ന്യൂദല്‍ഹി: വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ പിടിപെട്ട സംഭവത്തില്‍ ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ലിതെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. എവിടെയൊക്കെ രോഗം പടര്‍ന്നോ അതു കണ്ടെത്തി അവരെ സുരക്ഷിതമാക്കുകയെന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.എല്ലാതരം മതചടങ്ങുകളും നിരോധിച്ച് ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കിയ മാര്‍ച്ച് 16ന് ശേഷമാണ് നിസാമുദ്ദീനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത മതസമ്മേളനം നടന്നത്. പരിപാടിയില്‍ പങ്കെടുത്തവരെ കണ്ടെത്തി ചികിത്സ നല്കുന്നതിനായുള്ള നടപടികള്‍ യുപി, ബിഹാര്‍, തെലങ്കാന, തമിഴ്നാട് സര്‍ക്കാരുകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിസാമുദ്ദീനിലെ മര്‍ക്കസ് കെട്ടിടത്തിലുണ്ടായിരുന്ന 1034 പേരെ ഇവിടെ നിന്ന് മാറ്റി. 334 പേരെ ആശുപത്രിയിലേക്കും 700 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കുമാണ് മാറ്റിയത്.
മാര്‍ച്ച് രണ്ടാം വാരം ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമായത്ത് സമ്മേളനത്തില്‍ നിന്നാണ് കൊറോണ രാജ്യവ്യാപകമായി പടര്‍ന്നതെന്ന് വെളിവായിക്കഴിഞ്ഞു. ഏറെക്കുറെ ഇതേ സമയത്തു തന്നെ ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും തബ്ലീഗ് സമ്മേളനങ്ങള്‍ നടന്നുവെന്നും പലയിടത്തും രോഗബാധയുണ്ടായിട്ടുണ്ടെന്നുമാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്നുവരെ അവര്‍ മലേഷ്യന്‍ തലസ്ഥാനമായ കുലാലംപൂരിലെ പെതാലിങ് മോസ്ക്കില്‍ വച്ച് മതസമ്മേളനം നടത്തിയിരുന്നു. ഈ സമ്മേളനത്തില്‍ നിന്ന് 600 ലേറെപ്പേര്‍ക്ക് രോഗം പടര്‍ന്നു. തെക്കുകിഴക്കനേഷ്യയില്‍ ഏറ്റവും വലിയ രോഗബാധയ്ക്ക് തുടക്കമിട്ടത് ഇവിടെ നിന്നായിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെ തബ്ലീഗ് മാര്‍ച്ച് 18 മുതല്‍ ഇന്തോനേഷ്യയിലെ തെക്കന്സുലാവെസിയിലെ മക്കസാറില്‍ അന്താരാഷ്ട്ര മതസമ്മേളനം നടത്താന്‍ തീരുമാനിച്ചു. അധികൃതര്‍ എതിര്‍ത്തിട്ടും നടത്തുമെന്ന നിലപാടിലായിരുന്നു. ഒടുവില്‍ അവര്‍ പരിപാടി റദ്ദാക്കി. ഇതിന് ഏതാനും ദിവസം മുന്‍പാണ് ദല്‍ഹിയിലെ നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: