മക്കളേ,
ജീവിതവും മരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഓരോ ശ്വാസോച്ഛ്വാസത്തിലും മരണം നമ്മുടെ കൂടെയുണ്ട്. ഒരോ ശ്വാസം പുറത്തേയ്ക്കു വിടുമ്പോഴും, അടുത്ത ശ്വാസം അകത്തേക്കെടുക്കുവാന്‍ നമ്മള് ഉണ്ടാകുമോ എന്ന കാര്യം ആര്‍ക്കും ഉറപ്പില്ല. അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമാണ്. വര്‍ത്തമാനനിമിഷം മാത്രമാണു നമ്മുടെ കൈയിലുള്ളത്. ഇന്നു ചെയ്യേണ്ടത് ഇന്നു തന്നെ ചെയ്യണം. നാളെ ചെയ്യാമെന്നു ചിന്തിച്ച് സ്വപ്നത്തില്‍ മുഴുകുന്നതു വിഡ്ഢിത്തമാണ്. ‘നാളെ എന്തു സംഭവിക്കും?’, എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നാളെയെക്കുറിച്ചു കണക്കു കൂട്ടുന്നത്, ‘നാലും നാലും ഒമ്പത്’, എന്നു കണക്കു കൂട്ടുന്നതു പോലെയാണ്. നാലും നാലും കൂടി കൂട്ടിയാല്‍ ഒരിക്കലും ഒമ്പതാകാന്‍ പോകുന്നില്ല. അതിനാല്‍, ഭാവിയെക്കുറിച്ച് വൃഥാ മനക്കോട്ടകള്‍ കെട്ടാതെ, നമുക്കു ലഭിച്ചിരിക്കുന്ന ഇപ്പോഴത്തെ ഈ നിമിഷം വിവേക പൂര്‍വം ഉപയോഗപ്പെടുത്തുകയാണു വേണ്ടത്.
പരീക്ഷാഹാളിലിരുന്നു ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ക്കു ഉത്തരമെഴുതുന്ന ഒരു വിദ്യാര്‍ത്ഥി ഒരു നിമിഷംപോലും പാഴാക്കില്ല. സമയം കഴിഞ്ഞെന്നറിയിക്കുന്ന മണി മുഴങ്ങിയാല്‍ ആ നിമിഷം പേന താഴെ വെയ്ക്കണമെന്ന് അവനറിയാം. അതുകൊണ്ട് ഓരോ ചോദ്യത്തിനും കഴിയുന്നത്ര നന്നായി ഉത്തരമെഴുതുവാനായിരിക്കും ഓരോ നിമിഷവും അവന് വിനിയോഗിക്കുക. ഇതുപോലെ ജീവിതമാകുന്ന പരീക്ഷാസമയം അവസാനിച്ചുവെന്നറിയിക്കുന്ന മരണമണി എപ്പോഴാണു മുഴങ്ങുക എന്ന് ആര്‍ക്കുമറിയില്ല. അതുകൊണ്ട് ഒരു നിമിഷം പോലും പാഴാക്കാതെ നമ്മുടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ ശ്രമിക്കുകയാണു വേണ്ടത്.
ഒരിക്കല്‍ ഒരു ശിഷ്യന് ഗുരുവിന്റെ അടുത്തു ചെന്നു പറഞ്ഞു, ”ഗുരോ, എനിക്ക് എന്തെങ്കിലും ഉപദേശം തരൂ.” നേരം സന്ധ്യയായിരുന്നു. ചോദ്യം കേട്ടയുടനെ ഗുരു മെഴുകുതിരിയുടെ വെളിച്ചത്തില്‍ കാര്യമായി എന്തോ എഴുതാന്‍ ആരംഭിച്ചു. ശിഷ്യന് വീണ്ടും ചോദിച്ചു, ”ഗുരോ, എനിക്ക് എന്തെങ്കിലും ഉപദേശം നല്‍കൂ.” അതും കേട്ടതായി ഭാവിക്കാതെ ഗുരു എഴുതിക്കൊണ്ടേയിരുന്നു. ഇതു പലതവണ ആവര്‍ത്തിച്ചു. ഒടുവില്‍ ഗുരു എഴുത്തു നിര്‍ത്തി. അതേ നിമിഷം മെഴുകുതിരി ഉരുകിത്തീരുകയും ചെയ്തു. ശിഷ്യന് ചോദിച്ചു, ”ഞാന്‍ പല തവണ ചോദിച്ചിട്ടും അങ്ങ് എന്റെ ചോദ്യത്തിനു മറുപടി നല്കിയില്ലല്ലോ?” ഗുരു പറഞ്ഞു, ”നിന്റെ ചോദ്യത്തിന് ഞാന്‍ മറുപടി നല്കിയല്ലോ. എന്റെ പ്രവൃത്തി തന്നെയായിരുന്നു നിന്റെ ചോദ്യത്തിനുള്ള ഉത്തരം. മെഴുകുതിരി വെളിച്ചം ഏതു നിമിഷവും കെട്ടുപോകാമെന്ന് എനിക്കറിയാമായിരുന്നു. ഒന്നുകില്‍ മെഴുകുതിരി ഉരുകിത്തീര്ന്നുപോകാം. അല്ലെങ്കില്‍ കാറ്റത്ത് കെട്ടുപോകാം. അതുകൊണ്ട് ഒരു നിമിഷംപോലും പാഴാക്കാതെ എന്റെ ജോലി ചെയ്തുകൊണ്ടിരുന്നു. ഇതുപോലെ ജീവിതമാകുന്ന വെട്ടം ഏതുനിമിഷവും കെട്ടുപോകാം. നമ്മുടെ സമയം വേഗം തീര്‍ന്നുപോകാം. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ശ്രദ്ധയോടെ വിനിയോഗിക്കുകയാണു വേണ്ടത്. അതായിരുന്നു എന്റെ സന്ദേശം.”
ഓട്ടപ്പാത്രത്തിലെ ജലം ഇറ്റിറ്റു തീരുന്നതുപോലെ നമ്മുടെ ജീവിതസമയം അനുനിമിഷം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ നമ്മള് ജാഗ്രതയായിരിക്കണം. വര്‍ത്തമാനനിമിഷം ശരിയായി ഉപയോഗിച്ചാല്‍ അതു നമ്മളെ ജീവിതലക്ഷ്യത്തിലേയ്ക്ക് എത്തിക്കും. നമുക്കു പ്രയോജനപ്പെടുത്തുവാന്‍ സാധിക്കുന്നത് ഈ നിമിഷം മാത്രമാണ്. അതു കയ്യിലിരിക്കുന്ന പണംപോലെയാണ്. നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ആലോചനയില്ലാതെ പണം ചെലവാക്കിയാല്‍ അതിന്റെ ശരിയായ പ്രയോജനം ലഭിക്കില്ല. പണം നഷ്ടപ്പെട്ടാല്‍ അതു വീണ്ടും സമ്പാദിക്കാന്‍ നമുക്കു കഴിഞ്ഞെന്നിരിക്കും. എന്നാല്‍ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടുകയില്ല. അതിനാല്‍ ഓരോ നിമിഷവും വിവേകബുദ്ധി ഉണര്‍ത്തി ജീവിതയാത്രയില്‍ മുന്നോട്ടു പോകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: