കൊറോണയുടെ സമൂഹവ്യാപനവും നമസ്തെയും തമ്മിലെന്ത് ബന്ധം? ലോകം അടച്ചുപൂട്ടി വീട്ടിലിരിക്കുമ്പോള്‍ ഏറെ പ്രസക്തിയുള്ളൊരു ചോദ്യം. നമസ്തെയ്ക്കൊരു പ്രതിരോധ ദൗത്യമുണ്ട്. ലോകജനത അത് കണ്ടുപഠിക്കണം. മാതൃകയാക്കണം. കൈകള്‍ കൂപ്പി, കണ്ണടച്ച്, തലയല്പം കുനിച്ചുള്ള ഭാരതീയരുടെ അഭിവാദ്യ രീതിയാണ് ‘നമസ്തെ! ‘ ഹൃദയപൂര്‍വം, പരസ്പരം സ്വാഗതം ചെയ്യാന്‍ ഇതിലും നല്ലൊരു ഭാവപ്രകടനവും അംഗവിക്ഷേപവുമില്ല. തീര്‍ത്തും ഭാരതീയം. പക്ഷേ, നമസ്തെയ്ക്കു പകരം പാശ്ചാത്യരുടെ ഹസ്തദാനം ശീലമാക്കിയവരാണ് നമ്മള്. നമഃ(നമിക്കുന്നു), തെ(അങ്ങയെ) എന്ന രണ്ട് സംസ്കൃതപദങ്ങളുടെ സങ്കലനത്തിന് കൊറോണ വ്യാപനത്തോടെ കാലിക പ്രാധാന്യം പതിന്മടങ്ങാണ്.
കൈകളിലൂടെയാണ് കൊറോണയുടെ പകര്‍ച്ച ത്വരിതപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. അതുകൊണ്ടിനി നമസ്തെ മതി. ഹസ്തദാനം വേണ്ട. കൈകളില്‍ നിന്ന് കൈകളിലേക്ക് കയറി രോഗാണു പടര്‍ന്നു പന്തലിക്കാതിരിക്കട്ടെ. നമസ്തെയിലൂടെ ആദരവും സ്വാഗതവും പ്രകടിപ്പിക്കുമ്പോഴുള്ള ശരീരചലനത്തിനൊരു ശാസ്ത്രീയതയുണ്ട്. ഹൃദയചക്രത്തിനുനേരെ കൈകള്‍ കൂപ്പി നില്ക്കുമ്പോള് അത് നമുക്കുള്ളിലെ ദിവ്യചൈതന്യധാരയെ കൂടുതല്‍ ഊര്ജസ്വലമാക്കുന്നു. കണ്ണുകളടച്ച് തലകുനിച്ച് ഹൃദയചക്രത്തിനു നേരെ കൈകള്‍ ചേര്‍ത്ത് കൂപ്പുമ്പോഴുള്ള ധ്യാനാത്മക ഭാവത്തിലൂടെ മനസ്സും ആ ചൈതന്യത്തിന് കീഴടങ്ങുന്നു. നമിച്ച് അഭിവാദ്യം ചെയ്യപ്പെടുന്ന രണ്ട് വ്യക്തികള്‍ക്കിടയിലെ ബഹുമാനവും ആത്മബന്ധവും ശക്തമാകുന്നു. നിന്നിലെ സ്വത്വത്തെ ഞാന്‍ ആദരിക്കുന്നുവെന്നും അതിന് അര്‍ഥമുണ്ട്.
ഹൈന്ദവ, ബുദ്ധ പാരമ്പര്യം പിന്തുടരുന്ന നേപ്പാള്‍, ശ്രീലങ്ക,ഭൂട്ടാന് ബര്‍മ, കംബോഡിയ,തായ്ലാന്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അഭിവാദ്യസൂചകം കൂപ്പു കൈകളാണ്. ‘വായ്’ എന്ന് മനോഹരമായി മൊഴിഞ്ഞാണ് തായ്ലാന്റുകാര്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത്. നമ്മള് നമസ്തെ പറയുന്ന അതേ അംഗചലനത്തോടെ. ‘ഞങ്ങള്‍ തുറന്ന മനസ്സുള്ളവരാണ്, സമാധാനപ്രിയരാണ്. ഞങ്ങളുടെ കൈയില്‍ ആയുധങ്ങളില്ല’ തുടങ്ങി ‘വായ്’ ക്ക് അര്‍ഥവ്യാപ്തിയും പലതുണ്ട്.
തലകുനിക്കുന്നതും കൈകൂപ്പുന്നതും പ്രായവും പദവിയുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ക്ഷമചോദിക്കുമ്പോഴും’തായ്ലാന്റുകാര്‍ ഈ വാക്ക് ഉപയോഗിക്കുന്നു. ജപ്പാനിലും പരസ്പരം തലകുനിച്ചാണ് ആദരവ് പ്രകടിപ്പിക്കുതും സ്വാഗതമരുളുന്നതും. മുമ്പ് കാല്‍മുട്ട് ഊന്നിയിരുന്ന ശേഷം മുന്നോട്ടു കുനിഞ്ഞായിരുന്നു ജപ്പാന് ജനതയുടെ അഭിവാദ്യം. അവിടെയും പുതുതലമുറ ഹസ്തദാനത്തിലേക്ക് മാറിയെങ്കിലും പുതിയ സാഹചര്യങ്ങള്‍ അവരെ മാറ്റി ചിന്തിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: