1896 മുതല്‍ 1910 വരെയുള്ള കാലയളവില്‍ ഒരു കോടിയോളം പേരാണ് പ്ലേഗെന്ന മഹാമാരി കാരണം ഇന്ത്യയില്‍ മരിച്ചത്. ചൈനയിലാരംഭിച്ച് ഇന്ത്യയിലെത്തിച്ചേര്‍ന്ന ആ മഹാമാരിയുടെ പ്രഹര താണ്ഡവത്തിന് ദ്രുതതാളം കൊടുക്കുന്ന പ്രവര്‍ത്തനമാണ് അന്ന് ഇംഗ്ലീഷ് ഭരണകൂടം ചെയ്തത്. അതേക്കുറിച്ച് ഡോ. ഖാന്‍ഖോജെ എന്ന വിപ്ലവകാരി എഴുതിയത്, 1953 ആഗസ്റ്റ് മാസത്തെ കേസരിയില്‍ പ്രസിദ്ധീകരിച്ചത് ഇങ്ങനെയാണ്: ‘നഗരത്തില്‍ ആര്‍ക്കെങ്കിലും രോഗത്തിന്റെ ലാഞ്ചനയുണ്ടെന്നറിഞ്ഞാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരെ ഗ്രാമപ്രദേശത്ത് കൊണ്ടുപോയി താത്ക്കാലികമായുണ്ടാക്കിയ കുടിലില്‍ മരിക്കാന്‍ ഉപേക്ഷിക്കുകയായിരുന്നു പതിവ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ തങ്ങള്‍ക്കും പ്ലേഗ് ബാധിക്കുമെന്ന ഭയം കാരണം രോഗികളെ പരിശോധിക്കുക പോലും ചെയ്യാതെ അവരെ പ്ലേഗ് ക്യാമ്പുകളിലേക്ക് അയയ്‌ക്കും. സാധാരണ നിലയ്‌ക്ക് രോഗി മരിക്കാനുള്ള സാധ്യതയില്ലെങ്കില്‍പോലും ഭരണാധികാരികളുടെ ഇത്തരം നടപടികള്‍ കാരണം രോഗികളുടെ മരണം ഉറപ്പായിരുന്നു.’ ഒരുലക്ഷം ജനസംഖ്യ ഉണ്ടായിരുന്ന നാഗ്പ്പൂരില്‍ ഒരു ദിവസം മുന്നൂറ് പേര്‍ വരെ മരിച്ച സംഭവങ്ങളുണ്ടെന്ന് രേഖകള്‍ പറയുന്നു.
അന്ന് ഹെഡ്‌ഗേവാര്‍ നാഗ്പ്പൂരിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. വേദാദ്ധ്യയനവും അഗ്‌നിദേവോപാസനയും ‘സ്മാര്‍ത്താഗ്‌നി’ പൂജയും നടത്തിയിരുന്ന ആദരണീയനായ വ്യക്തി. പിന്നീട് ‘ത്രികുണ്ഡ അഗ്‌നിഹോത്ര’ വ്രതവും സ്വീകരിച്ചു. ഉപജീവനത്തിന് പൗരോഹിത്യം തെരഞ്ഞെടുത്തു. പ്ലേഗ് പൊട്ടിപ്പുറപ്പെട്ട ശേഷവും ബലിറാം പന്ത് ഹെഡ്‌ഗേവാര്‍ അടിപതറാതെ ജീവിതചര്യകള്‍ തുടര്‍ന്നു. മഹാമാരി മരണം വിതച്ചപ്പോള്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്ക് പൗരോഹിത്യം വഹിക്കുന്നത് സ്വന്തം കര്‍ത്തവ്യമായി സ്വീകരിച്ച് സമാജത്തോടൊപ്പം നിന്നു. മരണസംഖ്യ നിയന്ത്രണാതീതമായപ്പോള്‍ വിശ്രമമില്ലാതെ, ഭക്ഷണമില്ലാതെ, പലപ്രാവശ്യം അക്കാര്യത്തിനായി പോകേണ്ടതായും വന്നു.
അവസാനം അദ്ദേഹത്തിനും സഹധര്‍മ്മിണി രേവതി ബായിക്കും പ്ലേഗ് ബാധിച്ചു. മാഘമാസ ചതുര്‍ത്ഥി ദിവസം ബലിറാം പന്ത്ജിയും രേവതി ബായിയും കുറച്ച് സമയത്തിന്റെ വ്യത്യാസത്തില്‍ ഇഹലോകവാസം വെടിഞ്ഞു. അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ ഒരേ മഞ്ചത്തില്‍ ശ്മശാനത്തിലേക്ക് കൊണ്ടുപോയി ഒരേ ചിതയില്‍ സംസ്‌കരിക്കുകയും ചെയ്തതോടെ 13 വയസ്സുകാരന്‍ കേശവ് ബലിറാം ഹെഡ്‌ഗെവാറിന്റെയും സഹോദരങ്ങളുടെയും മുന്നില്‍ ആകാശം ഇടിഞ്ഞു വീണ അനുഭവം! ജീവിതം വെല്ലുവിളിയായി.
‘സംഭവങ്ങള്‍ മാറ്റമില്ലാത്തതാണ്, പൂര്‍വ്വ നിശ്ചിതങ്ങളാണ്; സംഭവങ്ങളോടുള്ള മനോഭാവത്തെ മാത്രമാണ് മനുഷ്യന് സ്വയം മാറ്റിയെടുക്കാന്‍ കഴിയൂ’. ദാര്‍ശനീകനായിരുന്ന മുന്‍ രാഷ്‌ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ വാക്കുകളാണിത്. സംഭവങ്ങളും അനുഭവങ്ങളും മിന്നലും ഇടിത്തീയുമായി മുന്നില്‍ വെല്ലുവിളിക്കുമ്പോള്‍ സകാരാത്മകമായി, സക്രിയമായി സമാജത്തിന് വേണ്ടി പ്രതിരോധം തീര്‍ക്കാം. അതില്‍ സകാരാത്മക സമീപനം സ്വീകരിച്ച് വരും തലമുറകള്‍ക്ക് വഴി കാട്ടിയായി മാറി, ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറെന്ന ചരിത്രപുരുഷന്‍.
ഇടയ്‌ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ കര്‍മ്മനിരതനായി ഹെഡ്‌ഗേവാര്‍. അദ്ദേഹത്തിന്റെ ആരാധനാ പുരുഷനായിരുന്ന ബാലഗംഗാധര തിലകന്‍ നയിച്ചിരുന്ന തീവ്രപക്ഷത്തോടൊപ്പമാണ് പാര്‍ട്ടിക്കുള്ളില്‍ നിലയുറപ്പിച്ചത്. ആകസ്മികമായിരുന്നു തിലകന്റെ വേര്‍പാട്. അതിനുശേഷം അരബിന്ദോയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമവുമായി ഡോ. മുഞ്ചെയോടൊപ്പം പോണ്ടിച്ചേരിയിലേക്ക് പോയതിന്റെ ചരിത്ര രേഖകള്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ഡോക്ടര്‍ജിയുടെ സജീവസാന്നിധ്യത്തിന്റെ ആഴം വിളിച്ചറിയിക്കുന്നു. 1920ല്‍ കോണ്‍ഗ്രസിന്റെ സമര പരിപാടികളില്‍ മുന്നില്‍ നിന്ന് ആവേശപൂര്‍വ്വം പോരാടിയതിന് ബ്രിട്ടീഷ് കോടതി ഒരുവര്‍ഷം തടവിലാക്കി. ശിക്ഷ കഴിഞ്ഞ് ജയില്‍ മുക്തനായ അദ്ദേഹത്തെ സ്വീകരിക്കാന്‍ ചേര്‍ന്ന ജനസഭയെ അഭിസംബോധന ചെയ്തത് മോത്തിലാല്‍ നെഹ്‌റുവായിരുന്നു. ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ ആവേശോജ്ജ്വല സഹയാത്രികനായിരുന്നു എന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം.
അക്കാലം വരെ പൊതുജീവിതം പകര്‍ന്നു നല്‍കിയ പാഠത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസെന്ന രാഷ്‌ട്രീയ ധാരകൊണ്ടു മാത്രം ഭാരതത്തിന്റെ ഭാവി ഭദ്രമാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അതിന് ദേശീയതയുടെ ആശയപരമായ വ്യക്തതയും കാലത്തോടും അധിനിവേശ ശക്തികളോടും നേര്‍ക്കുനേര്‍ പോരാടാനുള്ള കര്‍മ്മശേഷിയുമുള്ള വിശാല സ്വയംസേവക സമൂഹം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത അനിവാര്യമാണെന്നും ഡോക്ടര്‍ജിയുടെ മുന്നില്‍ തെളിഞ്ഞുവന്നു. പോരാട്ട വിജയങ്ങളിലൂടെ ഭാരതം സ്വാതന്ത്ര്യം വീണ്ടെടുത്താലും ആ വിജയം നിലനിര്‍ത്തി വിശ്വമാനവികതയ്‌ക്കുതകും വിധം നിലനിര്‍ത്തണമെങ്കില്‍ പൂര്‍ണ പ്രതിബദ്ധതയും വികസിത വ്യക്തിത്വവും ഉള്ളവരുടെ പൊതുകൂട്ടായ്മയായി ഭാരതീയ ജനതയാകെ മാറണമെന്ന ബോധ്യത്തിലാണ് ഡോ കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന് തുടക്കം കുറിച്ചത്.
ചരിത്രത്തില്‍ തന്റെ ഇടം കുറിച്ചിട്ട ഡോക്ടര്‍ജിയെ രാഷ്‌ട്രീയ സ്വയംസേവക സംഘം, ആദ്യത്തെ പരമ പൂജനീയ സര്‍സംഘ ചാലക് പദവി നല്‍കി പ്രണാം ചെയ്തു. അദ്ദേഹത്തിന്റെ സ്മരണയ്‌ക്കു മുമ്പില്‍ കോടിക്കണക്കിനു ഗണവേഷധാരികളായ സ്വയംസേവകരോടൊപ്പം മാനവീയതയുടെ മാനബിന്ദുക്കളും പ്രണാം ചെയ്ത് വര്‍ഷപ്രതിപദ ആചരിക്കുന്നു. ഭവ്യമായ ആ സന്ദര്‍ഭത്തില്‍ മാനവസമൂഹത്തിനായി ഡോക്ടര്‍ജി സ്വജീവിതം കൊണ്ട് നല്‍കിയ സംഭാവന വിലയിരുത്തുന്നത് സമൂഹത്തിന് അനിവാര്യമാണ്. അങ്ങനെയൊരു വിലയിരുത്തലിന് ആശയപരമായി ഡോക്ടര്‍ജിയുമായി എന്നും അകലം പാലിച്ചിരുന്നവരുടെ പരാമര്‍ശങ്ങള്‍ വഴിയൊരുക്കും.
1966-68 പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാജ്യസഭാംഗമായിരുന്ന ദത്തോപന്ത് ഠേംഗ്ഡിയുമായി പാര്‍ലമെന്റിലെ ചില കമ്യൂണിസ്റ്റ് അംഗങ്ങള്‍ നടത്തിയ അനൗപചാരിക സംഭാഷണം ഡോക്ടര്‍ജിയെ സംബന്ധിച്ച് ആധികാരികമായ ഒരു വിലയിരുത്തലിലാണ് അവസാനിച്ചത്. തങ്ങളുടെ പതിവുരീതിയില്‍ പരിഹസിക്കാന്‍ തയാറായ സഖാക്കളിലോരാള്‍ ചോദിച്ചു: ‘ഡോ. ഹെഡ്‌ഗേവാര്‍? അങ്ങനെയൊരു പേര് ഞാന്‍ മുമ്പ് കേട്ടിട്ടേയില്ലല്ലോ?’ സഖാവ് ബാലചന്ദ്രമേനോനെന്ന മറ്റൊരു കമ്യൂണിസ്റ്റ് എംപി ആ ചോദ്യം കേട്ട് പ്രകോപിതനായി. തന്റെ അതൃപ്തി പ്രകടിപ്പിച്ചു: ‘മഹാന്മാരെ പറ്റി ഇത്ര ലാഘവത്തോടെ പരാമര്‍ശിക്കരുത്’. സഖാവ് മേനോന്റെ പ്രസ്താവന മറ്റു സഖാക്കളുടെ അസഹിഷ്ണത വര്‍ദ്ധിപ്പിച്ചു. 26 വര്‍ഷം മുമ്പ് 1940ല്‍ മരിക്കുമ്പോള്‍ ഡോക്ടര്‍ജി താരതമ്യേന തീര്‍ത്തും അപ്രശസ്തനായിരുന്നെന്നതും രണ്ടോ നാലോ വര്‍ഷങ്ങള്‍ക്കു മുമ്പ് 1964ല്‍ മരിക്കൂമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റു ലോകപ്രശസ്തനായിക്കഴിഞ്ഞിരുന്നു എന്നതും സൂചിപ്പിച്ചു കൊണ്ട് ഒരു ചോദ്യം ചോദിച്ചു. ‘ഇന്ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് മരിക്കാന്‍ തയാറുള്ള എത്ര പേരുണ്ടാകും, ഡോക്ടര്‍ ഹെഡ്‌ഗെവാറിന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി മരിക്കാന്‍ എത്ര പേരുണ്ടാകും?’ മറുപടിയും സഖാവ് മേനോന്‍ തന്നെ പറഞ്ഞു: ‘പണ്ഡിറ്റ് നെഹ്‌റുവിന്റെ ആദര്‍ശങ്ങള്‍ക്കായി ആത്മസമര്‍പ്പണം ചെയ്യാന്‍ രാജ്യത്ത് അന്‍പതു പേര്‍പോലും ഇന്നു മുന്നോട്ടുവരാനുണ്ടാകില്ല. ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ആദര്‍ശങ്ങള്‍ക്കുവേണ്ടി ലക്ഷക്കണക്കിന് യുവാക്കള്‍ മുന്നോട്ടു വരുമെന്ന് നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ’ എന്നു പറഞ്ഞ മേനോനോട് ‘ഒടുവില്‍, എന്താണ് മഹത്വത്തിന്റെ ഉരകല്ല്?’ എന്നായി സഖാക്കള്‍. അദ്ദേഹം നല്‍കിയ മറുപടിയാണ് ‘ഭാവികാലത്തേക്കുള്ള ഒരാളുടെ നിഴലിന്റെ നീളം.
അങ്ങനെ ഭാവി ലോകത്തിന് വേണ്ടി ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ ബാക്കിവെച്ച നിഴലിന്റെ പ്രതലത്തില്‍ ഒരുങ്ങിയ സംഘശാഖയില്‍ മുഴങ്ങിയ വിസില്‍ കേട്ട് സംപദ ചെയ്താണ് ഗുജറാത്തിലെ കൊച്ചു വീടിന്റെ പരിമിതിയില്‍ നിന്നും നരേന്ദ്ര ദാമോദര്‍ദാസ് മോദി സമാജത്തിന് വേണ്ടിയുള്ള സമര്‍പ്പണത്തിന്റെ ബാലപാഠം പഠിച്ചത്.
9497450866
പ്രതികരിക്കാൻ ഇവിടെ എഴുതുക: