കൊല്ലം: ജനസുരക്ഷയ്ക്ക് പ്രാധാന്യം നല്കി ജില്ലയിലെ ആയിരത്തില്‍പരം പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കി അഗ്നിശമനസേന. പതിന്നൊന്ന് അഗ്നി രക്ഷാനിലയങ്ങള് ഉള്‍പ്പെട്ട കൊല്ലം ജില്ലാ അഗ്നിശമനസേനയാണ് ഈ മഹദ് കൃത്യം നിര്‍വഹിച്ചത്.
ഈ ലോക്ക് ഡൗണ്‍ കാലത്ത് സ്ഥിരം ഡ്യൂട്ടികള്‍ക്ക് പുറമെ ഏതുസേവനവും ഏറ്റെടുത്തു ചെയ്യാന്‍ സന്നദ്ധമാണ് സേന. ഏതുസമയത്തും മരുന്നുകളും ഭക്ഷണവും ആവശ്യക്കാര്‍ക്ക് ആവശ്യപ്പെടുന്ന ഇടങ്ങളില്‍ എത്തിച്ചു കൊടുക്കാനും രോഗികളെ കൊണ്ടുപോകാനും സഹായിക്കാനുമൊക്കെ ജില്ലാ അഗ്നിശമനസേന പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ മേധാവി കെ. ഹരികുമാര്‍ പറയുന്നു.
ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷന്, മാര്‍ക്കറ്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കോവിഡ് 19 ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, നിരീക്ഷണകേന്ദ്രങ്ങള്‍, എഫ്സിഐ ഗോഡൗണുകള്‍, എറ്റിഎം കൗണ്ടറുകള്‍, ബാങ്കുകള്‍, പത്രമാദ്ധ്യമ ഓഫീസുകള്‍, അവരുടെ വാഹനങ്ങള്‍ എന്നിങ്ങനെ ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളെല്ലാം അണു നശീകരണ ലായനി തളിച്ച് അണു വിമുക്തമാക്കുന്ന ജോലിയിലാണിവര്‍. കോവിഡ് 19 സ്ഥിരീകരിച്ച തൃക്കരുവയിലെ രോഗിയുടെ വീടും അയല്‍ വീടുകളും തൃക്കരുവ പ്രൈമറി ഹെല്‍ത്ത് സെന്ററും കഴിഞ്ഞദിവസങ്ങളില്‍ സേന അണു വിമുക്തമാക്കിയിരുന്നു.
മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടുന്ന സഹായവും സേന ചെയ്യുന്നു. ലോക് ഡൗണ്‍ സാഹചര്യത്തില്‍ കൊല്ലം അഗ്നിശമനസേന ജില്ലാ ആസ്ഥാനമായ കടപ്പാക്കട നിലയത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. വിഷമതകള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഏതാവശ്യത്തിനും എപ്പോഴും 101 എന്ന നമ്പരിലും 0474-2746200 എന്ന നമ്പരിലും വിളിക്കാം. അഗ്നിശമന സേന വിളിപ്പുറത്തുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആര്യങ്കാവ് ചെക്കുപോസ്റ്റിലൂടെ കടന്നുവരുന്ന ചരക്കു ലോറികള്‍ ഉള്‍പ്പെടെ രണ്ടായിരത്തിലേറെ വാഹനങ്ങള്‍ അവിടെ വച്ചുതന്നെ പുനലൂര്‍, കടയ്ക്കല്‍ അഗ്നിശമന സേനകള്‍ അണുവിമുക്തമാക്കി. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ അഗ്നിശമന സേനയ്ക്ക് സഹായകരമായി 2019 ഡിസംബര്‍ 10ന് കേരളാ മുഖ്യമന്ത്രി, ആഭ്യന്തര വകുപ്പിന് കീഴില്‍ രൂപികരിച്ച സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള കേരളത്തിന്റെ സന്നദ്ധ സേനയായ സിവില്‍ ഡിഫന്‍സിന്റെ വോളണ്ടിയേഴ്സുമുണ്ട്.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ഓരോ റേഷന്‍ കടകളിലെയും തിരക്ക് നിയന്ത്രിക്കുന്നതിനായി, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരുടെ സേവനം നല്കിയിരിക്കുന്നു. ജില്ലാ അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായും വിവരശേഖരണത്തിനും സിവില്‍ ഡിഫന്‍സിന്റെ ഹാം റേഡിയോ വയര്‍ലെസ്സ് കമ്മ്യൂണിക്കേഷന്‍ ടീമിന്റെ സാന്നിദ്ധ്യവുമുണ്ട്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, പുനലൂര്‍ താലൂക്കാശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ജില്ലാ ഫയര്‍ ഓഫീസറുടെ ഓഫീസ്, ഡിഎംഓ ഓഫീസ്, കൊല്ലം കളക്ടറേറ്റ്, കോവിഡ് 19, വാര് റൂം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാം റേഡിയോ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: