തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കാലത്ത് രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ ആശ്വാസകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുമെന്ന ഉറപ്പും കേന്ദ്രം നല്‍കിയിട്ടുണ്ട്.
നിത്യവരുമാനക്കാരായവരുംഅസംഘടിതമേഖലയില്‍ ജോലി ചെയ്യുന്നവരുമായവര്‍ക്ക് പ്രതിസസിക്കാലത്ത് ഭക്ഷണവും വേതനവും നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഗോതമ്പ് രണ്ടു രൂപയ്‌ക്കും അരി മൂന്ന് രൂപയ്‌ക്കുമാണ് നല്‍കുക. മൂന്നു മാസത്തേക്ക് ഗോതമ്പും അരിയും മുന്‍കൂറായി സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 27 രൂപ വിലയുള്ള ഗോതമ്പും 37 രൂപ വിലയുള്ള അരിയുമാണ് 2 രൂപയ്‌ക്കും 3 രൂപയ്‌ക്കും നല്‍കുന്നത്.
കൊറോണ രോഗ വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഏറെ ജനോപകാരപ്രദമാണെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രോഗവ്യാപനം തടയാന്‍ എല്ലാവരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നടപടികളും നല്‍കുന്ന നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് ഒറ്റക്കെട്ടായി നില്‍ക്കണമെന്നും സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.
















