വാഷിങ്ടണ്‍: കൊറോണ തകര്‍ത്തെറിയുമെന്ന ഭീതിയില്‍ യൂറോപ്പ്. ലോകമാകെ 22,000ലധികം പേരാണ് മരിച്ചത്. ഇതില്‍ 15,000 ലേറെ പേരും യൂറോപ്പിലാണ്. ലോകമാകെ രോഗം ബാധിച്ചവര്‍ അഞ്ച് ലക്ഷത്തോടടുത്തു. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ മരണം 3,287 ആണ്. ഇന്നലെ ആകെ മരണം ആറ്. രോഗം ബാധിച്ചവര്‍ 81,285.
എന്നാല്‍, ഇറ്റലിയില്‍ മരണം 7503 ആയി. രോഗം ബാധിച്ചവര്‍ 74,386. സ്പെയ്നില്‍ നിയന്ത്രണാതീതമായി രോഗം പടരുകയാണ്. 56,188 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ മരണം 4086 ആയി. ചൈനയെ മറികടന്നു. അമേരിക്കയില്‍ 68,489 പേര്‍ക്ക് ഇതിനകം കൊറോണ ബാധിച്ചു. മരണം 1032 ആയി. ഇന്നലെ പുതുതായി 278 പേര്‍ക്കാണ് രോഗം ബാധിച്ചത്. രോഗമിനിയും നിയന്ത്രിക്കാന്‍ യുഎസിന് സാധിച്ചിട്ടില്ല. ഇതേ തോതില്‍ പോയാല്‍ അധികം വൈകാതെ അമേരിക്ക ഇറ്റലിയെ മറികടക്കുമെന്നാണ് ഭീതി.
ന്യൂയോര്‍ക്ക് മറ്റൊരു ലോംബാര്‍ഡി
ഇറ്റലിയില്‍ കൊറോണ ഏറ്റവുമധികം പടര്‍ന്ന നഗരമാണ് ലോംബാര്‍ഡി. ഇവിടുത്തെ ബര്‍ഗാം എന്ന ചെറുനഗരത്തിലാണ് ഏറ്റവും കൂടുതലാളുകള്‍ മരണമടഞ്ഞത്.
അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കും ഈ അവസ്ഥയിലെത്തുമെന്നാണ് ആശങ്ക. അമേരിക്കയില്‍ മരണം ആയിരം കവിഞ്ഞു. ന്യൂയോര്‍ക്കിലാണ് രോഗം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിച്ചിട്ടുള്ളത്. ഇവിടത്തെ ബെല്ലാവു ആശുപത്രിയില്‍ വലിയ മോര്‍ച്ചറി തന്നെ സ്ഥാപിച്ചു കഴിഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകളും സജ്ജമാക്കി വരികയാണ്. ആഴ്ചകള്‍ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണം സ്ഫോടനാത്മകമാകുമെന്നാണ് കണക്കുകൂട്ടല്‍.
അമേരിക്കയിലെ 68,489 രോഗബാധിതരില്‍ 30,000 പേരും ന്യൂയോര്‍ക്കിലാണ്. മരിച്ചവരില്‍ 300 പേരും ന്യൂയോര്‍ക്കുകാര്‍. 86 ലക്ഷം പേരാണ് ഈ മഹാനഗരത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: