കുന്നത്തൂര്‍: ലോക്ഡൗണ്‍ നിലനില്‍ക്കെ ആളെക്കൂട്ടി വീട്ടില്‍ പിറന്നാളാഘോഷം നടത്തിയത് അന്വേഷിക്കാനെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ക്രൂരമര്‍ദനം. മര്‍ദനത്തിന് നേതൃത്വം നല്കിയ മൂന്നുപേര്‍ പിടിയില്‍.ശാസ്താംകോട്ട ഭരണിക്കാവ് അശ്വതിമുക്കിന് സമീപം ഫൈസല്‍ നിവാസില്‍ സിദ്ദിഖിന്റെ വീട്ടിലാണ് വിലക്കുലംഘിച്ച് പിറന്നാളാഘോഷം സംഘടിപ്പിച്ചത്. വീട്ടില്‍ കൂടുതല്‍ ആളുകള്‍ സംഘടിച്ചത് അറിഞ്ഞെത്തിയ ശൂരനാട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍രാജ്, ജൂനിയന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷിബു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ മക്കളായ ഫൈസല്‍ (30), അഫ്സല്(28), ഫൈസലിന്റെ ഭാര്യാപിതാവും പത്തനംതിട്ട കുമ്പഴ സ്വദേശിയുമായ ഷറഫുദ്ദീന് (49) എന്നിവരെയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
സിദ്ദിഖിന്റെ വീട്ടില്‍ പത്തനംതിട്ടയില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത് ആഘോഷം നടക്കുന്നത് അറിഞ്ഞെത്തിയതായിരുന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. വിവരം തിരക്കുന്നതിനിടെ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മൂവരും ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ പുറത്തേക്ക് പോകാതിരിക്കാനായി ഗേറ്റ് പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. ഇതിനിടെ സുനില്‍രാജ് ഫോണില്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തിയാണ് ഗേറ്റുതുറന്ന് ഉദ്യോസ്ഥരെ രക്ഷപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഇരുവരെയും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തു നിന്നുതന്നെ മൂന്നുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമം കാണിച്ചെന്ന് വരുത്തി തീര്‍ക്കാനായി വീടിന്റെ ജനല്‍ച്ചില്ലുകളും മുറ്റത്ത് കിടന്ന കാറിന്റെ ചില്ലും പ്രതികള്‍ തന്നെ തകര്‍ത്തിരുന്നു.
ഇതിനിടെ പ്രതികളെ രക്ഷപ്പെടുത്താനും സംഭവം ഒതുക്കി തീര്‍ക്കാനും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഉന്നത നേതാക്കന്മാരുടെ ശ്രമവും ഉണ്ടായി. കോവിഡ് ബാധയെ തുടര്‍ന്ന് അതീവ ജാഗ്രതാ പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ടയില്‍ നിന്ന് ഷറഫുദ്ദീനും സംഘവും രണ്ട് വാഹനങ്ങളിലായാണ് ഭരണിക്കാവിലെ വീട്ടില്‍ പിറന്നാളാഘോഷത്തിനെത്തിയത്. കുമ്പഴയില്‍ നിന്ന് ഇത്രയും ദൂരം വാഹനത്തില്‍ എല്ലാ പരിശോധനയും മറികടന്ന് മറ്റൊരു ജില്ലയിലെത്തിയത് അധികൃതരുടെ വീഴ്ചയായാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: