തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് കേരളം കാലതാമസം വരുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഏഴു ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും കാസര്‍കോട് മാത്രമേ അടയ്ക്കൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ബിവറേജസും ബാറുകളും അടച്ചിടണമെന്ന് എല്ലാവരും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വളരെ വൈകിയാണ് തീരുമാനമെടുത്തതെന്ന് സുരേന്ദ്രന് പറഞ്ഞു. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങളെ ഖണ്ഡിച്ചത്.
കഴിഞ്ഞ ദിവസം ഒരു ഇംഗ്ലീഷ് ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായി വിജയന് കേരളമാണ് ലോക്ക് ഡൗണ്‍ ഉള്‍പ്പടെ എല്ലാം ആദ്യം ചെയ്തത് എന്ന് അവകാശപ്പെട്ടിരുന്നു. കേരളത്തെ മറ്റുള്ളവര്‍ പിന്തുടരുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കൊറോണക്കാലത്ത് വിവാദങ്ങള്‍ പ്രൊത്സാഹിപ്പിക്കപ്പെട്ടു കൂടാ എന്നാണ് തന്റെ അഭിപ്രായം എന്ന ആമുഖത്തോടെയാണ് സുരേന്ദ്രന്റെ പോസ്റ്റ് തുടങ്ങുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ:
‘കൊറോണക്കാലത്ത് രാഷ്ട്രീയമായ വാദവിവാദങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെട്ടുകൂടാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എന്നാല്‍ ഇന്നലെ ഒരു ഇംഗ്ളീഷ് ചാനല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞതും അവതാരകന്റെ അതിശയോക്തി നിറഞ്ഞ നിരീക്ഷണങ്ങളും അതുവെച്ചുകൊണ്ടുള്ള സൈബര്‍ തള്ളുകളും കാണുമ്പോള്‍ മിതമായ വാക്കുകളില്‍ ചിലതു പറയാതെവയ്യ.കേരളം ഇന്ന് ചെയ്യുന്നതാണ് രാജ്യം നാളെ പിന്തുടരുന്നത് എന്ന നിലയിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.ലോക്ക്ഡൗണ്‍ കേരളം നേരത്തെ തുടങ്ങി എന്നതാണ് ഇതിനു ഒരു കാരണമായി പറയുന്നത്. വസ്തുത അതല്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ രാജ്യത്തെ എഴുപത്തഞ്ചു ജില്ലകളില്‍ ലോക്ക് ഡൗണ്‍ വേണമെന്ന് ആവശ്യപ്പെട്ടത്. അതിലേഴുജില്ലകള്‍ കേരളത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പറഞ്ഞത് കാസര്‍ഗോഡുമാത്രമേ ലോക്ക് ഡൗണ്‍ ഉണ്ടാവുകയുള്ളൂ എന്നാണ്. പിന്നീട് ചൊവ്വാഴ്ച രാത്രിവരെ ഈ നില തുടര്‍ന്നു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷമാണ് കേരളവും ആ നിലപാടെടുത്തത്. അപ്പോഴും ലോക്ക്ഡൗണ്‍ കാലമായിട്ടും ബീവറേജസ് ഔട്ട്ലെറ്റുകള് പൂട്ടാന്‍ ബുധനാഴ്ച രാവിലെ പതിനൊന്നുമണി വരെ സര്‍ക്കാര്‍ കാത്തിരുന്നു. ഇനി ഭക്ഷ്യസുരക്ഷയുടെ കാര്യമെടുക്കാം. അരിയുടേയും ഗോതമ്പിന്റേയും കാര്യത്തില്‍ മൂന്നുമാസത്തേക്കുള്ള മുന്‍കൂര്‍ അനുമതി കേരളത്തിന് കേന്ദ്രം നല്കിയ കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയല്ലേ ചെയ്തത്?അതും 27 രൂപയുടെ ഗോതമ്പും 37 രൂപയുടെ അരിയും രണ്ടും മൂന്നും രൂപ നിരക്കില്‍. മാത്രമല്ല കേരളത്തിലെ മുഴുവന്‍ എഫ്. സി. ഐ ഗോഡൗണുകളും ഭക്ഷ്യസാധനങ്ങള്‍ നിറഞ്ഞുകവിഞ്ഞ് കിടക്കുകയുമാണ്. ദുരന്തനിവാരണ പ്രതിരോധഫണ്ടിലുള്ള കേന്ദ്രസഹായം ആവശ്യാനുസരണം ഉപയോഗിക്കാനുള്ള അനുമതിയും കേരളത്തിന് നേരത്തെ ലഭിച്ചതാണ്. കേരളം പ്രഖ്യാപിച്ച ഇരുപതിനായിരം കോടി എവിടെ എന്ന് ചോദിച്ച് ഇനിയും തോമസ് ഐസക്കിനെ പ്രകോപിപ്പിക്കുന്നില്ല. സര്‍ദേശായിയെ വെച്ച് പി. ആര്. പൊടിപൊടിക്കുന്നതൊക്കെ കൊള്ളാം. എന്നാല്‍ എല്ലാവരും വിഡ്ഡികളല്ലെന്ന് ഈ കൊറോണക്കാലത്തും ഓര്‍മ്മിപ്പിക്കേണ്ടിവരുന്നതില്‍ ദുഖമുണ്ട്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: