തിരുവനന്തപുരം: ലോക്ഡൗണില്‍ മദ്യം കിട്ടാത്തവരുടെ വിത്ത്ഡ്രോവല്‍ സിന്‍ഡ്രോം പരിഹരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമത്തില്‍ സര്‍വത്ര ആശയക്കുഴപ്പം. കടുത്ത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ സീലോടുകൂടിയ കുറിപ്പടിയുണ്ടെങ്കില്‍ ഒരാഴ്ച മൂന്ന് ലിറ്റര്‍ വരെ മദ്യം നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എക്സൈസ് കമ്മിഷണര്‍ ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയതായാണ് വിവരം. സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാവുമെന്നും സൂചനയുണ്ട്.
ബെവ്കോ വഴി നല്‍കാനാണ് ആദ്യം ആലോചിച്ചത്. അതു സാധ്യമല്ലെന്ന് കണ്ടതോടെ മദ്യം വീട്ടിലെത്തിക്കാനുള്ള നീക്കമാണ് ആലോചിക്കുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടി എക്സൈസ് ആദ്യം വിശദമായി പരിശോധിക്കും. തുടര്‍ന്ന് എക്സൈസ് ഒരു പെര്‍മിറ്റ് അനുവദിക്കും. ഈ പെര്‍മിറ്റിന്റെ പകര്‍പ്പ് ബെവ്കോയ്ക്ക് കൈമാറും. മദ്യം അപേക്ഷകന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല ബെവ്കോയ്ക്കാണ്. സ്റ്റോക്ക് അനുസരിച്ച് ഏതു മദ്യം നല്‍കണം എന്നത് അധിക്യതരാണ് തീരുമാനിക്കുന്നത്. ബെവ്കോ അധിക്യതര്‍ അപേക്ഷകന്റെ മൊബൈലില്‍ വിളിച്ച ശേഷമായിരിക്കും മദ്യം എത്തിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുക. ഒരാഴ്ചകഴിഞ്ഞ് വീണ്ടും മദ്യം വേണമെങ്കില്‍ വീണ്ടും പാസ് എടുത്ത് എക്സൈസിനെ സമീപിക്കണം.
ഇന്നലെ മദ്യം വേണമെന്ന ആവശ്യവുമായി ഇരുപതോളം പേരാണ് ഡോക്ടറുടെ കുറിപ്പടിയുമായി വിവിധ ജില്ലയില്‍ എക്സൈസിനെ സമീപിച്ചത്. കോട്ടയത്ത് നാലു പേരും എറണാകുളത്ത് എട്ടു പേരും എക്സൈസ് ഓഫീസിലെത്തി. പാലക്കാട് രണ്ടും എറണാകുളത്തും തിരുവനന്തപുരത്തും മൂന്നു വീതം അപേക്ഷകളാണ് ലഭിച്ചത്. എന്നാല്‍ ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്തതിനാല്‍ നടപടി ക്രമങ്ങളിലേക്ക് ഒരു ജില്ലയും കടന്നിട്ടില്ല.
മദ്യം വാങ്ങാന്‍ ഹാജരാക്കുന്ന ഡോക്ടറുടെ കുറിപ്പില്‍ ഡോക്ടറുടെ സീല്‍ നിര്‍ബന്ധമായും വേണമെന്ന് എക്സൈസ് ഉേദ്യാഗസ്ഥര്‍ പറയുന്നു. സ്വകാര്യ ഡോക്ടര്‍മാരുടെയും വിരമിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെയും കുറിപ്പടികളുമായാണ് അപേക്ഷകര്‍ ഇന്നലെ എത്തിയത്. സീല്‍ പതിക്കാതെ കുറിപ്പടി കൊണ്ടുവന്നവരെ എക്സൈസ് മടക്കി അയയ്ക്കുകയും ചെയ്തു.ഓണ്‍ലൈന്‍ വഴി മദ്യം നല്കാന് നേരത്തേ ആലോചിച്ചെങ്കിലും മദ്യനയത്തിന് തിരുത്തല്‍ വേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ അതില്‍ നിന്നും പിന്തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: