തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന നടത്തില്ലെന്ന് കേരള സര്‍ക്കാര്‍. മദ്യ വില്‍പ്പന നിര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ മദ്യ വില്‍പ്പനയില്ലെന്ന് വ്യക്തമാക്കിയത്.
ഓണ്‍ലൈന്‍ മദ്യവ്യാപാരം സര്‍ക്കാരിന് മുന്നിലുള്ള വിഷയമല്ല. പുതിയ ഉത്തരവുണ്ടാകുന്നതുവരെ മദ്യശാലകള്‍ക്കുള്ള നിരോധനം തുടരുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു. മദ്യാസക്തിയുള്ളവര്‍ക്ക് എല്ലാ ജില്ലകളിലും ഡി അഡിക്ഷന് സെന്ററുകളുണ്ട്. അവിടെ പോകാവുന്നതാണ്. ഇവര്‍ക്കായി ഡി അഡിക്ഷന് സെന്ററുകള്‍ കൂടുതല്‍ സജീവമാക്കുമെന്നും ടി.പി. രാമകൃഷ്ണന് അറിയിച്ചു.
അതേസമയം കേരളത്തില്‍ ഓണ്‍ലൈന്‍ വഴി മദ്യം വില്ക്കണമെങ്കില് നിലവിലെ അബ്കാരി നയത്തില്‍ തന്നെ മാറ്റം വരുത്തേണ്ടതുണ്ട്.
ഓണ്‍ലൈന്‍ മദ്യവില്‍പ്പന പ്രായോഗികമല്ലെന്ന് ബവ്റിജസ് കോര്പ്പറേഷന് അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു. 1953ലെ ഫോറിന് ലിക്വര്‍ ആക്ടിലും 2002ലെ അബ്കാരി ഷോപ്പ് ഡിസ്പോസല്‍ റൂള്‍സിലും മാറ്റം വരുത്തുക അത്ര പെട്ടന്ന് പൂര്‍ത്തിയാക്കാവുന്നതല്ല.
കൂടാതെ ഓണ്‍ലൈന്‍ വഴി മദ്യം വില്ക്കാന് തീരുമാനിച്ചാല്‍ വിതരണത്തിനും പ്രയാസമായിരിക്കുമെന്ന് ബീവറേജസ് കോര്പ്പറേഷന് അധികൃതരും അറിയിച്ചിരുന്നു. ഓര്‍ഡര്‍ അനുസരിച്ച് മദ്യം വിതരണം ചെയ്യാനുള്ള ജീവനക്കാര്‍ കോര്‍പ്പറേഷനിലില്ല. ഒരാള്‍ക്ക് വില്‍ക്കുന്ന മദ്യത്തിനും അളവ് നിശ്ചയിക്കേണ്ടതായുമുണ്ട്.
ബീവറേജസ് കോര്‍പ്പറേഷനായി ഒരു കേന്ദ്രീകൃത കംപ്യൂട്ടര്‍ സംവിധാനമില്ലാത്തതും ഓണ്‍ലൈന്‍ വ്യാപാരത്തിന് തടസമായി. ഇതെല്ലാം മുന്നില്‍ കണ്ടാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലേക്ക് ഇറങ്ങുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞത്. അതേസമയം മദ്യശാലകള്‍ അടച്ചത് സാമൂഹിക പ്രശ്നമായി മാറുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. സ്ഥിര മദ്യപാനികള്‍ക്ക് മദ്യം കിട്ടാതെയാകുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കോവിഡിനെക്കാള്‍ മാരകമാകുമോയെന്ന് സംശയമുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: