കോഴിക്കോട്: ജില്ലാ കളക്ടര്‍ 144 അനുസരിച്ചുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും വകവയ്ക്കാതെ ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് മുമ്പില്‍ വന്‍ ആള്‍ക്കൂട്ടം. വടകരയിലെ ബിവറേജ് ഔട്ട്ലെറ്റിലെത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ഇന്നലെ ലാത്തിവീശി. എക്സൈസ് മന്ത്രിയുടെ മണ്ഡലമായ പേരാമ്പ്രയിലും തിരക്കൊഴിവാക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നു. കഴിഞ്ഞ ദിവസം രണ്ട് കൊേറാണ കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്ടര്‍ ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
കോഴിക്കോട് നഗരത്തിലെയും ജില്ലയിലെ മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലെയും ബിവറേജസ് ഔട്ട്ലെറ്റുകളുടെ മുന്നില്‍ ഇന്നലെ രാവിലെ മുതല്‍ നീണ്ട വരി ആയിരുന്നു. അഞ്ചുപേരില്‍ കൂടുതല്‍ പേര് ഒരേസമയം മദ്യം വാങ്ങാന്‍ എത്തരുത് തുടങ്ങിയ കര്‍ശന നിയന്ത്രണങ്ങളെല്ലാം ലംഘിക്കപ്പെട്ടു.
വടകരയില്‍ ഇരുന്നൂറോളം പേര് ക്യൂവില്‍ തിക്കിത്തിരക്കിയതോടെ ഇവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. വടകരയുമായി അതിര്‍ത്തി പങ്കിടുന്ന മാഹിയില്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിട്ടതോടെ അവിടെ നിന്നുള്ളവര്‍ കൂടി വടകരയിലേക്ക് എത്തിയതാണ് തിരക്കിന് കാരണമായത്.
കോഴിക്കോട് നഗരത്തിലെ പാവമണി റോഡ്, അരയിടത്തുപാലം, വേങ്ങേരി കരിക്കാംകുളം, തിരുവമ്പാടി, പേരാമ്പ്ര എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും ഇന്നലെ രാവിലെ മുതല്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്ലെറ്റില് മദ്യം വാങ്ങാന്‍ എത്തിയവര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയിലെത്തി. പോലീസ് ഇടപെട്ട് ആളുകളെ നീക്കുകയായിരുന്നു.
കൊറോണ വൈറസ് ബാധ സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലുള്ളപ്പോള്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് ജില്ലാ ഭരണകൂടത്തിനും പോലീസിനും തലവേദനയാകുന്നു.
വരുംദിവസങ്ങളില്‍ മദ്യശാലകള്‍ അടച്ചിടുമെന്ന അഭ്യൂഹമാണ് ബിവറേജസുകളിലെ തിരക്കിന് കാരണം. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ബിവറേജസ് ഔട്ടലെറ്റുകള്‍ അടച്ചിടണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: