ത്രണത്തിലാണ്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി നീക്കംചെയ്യാം. പൊതുസ്ഥലങ്ങളില്‍ തടിച്ചുകൂടരുതെന്ന് ആളുകളെ പറഞ്ഞുമനസിലാക്കാന്‍ മതനേതാക്കളും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: