ബെംഗളൂരു: കര്‍ണാടകയില്‍ എറണാകുളം സ്വദേശിയായ 63കാരന് ഉള്‍പ്പെടെ പുതുതായി ഒമ്പത് പേര്‍ക്ക് കൂടി കൊറണ. ജര്‍മനിയില്‍ നിന്ന് കാനഡക്ക് പോകാന്‍ കഴിയാതെ അബുദാബി വഴി മാര്‍ച്ച് 21ന് ബെംഗളൂരുവിലെത്തിയ എറണാകുളം സ്വദേശികളായ നാലുപേരില്‍ ഒരാളായ 63കാരന്റെ പരിശോധന ഫലമാണ് ബുധനാഴ്ച പോസിറ്റീവായത്. അവധി നാട്ടിലെത്തിയ ആറംഗ സംഘം എറണാകുളത്തുനിന്നാണ് കാനഡയിലേക്ക് മടങ്ങിയത്.
ജര്മ്മനയിലെത്തിയ സംഘത്തെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 63കാരന് ഉള്‍പ്പെടെ നാലുപേര്‍ക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നതിനാല്‍ കാനഡക്ക് പോകാനുള്ള അനുമതി നിഷേധിച്ചു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന 63കാരന്റെ മകന് ഉള്‍പ്പെടെ രണ്ടുപേര്‍ കാനഡയിലേക്ക് മടങ്ങി. മറ്റു നാലുപേര്‍ ജര്‍മ്മനിയില്‍നിന്നും അബുദാബി വഴി മാര്‍ച്ച് 21നാണ് ബംഗളൂരുവിലെത്തിയത്.
വിമാനത്തിലുണ്ടായിരുന്ന നാലുപേരെയും മറ്റു യാത്രക്കാരെയും ദേവനഹള്ളിയിലെ ആകാശ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു. മലയാളം മിഷന് ഹെല്പ് ഡെസ്ക് പ്രവര്‍ത്തകരും യുഎന്‍എ ഭാരവാഹികളും നാലു മലയാളികള്‍ക്കാവശ്യമായ പിന്തുണയും സഹായവും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് 63കാരനെ സിവി രാമന്‍നഗറിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. ബുധനാഴ്ച പരിശോധന ഫലം പോസിറ്റീവായതോടെ വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്ന 63കാരെന്റെ ഭാര്യയും മറ്റു രണ്ടുപേരും പ്രത്യേക നിരീക്ഷണത്തിലാണ്. കര്‍ണാടകയില്‍ ഇതുവരെ ഏഴു മലയാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ബെംഗളൂരു സ്വദേശിയായ 24കാരന്, നേരത്തെ രോഗം സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ 33കാരന്, നഞ്ചന്‍കോടിലെ ഫാര്‍മസി കമ്പനിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ യഥാക്രമം 37, 27 വയസുള്ള രണ്ടു ജീവനക്കാര്‍,
ദുബായില്‍നിന്നും മാര്‍ച്ച് 20ന് മംഗളൂരുവിലെത്തിയ ദക്ഷിണ കന്നട സ്വദേശിയായ 49കാരന്, സ്പെയിനില്‍ നിന്ന് മാര്‍ച്ച് 18ന് ബെംഗളൂരുവിലെത്തിയ 26കാരന്, നേരത്തെ മൈസൂരുവില്‍ രോഗം സ്ഥിരീകരിച്ചയാളുടെ 63വയസുള്ള പിതാവ്, 27വയസുള്ള ഭാര്യ എന്നിവരാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മറ്റു എട്ടുപേര്‍.
ബുധനാഴ്ച ആകെ ഒമ്പത് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 110 ആയി ഉയര്‍ന്നു. ഇതില്‍ ബുധനാഴ്ച വരെ രോഗം ഭേദമായി ഒമ്പതു പേര് ആശുപത്രി വിട്ടു. മൂന്നു പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: