കോഴിക്കോട്: മത്സ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന് ആവശ്യപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന്റെ കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാത്തത് സംസ്ഥാന സര്‍ക്കാറിന്റെ കള്ളക്കളിയാണ്. ചെറിയ ശതമാനം മാത്രമാണ് ചെറിയ തോതിലുള്ള മത്സ്യബന്ധനത്തിലേര്‍പ്പെടുന്നത്. കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് മത്സ്യബന്ധനം നടത്തുന്നത് ഇന്നത്തെ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കണമെന്ന പൊതുതത്ത്വത്തിന് വിരുദ്ധമാണ്. ഇത് മനസ്സിലാക്കിയാണ് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാത്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കാത്തത് മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കേണ്ടിവരും എന്നതുകൊണ്ടാണ്. ഇത് മത്സ്യബന്ധനമേഖലയോടും മത്സ്യത്തൊഴിലാളികളോടുമുള്ള അവഗണനയാണെന്ന് എന്‍.പി. രാധാകൃഷ്ണന് പറഞ്ഞു.
മത്സ്യമേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളെയും സഹായിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതിസന്ധിയെ കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: