തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മദ്യ വില കൂടാതെ 100 രൂപ സര്‍വീസ് ചാര്‍ജ് കൂടി നല്കിയാല് വീട്ടില്‍ എത്തിച്ചു നല്‍കാമെന്ന് ബെവ്കോ. വിഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് പ്രത്യേക പാസ് ഹാജരാക്കിയെങ്കില്‍ മാത്രമാണ് മദ്യം വീട്ടില്‍ എത്തിച്ചു നല്‍കുക.
ഡോക്ടറുടെ കുറുപ്പടി എക്സൈസ് മുമ്പാകെ ഹാജരാക്കി അവര്‍ പാസ് നല്കുന്നവര്ക്കാണ് ഇത്തരത്തില്‍ മദ്യം നല്‍കുക. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് കുറിപ്പടി നല്‍കാനുള്ള അധികാരം. ബെവ്കോയുടെ എസ്എല്‍ 9 ലൈസന്‍സുള്ള ഗോഡൗണുകളില്‍ നിന്നാണ് ഈ മദ്യം വിതരണം ചെയ്യുക. ഗോഡൗണിലെ ഏറ്റവും വിലകുറഞ്ഞ മദ്യമായിരിക്കും നല്‍കുക. മൂന്നു ലിറ്റര്‍ വീതം ഒരാള്‍ക്ക് ഒരാഴ്ചത്തേക്ക് നല്‍കാനാണ് പാസ്. ഡോക്ടര്‍മാരുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു കൊണ്ട് ബെവ്കോ എംഡി ഗോഡൗണ്‍ മാനേജര്‍മാര്‍ക്കായി ഉത്തരവ് പുറത്തിറക്കി കഴിഞ്ഞു. ആവശ്യമെങ്കില്‍ ഗോഡൗണ്‍ മാനേജര്‍മാര്‍ക്ക് എക്സൈസിന്റെയോ പോലീസിന്റെയോ സഹായം തേടാം.
അതേസമയം സര്‍ക്കാരിന്റേയും ബെവ്കോയുടേയും ഈ തിരുമാനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധത്തിലുമുള്ള മുന്‍കരുതലുകളും എടുക്കാതെയാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്ന് ജീവക്കാര്‍ അറിയിച്ചു.
വെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും കിലോമീറ്റര്‍ ദൂരെയാവും പല ജീവനക്കാരും താമസിക്കുന്നത്. ഇവരോടെല്ലാം ബുധനാഴ്ച മുതല്‍ വെയര്‍ഹൗസില്‍ ജോലിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പൊതു ഗതാഗത സൗകര്യം പോലുമില്ലാതെ ജോലിക്കെത്തുന്നത് എങ്ങിനെയെന്നാണ് ഇവര്‍ ചോദിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക വാഹനമേര്‍പ്പെടുത്തുകയോ മറ്റോ ഇല്ലാതെ ജോലിക്കെത്തുക ബുദ്ധിമുട്ടാണെന്നും ഇവര്‍ പറയുന്നു. മാത്രമല്ല എത്തിയില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വരെ അറിയിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലുമാണ് തൊഴിലാളികളെന്ന് കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന് അറിയിച്ചു.
കൊറോണയുള്ള വീടുകളില്‍ അടക്കം ചിലപ്പോള്‍ മദ്യം നല്‍കേണ്ടി വരും. ചിലപ്പോള്‍ വീട്ടുകാരുടെ ആക്രമണത്തിന് വരെ വഴിവെക്കാം. ഇതിനെല്ലാം ഒരു പരിഹാരം കാണാതെ പെട്ടെന്നുള്ള തീരുമാനം തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. രോഗബാധയുള്ള വീടുകള്‍ എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക എന്ന കാര്യം ഗൗരവത്തോടെ കാണണം.
വിഡ്രോണ്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിന് പകരം അവരെ വീണ്ടും മദ്യത്തിന് അടിമയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
എന്നാല്‍ മദ്യ വിതരണത്തോട് സഹകരിക്കാത്ത ജീവനക്കാരുടെ പേരും വിവരങ്ങളും സര്‍ക്കാരിന് കൈമാറുമെന്ന് ബെവ്കോ എംഡി സ്പര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ഇതോടെ ഉത്തരവ് പാലിച്ചില്ലെങ്കില്‍ ജോലി പോകുമോയെന്ന ഭയത്തിലും കൂടിയാണ് ജീവനക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: