കണ്ണൂര്‍: കൊറോണ വൈറസ് ബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ ഫോണുകളിലേക്ക് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി വിളിച്ചതിനേയും ആശംസാ സന്ദേശമയച്ചതിനെയും കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവശ്യപ്പെട്ടു. നിരീക്ഷണത്തില്‍ കഴിയുന്നവരേയും ഇദ്ദേഹം വിളിച്ചിട്ടുണ്ട്.
ഭരണസ്വാധീനമുപയോഗിച്ച് സിപിഎം ജില്ലാ നേതൃത്വം ഫോണ്‍ നമ്പറുകള്‍ കൈക്കലാക്കിയിരിക്കുന്നു. രഹസ്യമായി സൂക്ഷിച്ച പേരുവിവരങ്ങള്‍ എം.വി. ജയരാജന് ചോര്‍ത്തി കൊടുത്തിട്ടുണ്ട്. വൈറസ് ബാധിതരെ സഹായിക്കാന്‍ പാര്‍ട്ടി കൂടെയുണ്ടെന്ന് വരുത്തി തീര്‍ത്ത് നിരീക്ഷണത്തിലുള്ള കുടുംബങ്ങളുടെ സഹതാപം നേടാനും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനുമുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. എം.വി. ജയരാജനെതിരെയും പേരുവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ഹരിദാസ് പറഞ്ഞു.
സിപിഎം ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മുകാരും കോണ്‍ഗ്രസ്സ് ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്സുകാരും സംഘടിതമായി റേഷന്‍ കാര്‍ഡ് വാങ്ങി റേഷന്‍ വിതരണക്രമം അട്ടിമറിക്കുകയാണ്. ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്ന അരിക്ക് കേന്ദ്ര സബ്സിഡി 34 രൂപയാണ്. സംസ്ഥാനത്തിന്റേത് വെറും 3 രൂപ മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സൗജന്യ അരിയാണെന്ന് വീടുകളില്‍ സിപിഎമ്മുകള്‍ തെറ്റായി പ്രചരണം നടത്തുകയാണ്. ചിലയിടങ്ങളില്‍ അഞ്ച് രൂപയും ഇക്കൂട്ടര്‍ വാങ്ങിയിട്ടുണ്ട്.
സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി റേഷന്‍ ഷാപ്പുടമകള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. പ്രശ്നം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുപോലും പരിഹാരം ഉണ്ടായിട്ടില്ലെന്നും ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: