ലോക്ഡൗണില്‍ തകര്‍ന്ന് നാടന്‍ മാങ്ങാവിപണിയും.നാട്ടിന് പുറങ്ങളിലെ പുരയിടങ്ങളിലെ നാടന്‍ മാവുകളിലെ മൂപ്പെത്തിയ വിളവുകള്‍ വീണു നശിക്കുന്ന സ്ഥിതിയാണ്. കൊറോണയെ തുടര്‍ന്നുണ്ടായ ലോക് ഡൗണില്‍ മാങ്ങ പൊട്ടിക്കുവാനോ വിലക്കെടുക്കുവാനോ ആളില്ലാത്തതാണ് പ്രശ്നം.
മുന്‍വര്‍ഷങ്ങളില്‍ മാവുള്ള വീടുകളിലെത്തി മൊത്തകച്ചവടക്കാര്‍ മാങ്ങ വിലക്കെടുത്തിരുന്നു. ഈ വര്‍ഷവും ചിലരൊക്കെ ചെറിയ തുക അഡ്വാന്‍സ് നല്കി കച്ചവടം ഉറപ്പിച്ചിരുന്നെങ്കിലും മാങ്ങ പറിക്കേണ്ട സമയമായിട്ടും എത്തിയിട്ടില്ല.
മൂപ്പെത്തിയ മാങ്ങ യഥാസമയം പറിക്കാത്തതിനാല്‍ പഴുത്ത് വീണുപോകുകയാണ്. പല വീട്ടുടമകളും മാങ്ങ പറിക്കാനാകാതെ വീണു നശിക്കുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയിലാണ്. പലര്‍ക്കും വര്‍ഷം പ്രതി മാവില്‍ നിന്നും കിട്ടുന്ന ചെറിയ വരുമാനവും നഷ്ടമായിട്ടുണ്ട്. നാടന്‍ ഇനങ്ങളായ മൂവാണ്ടന്‍,പ്രിയോര്‍ തുടങ്ങിയവക്ക് കടകളില്‍ 50 മുതല്‍ 100 രൂപ വരെ വിലയുണ്ട്.
വിപണിയില്‍ ഇവ ലഭ്യമാണെങ്കിലും നാടന്റെയത്ര രുചിയില്ലെന്നതാണ് സത്യം.ലോക്ഡൗണ്‍ കാരണം പണിക്കാളുകള് വരാത്തതാണ് പലയിടങ്ങളിലും മാങ്ങ നശിക്കാന്‍ ഇടയാക്കിയത്.ഇപ്പോഴത്തെ പ്രതിസന്ധി തീരുമ്പോഴേക്കും മാവുകളില്‍ മാങ്ങകള്‍ ബാക്കിയുണ്ടാകുമോ എന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: