ശ്ലോകം 148
ശ്രുതി പ്രമാണൈകമതേഃ സ്വധര്‍മ്മ-
നിഷ്ഠാ തയൈവാത്മവിശുദ്ധിരസ്യ
വിശുദ്ധബുദ്ധേഃ പരമാത്മവേദനം
തേനൈവ സംസാരസമൂലനാശഃ
ശ്രുതി പ്രമാണത്തില്‍ അടിയുറച്ച വിശ്വാസമുള്ളയാള്‍ക്ക് സ്വധര്‍മ്മത്തില്‍ നിഷ്ഠയും അതുകൊണ്ട് തന്നെ അന്തഃകരണ ശുദ്ധിയുമുണ്ടാകുന്നു. ശുദ്ധമായ അന്തഃകരണമുള്ളയാള് പരമാത്മാവിനെ സാക്ഷാത്കരിക്കുന്നു. അങ്ങനെയെങ്കിലേ സംസാരത്തെ വേരോടെ നശിപ്പിക്കാനാവൂ.
ശ്രുതി എന്നാല്‍ വേദം. ഇവിടെ വേദാന്തം അഥവാ ഉപനിഷത്ത് എന്നര്‍ത്ഥം. ശ്രുതി വാക്യങ്ങളെ പ്രമാണമായി കരുതണം.അതില്‍ നല്ല ഉറപ്പുണ്ടാക്കണം. ഉപനിഷദ് ജ്ഞാനത്തില്‍ മനസ്സും ബുദ്ധിയും രമിക്കുന്നവര്ക്കാണ് നിഷ്ഠയുണ്ടാവുക.ഇത്പരമ പദത്തെ നേടാനും വഴിയൊരുക്കും. ശ്രുതിയെ പ്രമാണമാക്കിയാലേ സ്വധര്മ്മനിഷ്ഠയുണ്ടാവുകയുള്ളൂ. അതുവഴി അന്തഃകരണ ശുദ്ധിയിലേക്കും തുടര്‍ന്ന് ആത്മസാക്ഷാത്കാരത്തിലേക്കും നയിക്കും.
താന്‍ തന്നെയായ ആത്മാവിന്റെ ധര്‍മ്മമാണ് സ്വധര്‍മ്മം.താന്‍ നിര്‍ബന്ധമായും ചെയ്യേണ്ടതാണ് അത്.സ്വധര്മ്മമെന്നതിന് സ്വവര്ണത്തിനും ആശ്രമത്തിനും യോജിച്ച ധര്‍മ്മം എന്നും അര്‍ത്ഥമുണ്ട്. ഓരോരുത്തരുടേയും കര്‍ത്തവ്യ കര്‍മ്മം തന്നെയാണ് സ്വധര്മ്മമായിത്തീരുന്നത്.
ആത്മജ്ഞാനമുള്ളവര്‍ക്ക് മാത്രമേ ആത്മധര്‍മ്മത്തെ അനുഷ്ഠിക്കാന്‍ കഴിയൂ. ആത്മനിഷ്ഠയില്ലാത്തവര് താന്‍ ദേഹമാണെന്ന അഭിമാനത്തില്‍ പെട്ടു പോകും..ശ്രുതി പ്രഖ്യാപനത്തെ നിസ്വാര്‍ത്ഥമായി സ്വധര്‍മ്മാചരണത്തില്‍ കൊണ്ട് വരുന്നവര്‍ക്ക് അന്തഃകരണം ശുദ്ധമാക്കാനാവും. സ്വധര്‍മ്മനിഷ്ഠനായ സാധകന് തന്റെയുള്ളിലെ രാഗം, ദ്വേഷം തുടങ്ങിയ മാലിന്യങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ കഴിയും.അന്തഃകരണ ശുദ്ധിയാണ് ആദ്ധ്യാത്മിക സാധനയിലെ സുപ്രധാന നാഴികക്കല്ല്. ഉള്ളം തെളിഞ്ഞവര്‍ക്ക് മാത്രമേ ധ്യാനവും ജ്ഞാനവും സാധ്യമാകുകയുള്ളൂ.
അന്തഃകരണശുദ്ധി നേടാനാണ് സാധനകളൊക്കെയും. കര്‍മ്മത്തെ കര്‍മ്മയോഗമായി അനുഷ്ഠിക്കുമ്പോള്‍, നിഷ്കാമായി നിസ്വാര്‍ത്ഥതയോടെ ചെയ്യുമ്പോള്‍ അത് ചിത്തശുദ്ധിയ്ക്ക് വഴിവയ്ക്കും.പഴയ വാസനകള്‍ തീരുകയും പുതിയവ ഉണ്ടാകാതിരിക്കുകയും ചെയ്യും. വാസനകളടങ്ങിയാല് പിന്നെ മനസ്സില്‍ വിക്ഷേപങ്ങളുണ്ടാകില്ല. ഉള്ളം തെളിയും. അതിനെയാണ് ഇവിടെ വിശുദ്ധബുദ്ധി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.വിശുദ്ധ ബുദ്ധികൊണ്ട് വേണം പരമാത്മവേദനം ചെയ്യാന്‍. പരമാത്മാവേദനം എന്നാല്‍ പരമാത്മാവിനെ സാക്ഷാത്കരിക്കലാണ്.വേദനം എന്നത് സമ്യക് ജ്ഞാനത്തെ കുറിക്കുന്നു.വിശുദ്ധമായ ബുദ്ധിക്ക് മാത്രമേ ശ്രുതി വാക്യങ്ങളുടേയും ഗുരു ഉപദേശങ്ങളുടേയും പൊരുളിനെ അറിയാന്‍ കഴിയൂ.പരമാത്മാനുഭവം കൈവരിച്ചവര്‍ക്ക് സംസാരത്തിന്റെ സകലദോഷങ്ങളും വേരോടെയില്ലാതാകും. അവിദ്യയാണ് സംസാരത്തിന്റെ വേരായിരിക്കുന്നത്.
സത്യമായതിനെ അറിയുമ്പോള്‍ മിഥ്യയായ ഒന്നിനും നിലനില്‍പ്പുണ്ടാകില്ല. ആത്മജ്ഞാനിക്ക് മാത്രമേ സംസാരത്തെ വേരോടെ പിഴുതെറിയാനാവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: