കൊച്ചി: സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏഴു പതിറ്റാണ്ടില്‍ ആരോഗ്യ മേഖലയെ അവഗണിച്ചതിന്റെ അനുഭവം തുറിച്ചു നോക്കുന്ന കാലമാണിന്ന്. 2019 വരെയുള്ള ദേശീയ ആരോഗ്യ റിപ്പോര്‍ട്ടു പ്രകാരം 25,778 പൊതു (സര്‍ക്കാര്‍) ആശുപത്രികളാണ് രാജ്യത്ത്. ഇവയിലെല്ലാംകൂടി ആകെ ഉള്ളത് 7,31,986 കിടക്കകളും. ഗ്രാമീണ മേഖലയിലെ പൊതു ആശുപത്രികളുടെ എണ്ണം 4,375 മാത്രമാണ്. 44,871 കിടക്കകളും. ഇത് കൊറോണ പോലുള്ള സാംക്രമിക രോഗ ബാധാ വേളയില്‍ തീരെ അപര്യാപ്തമാണ്.
പതിനാറ് സംസ്ഥാനങ്ങളില്‍നിന്നുള്ള കണക്കുകള്‍ പ്രകാരം ഗ്രാമീണ ആശുപത്രികള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ്. എല്ലാ സംസ്ഥാനങ്ങളിലെയും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളായാണ് പരിഗണിക്കുന്നത്. അതായത് കൊറോണ പോലുള്ള രോഗങ്ങള്‍ക്ക് ചികിത്സ പോയിട്ട്, ഐസൊലേഷനോ നിരീക്ഷണമോ പോലും അസാധ്യമായ കേന്ദ്രങ്ങളാണവ.
ഇനി ചികിത്സകരുടെ കാര്യം എടുത്താല്‍, രാജ്യത്താകെ 11,54,686 അലോപ്പതി ഡോക്ടര്‍മാരാണ്. ഇവരില്‍ 1,16,757 പേരേ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. അതായത് ഡോക്ടര്‍മാരുടെ വലിയ കുറവാണ് ചികിത്സാ രംഗത്ത്. നഴ്സുമാരുടെ കാര്യത്തിലും സര്‍ക്കാര്‍ മേഖലയില്‍ വലിയ വിടവുണ്ട്. 54,099 ആണ് നഴ്സുമാരും 2,19,326 നഴ്സുമാരുമാണ് സര്‍ക്കാര്‍മേഖലയില്‍. നഴ്സുമാരില്‍ അധികവും പ്രസവ- ശിശു ചികിത്സകളില്‍ പരിശീലനം നേടിയവരുമാണ്.
കൊറോണാ കാലത്തെ പരിശോധനകളില്‍ ശരീരോഷ്മാവിന്റെയും മറ്റും പേരില്‍ നിരീക്ഷണത്തിലോ ഐസൊലേഷനിലോ കഴിയുന്ന 80 ശതമാനം പേര്‍ക്കും ചികിത്സ ആവശ്യമില്ലാത്തവരായിരിക്കും എന്നതാണ് പൊതുവേ കാണുന്ന പ്രവണത. പക്ഷേ, രോഗം പകരാതിരിക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിചരണവും സംരക്ഷണവും വേണം. ആശുപത്രികള്‍ ആളെക്കൊണ്ട് നിറഞ്ഞാല്‍, മേല്‍പ്പറഞ്ഞ കണക്കുകള്‍ പ്രകാരമുള്ള കരുത്ത് പോരാതെ വരും താങ്ങാന്‍.
അടുത്തത് ചികിത്സാ ചെലവാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കു പ്രകാരം ഒരാളില്‍ പരിശോധനയ്ക്ക് 4,500 രൂപ വേണം. രാജ്യത്താകെ 106 സാമ്പിള്‍ ശേഖരണ കേന്ദ്രമുണ്ടെങ്കിലും പൂനെ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേ പരിശോധന നടക്കൂ. ഇപ്പോള്‍ ന്യുമോണിയ ബാധിച്ച എല്ലാവരേയും പരിശോധിക്കണമെന്നും നിര്‍ദേശമായി. ഐസിഎംആര്‍ ആഹ്വാനമനുസരിച്ച് സ്വകാര്യ ലാബുകളിലും പരിശോധനാ സംവിധാനം തയാറായിട്ടുണ്ട്.
സ്വകാര്യ മേഖലയുടെ സഹകരണവുംകൂടി ഉറപ്പാക്കിയാലേ, നിലവിലെ അവസ്ഥയില്‍ നിന്ന് കൂടുതല്‍ മോശംസ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോയാല്‍ നിയന്ത്രിക്കാനാവൂ. ദല്‍ഹിയില്‍ സ്വകാര്യ ആശുപത്രികളെ വേണ്ടിവന്നാല്വിനിയോഗിക്കാന് സജ്ജമായിരിക്കണമെന്ന നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: