കണ്ണൂര്‍: ലോക്ക് ഔട്ടിന്റെ മറവില്‍ പ്രാകൃത ശിക്ഷയുമായി എസ്പി യതീഷ് ചന്ദ്ര. വളപട്ടണം അഴീക്കലിലാണ് ലോക്ക് ഔട്ട് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് നിരത്തിലുണ്ടായവരെ എസ്പി എത്തമിടീപ്പിച്ചത്. ഇന്നു രാവിലെ പതിനൊന്ന് മണിയോടെയാണു സംഭവം. യതീഷ് ചന്ദ്രയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ കടയ്ക്കു മുന്നില്‍ ചിലര്‍ നില്‍പ്പുണ്ടായിരുന്നു. പോലീസ് വാഹനം നിര്‍ത്തുന്നത് കണ്ട് ചിലര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍, ചിലര്‍ ഓടാതെ അവിടെ തന്നെ നിന്നു. ഇതില്‍ അമ്പതു വയസിനു മുകളില്‍ പ്രായമുള്ളവരുണ്ടായിരുന്നു. ഇവരെ കൊണ്ടാണ് എസ്പി യതീഷ് ചന്ദ്ര എത്തമീടിപ്പിച്ചത്. ഏത്തമീടാന് കൂട്ടാക്കത്തവരെ രൂക്ഷമായി ഭാഷയിലാണ് യതീഷ് ശകാരിച്ചത്. നിയന്ത്രണങ്ങളുടെ പേരില്‍ ചിലയിടങ്ങളില്‍ പോലീസ് അനാവശ്യമായി മര്‍ദിക്കുന്നെന്ന് വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും ഇതിന്റെ വീഡിയോകള്‍ പങ്കുവച്ചിട്ടുണ്ട്.
പോലീസിനെതിരേ പരാതി വ്യാപകമായതോടെ നിര്‍ദേശങ്ങളുമായി പോലീസ് മേധാവി രംഗത്ത് എത്തിയിരുന്നു. പരിശോധനയ്ക്കിടെ പോലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയത്. എന്നാല്‍, ജില്ലാ പോലീസ് മേധാവിയില്‍ നിന്നാണ് ഇപ്പോള്‍ കണ്ണൂരില്‍ വളരെ മോശമായ പെരുമാറ്റം ഉണ്ടായിരിക്കുന്നത്.
അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചിരുന്നു. പോലീസുകാര്‍ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാരെയും പാവപ്പെട്ടവരേയും സഹായിക്കാന്‍ പോലീസ് പരമാവധി ശ്രമിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: