തിരുവനന്തപുരം: കൊറോണക്കെതിരെ ഭാരതം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്കാന് പ്രധാനമന്ത്രി നരേന്ദ്രമോദി അഹ്വാനം ചെയ്ത ദീപം തെളിക്കല്‍ രാഷ്ട്രീയം മറന്ന് കേരളജനതയും ഏറ്റെടുത്തു. സിനിമാ രാഷ്ട്രീയ സാംസ്കാരിക ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ പിന്തുണയുമായി രംഗത്തുവന്നു.
മോഹന്‍ലാല്‍, മമ്മൂട്ടി, നടി അനുശ്രീ, സുരഭി ലക്ഷ്മി ജോയ് മാത്യു, ഉണ്ണിമുകുന്ദന്, മണിക്കുട്ടന്, സംവിധായകന് പ്രിയദര്ശന്, ഗായിക കെ.എസ്. ചിത്ര, തുടങ്ങിയവര്‍ പ്രധാനമന്ത്രി മോദിയെ അനുകൂലിച്ച്, ദീപം കൊളുത്താന്‍ ആഹ്വാനം ചെയ്തു.
കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഒറ്റയ്ക്കല്ല, രാജ്യത്തെ 130 കോടി ജനങ്ങളും ഒപ്പമുണ്ടെന്ന് ഓരോ മനസ്സിലും ഉറപ്പ് വരുത്താന്‍, പ്രധാനമന്ത്രി പ്രഖ്യാപിച്ച ദീപം തെളിയിക്കല്‍ ക്യാമ്പയിന് പിന്തുണ നല്‍കുന്നതായി നടന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാജ്യം പകര്‍ച്ച വ്യാധിക്കെതിരെ നിശബ്ദ യുദ്ധത്തിലാണ്. ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തില്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാജ്യം മുഴുവന്‍ ലോക്ഡൗണിലാണ്. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന വെളിച്ചം നമ്മുടെ മനക്കരുത്തിന് പ്രതീകമാകട്ടെ. ലോകാ സമസ്താ സുഖിനോഭവന്തു. എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ പോസ്റ്റ് അവസാനിപ്പിച്ചത്.
രാജ്യത്തിന്റെ സാഹോദര്യവും ഐക്യം കാണിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രകാരം ഐക്യദീപം എല്ലാവരും തെളിക്കണം, നടി സുരഭി ലക്ഷ്മി പ്രതികരിച്ചു. കൊറോണ എന്ന മഹാമാരിക്കെതിരെ ഐക്യജ്യോതി തെളിച്ച് ഭാരതീയര്‍ ഒറ്റക്കെട്ടായി നേരിടുമെന്ന് പ്രഖ്യാപിച്ചതായി നടന് ഉണ്ണി മുകുന്ദന് കുറിച്ചു. കൊറോണയെന്ന വലിയ ഇരുട്ടിനെ അകറ്റാന്‍ മനസ്സുകളിലെ ദീപങ്ങള്‍ തെളിയിച്ച് പ്രകാശ പൂരിതമാക്കണമെന്ന് നടന് നന്ദകിഷോര്‍ പറഞ്ഞു. സമൂഹ ഐക്യ ജ്യോതിയെ സംവിധായകന് മേജര്‍ രവിയും പിന്തുണച്ചു.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങള്‍ മാറ്റി നിര്‍ത്തി ഒരുമിച്ചൊരു ഭാരതത്തിന് വേണ്ടി എല്ലാവരും ദീപം തെളിക്കണമെന്നാണ് സംവിധായകന് പ്രിയദര്ശന് ആഹ്വാനം ചെയ്തത്.
‘തമസ്സിന്റെ തലവെട്ടി തെളിയട്ടെ വിളക്കുകള്‍, മനുഷ്യമനസ്സുകള്‍ ഉണരട്ടെ’.. പദ്യരൂപേണയാണ് സംഗീതജ്ഞന് രമേഷ് നാരായണന് പ്രധാനമന്ത്രിയെ പിന്തുണച്ചത്. കൊറോണ ബാധിതര്‍, ക്വാറന്റൈനില്‍ ഒറ്റപ്പെട്ടവര്‍, രോഗ ഭീതിയില്‍ കഴിയുന്നവര്‍ ഇത്തരത്തിലുള്ള മനസ്സുകളോട് നമ്മള് ഒറ്റക്കെട്ടാണെന്ന ആഹ്വാനം നല്‍കുന്നതാണ് ദീപം തെളിയിക്കലെന്ന് നടന് ജോയ് മാത്യു.
ഭാരതീയരുടെ നല്ലതിന് വേണ്ടിയാണ് ഐക്യദീപമെന്ന് നടി അനുശ്രീ.കോവിഡിനെതിരായ യുദ്ധത്തില്‍ ജാഗ്രതാപൂര്‍വ്വം പോരാടും എന്ന ആഹ്വാനം കൂടിയാകട്ടെ ദീപം തെളിക്കല്‍ എന്ന് നടന് മണിക്കുട്ടന്.പ്രധാന മന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിക്കല്‍ ലോകത്തിന് മാതൃകയാകും നടന് സന്തോഷ് കീഴാറ്റൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: