ന്യൂദല്‍ഹി: ദല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനത്തു നിന്ന് മൗലവിമാര്‍ അടക്കമുള്ള അന്തേവാസികളെ ഒഴിപ്പിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ട ശേഷം. ഇവിടെ നിന്നാണ് രാജ്യമൊട്ടാകെ വൈറസ് പടര്‍ന്നതെന്ന് വ്യക്തമായ ശേഷം ബംഗ്ലാവാലിയിലെ നാലു നിലകെട്ടിടത്തിലും മറ്റു മുറികളിലുമായി കഴിഞ്ഞിരുന്ന 1800ലേറെപ്പേരെ ഒഴിപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരും ദല്‍ഹി പോലീസും മാര്‍ച്ച് 28ന് രാത്രിയില്‍ എത്തി. എന്നാല്‍ നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാനാ സാദും കൂട്ടരും ഇതിനെ എതിര്‍ത്തു. എതിര്‍പ്പും തര്‍ക്കങ്ങളുമായി മണിക്കൂറുകള്‍ നീണ്ടു. ഒടുവില്‍ 29ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഡോവല്‍ തബ്ലീഗ് ആസ്ഥാനത്ത് നേരിട്ട് എത്തുകയായിരുന്നു. അഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. രോഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെയേറെയാണെന്ന് സാദിനെ ബോധ്യപ്പെടുത്തിയ ഡോവല്‍ അന്തേവാസികളെ ക്വാറന്റൈന് ചെയ്യണമെന്നും കൊറോണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ സാദും കൂട്ടരും വഴങ്ങുകയായിരുന്നു. ഇതിന്റെ ആവശ്യകത ഷായ്ക്കും ഡോവലിനും നേരത്തെ ബോധ്യപ്പെട്ടിരുന്നു. തെലങ്കാനയിലെ കരിംനഗറില്‍ എത്തിയ ഇന്തോനേഷ്യന്‍ മൗലവിമാരില്‍ ഒന്‍പതു പേര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ നിസാമുദ്ദീനില്‍ നിന്നാണ് കരീംനഗര്‍ സന്ദര്‍ശിച്ചത്.
തബ്ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരില്‍ 167 പേരെ ആശുപത്രിയിലാക്കിയെങ്കിലും മസ്ജിദും പരിസരവും അണുനാശിനി ഒഴിച്ച് ശുദ്ധീകരിക്കാന്‍ തയാറായത് ഡോവല്‍ ആവശ്യപ്പെട്ട ശേഷമാണ്. വിവിധ മുസ്ലിം പ്രസ്ഥാനങ്ങളുമായി ഡോവലിന് നല്ല ബന്ധമാണ്.
കൊറോണ പടര്‍ത്തിയത് വിദേശ മൗലവിമാര്‍; ആയിരത്തോളം പേരെ പുറത്താക്കും
അന്തേവാസികളെ പോലീസ് ഒഴിപ്പിക്കുന്ന സമയത്ത് തബ്ലീഗ് ആസ്ഥാനത്ത് 216 വിദേശ മൗലവിമാരേ ഉണ്ടായിരുന്നു. പക്ഷെ ഇവര്‍ക്കു പുറമേ 70 രാജ്യങ്ങളില്‍ നിന്നുള്ള എണ്ണൂറിലേറെപ്പേര്‍ പല സമയത്തായി അവിടെയെത്തുകയും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിപക്ഷവും ഇന്തോനേഷ്യ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജനുവരി മുതല്‍ മാര്‍ച്ച് അവസാനം വരെയായി 2000 വിദേശികളെങ്കിലും മര്‍ക്കസിലെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. വിനോദസഞ്ചാരത്തിന് എത്തുന്നവര്‍ മതപരിപാടികളില്‍ പങ്കെടുക്കരുതെന്ന ചട്ടം ലംഘിച്ചാണ് ഇവര്‍ ഇവിടെ സമ്മേളനങ്ങളിലെ പങ്കാളികളായത്. ഇവരെ കരിമ്പട്ടികയില്‍ പെടുത്തി പുറത്താക്കും.
ഇവരില്‍ നിന്നാകാം മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. ഈ രാജ്യങ്ങളില്‍ പലയിടത്തും രോഗം നേരത്തെ പൊട്ടിപ്പുറപ്പെട്ടിരുന്നതാണ്.
ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് കടന്നിട്ടുള്ള ഇവരെ കണ്ടെത്തുകയാണ് അടുത്ത ദൗത്യം. അത് അത്ര എളുപ്പവുമല്ല. ഇവരെ കണ്ടെത്തി കഴിയുന്നത്ര വേഗം പുറത്താക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആറു മാസം വരെ ഇവിടെ കഴിയാനാണ് അവര്‍ക്ക് അനുമതിയുള്ളത്. അത് കണക്കാക്കേണ്ടെന്നും നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: