പാലക്കാട്: സമൂഹ അടുക്കളയിലേക്ക് നല്‍കിയ 1000 കിലോ അരിയും പലവ്യഞ്ജനങ്ങളും പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാക്കളും ചേര്‍ന്ന് മോഷ്ടിച്ചതായി പരാതി. പുതുശ്ശേരി പഞ്ചായത്തിലെ സമൂഹഅടുക്കളയിലേക്ക് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡ് കഴിഞ്ഞ ദിവസം നല്‍കിയ ഒരു ടണ്‍ അരിയും ബെമല്‍ നല്‍കിയ പലവ്യഞ്ജനങ്ങളുമാണ് മോഷണം പോയത്. പഞ്ചായത്ത് പ്രസിഡന്റും, രണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറിമാരുമാണ് ഇതിനു പിന്നിലെന്ന ആരോപണം ശക്തമായി.
പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന് അരി കൈമാറുന്ന ഫോട്ടോ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബെമല്‍ 21,527 രൂപയുടെ പലവ്യഞ്ജനങ്ങളും നല്‍കി. എന്നാല്‍ ഇതൊന്നും കിട്ടിയിട്ടില്ലെന്ന് സമൂഹ അടുക്കളുടെ ചുമതലയുള്ളവര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രണ്ട് ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് വീതംവച്ചു നല്‍കിയെന്നാണ് ആരോപണം. ഇത്തരത്തില്‍ സാധനങ്ങള്‍ ലഭിക്കുമ്പോള്‍ കലവറയിലെ സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തി, രസീത് നല്‍കണം. എന്നാല്‍, പഞ്ചായത്ത് സെക്രട്ടറി രസീത് നല്‍കിയിട്ടില്ല. സാധനങ്ങള്‍ ലഭിച്ചതായി സ്‌റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുമില്ല. സംഭവം വിവാദമായതോടെ സമൂഹഅടുക്കളയിലേക്കല്ല പഞ്ചായത്തിലെ നിര്‍ധനര്‍ക്ക് നല്‍കാനാണ് സഹായം നല്‍കിയതെന്ന വിശദീകരണവുമായി പ്രസിഡന്റ് രംഗത്തെത്തി. ഇതിനായി തട്ടിക്കൂട്ടി ഗുണഭോക്തൃ ലിസ്റ്റും ഇറക്കി.
ഗുണഭോക്തൃ ലിസ്റ്റിലുള്ള ആളുകള്‍ക്കാണ് നല്‍കിയതെങ്കില്‍, നിയമമനുസരിച്ച് ആദ്യം പഞ്ചായത്ത് ഭരണസമിതി പ്രസ്തുത ലിസ്റ്റ് അംഗീകരിക്കണം. ഇതുണ്ടായിട്ടില്ല. ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡവും വ്യക്തമാക്കിയിട്ടില്ല. ഇതില്‍ ഒരു ലോക്കല്‍ സെക്രട്ടറി വട്ടപ്പാറയിലെ ഭൂമിതട്ടിപ്പ് കേസിലെ പ്രതി കൂടിയാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി.
സമൂഹഅടുക്കളയിലേക്ക് നല്‍കിയ സാധനങ്ങള്‍ വെട്ടിപ്പ് നടത്തിയതിനെതിരെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റും, രണ്ട് ലോക്കല്‍ സെക്രട്ടറിമാരും ചേര്‍ന്നാണ് ഇവ മോഷ്ടിച്ചതെന്നും പഞ്ചായത്ത് സെക്രട്ടറി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്നും കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിശദമായ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊതുമുതല്‍ മോഷ്ടിച്ചതിന് കേസെടുക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദേശം നല്‍കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ജില്ല അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ്, ട്രഷറര്‍ എന്‍. ഷണ്‍മുഖന്‍, മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം പ്രസിഡന്റ് സുരേഷ് ഡിവൈഎസ്പിക്കും, വിജിലന്‍സിനും പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: