കൊറോണയുടെ ആഘാതത്തില്‍ നിന്ന് ലോക സമ്പദ്വ്യവസ്ഥയ്ക്ക് കരകയറാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 2008-ലെ ലോക സാമ്പത്തിക മാന്ദ്യത്തെക്കാള്‍ വലിയ ദുരന്തമാകും അഭിമുഖീകരിക്കേണ്ടി വരിക. ചൈനയില്‍ തുടക്കം കുറിച്ച് കൊറോണ ഇതിനകം 192 രാജ്യങ്ങളിലായി മൂന്നരലക്ഷത്തോളം ജനങ്ങളെ ബാധിച്ചുകഴിഞ്ഞു.
ഓഹരി വിപണി കൂപ്പുകുത്തുന്നു
ലോകത്തെ ഒന്നാംനിര കമ്പനികളുടെ ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന വിപണികള്‍ എല്ലാം തന്നെ ഗുരുതരമായ തകര്‍ച്ചയാണ് നേരിടുന്നത്. അമേരിക്കയുടെ ഡൗ ജോണ്‍സ്, ജപ്പാന്റെ നിക്കേയി, ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് തുടങ്ങിയ ഒന്നാംനിര ഓഹരി സൂചികകള്‍ മൂന്നാഴ്ച കൊണ്ട് 30 ശതമാനത്തിലേറെ കൂപ്പുകുത്തി. ഇന്ത്യന്‍ ഓഹരി വിപണിയിലും സ്ഥിതി ഭിന്നമല്ല. ഓഹരി വിപണി മൂല്യത്തില്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ഒറ്റയടിക്ക് ചോര്‍ന്നതോടെ നിരവധി പെന്ഷന്, സമ്പാദ്യ പദ്ധതികള്‍ തകര്‍ച്ച നേരിടുന്നു. 1987 നു ശേഷം ഓഹരി വിപണികള്‍ നേരിടുന്ന ഏറ്റവും വലിയ വീഴ്ചയില്‍ പലതവണ ഓഹരി കൈമാറ്റങ്ങള്‍ നിശ്ചലമായി. കൊറോണ വൈറസ് സാമ്പത്തിക വളര്‍ച്ചയെ പൂര്‍ണമായി ഇല്ലാതാക്കുമെന്നും സര്‍ക്കാര്‍ നടപടികള്‍ ഇതു നേരിടാന്‍ ഫലപ്രദമാവില്ലെന്നും നിക്ഷേപകര്‍ ഭയപ്പെടുന്നു. അമേരിക്കയും ഇംഗ്ലണ്ടും അടക്കം 50 രാജ്യങ്ങള്‍ പലിശ നിരക്കുകള്‍ കുറച്ചെങ്കിലും വിപണിയില്‍ അനുകൂല ഫലങ്ങള്‍ ഒന്നും ദൃശ്യമായില്ല. പലിശ നിരക്ക് കുറയുമ്പോള്‍ സംരംഭകര്‍ മുന്നോട്ട് വരുമെന്ന് പ്രതീക്ഷ അസ്ഥാനത്താണ്.
വിനോദ സഞ്ചാര മേഖല തകര്‍ന്നു
നൂറോളം രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയതോടെ വിനോദ സഞ്ചാരമേഖല പൂര്‍ണമായും നിശ്ചലമായി. ലോകത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി. യൂറോപ്യന്‍ യൂണിയന് മുപ്പത് ദിവസത്തേക്ക് പുറമെ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് കല്പ്പിച്ചു. ഈ വിലക്ക് 48000 വിമാന സര്‍വീസുകളെയും ഒരു കോടി യാത്രക്കാരെയും ബാധിക്കും. എയര്‍ ഫ്രാന്‍സ്, ലുഫ്ത്താന്‍സ എമിറേറ്റസ്, കെ.എല്‍.എം. ക്വത്തര്‍ എയര്‍വേസ് ഡെല്‍റ്റ തുടങ്ങിയ ഒന്നാംനിര വിമാന കമ്പനികള്‍ പ്രതിസന്ധിയിലാണ്. അമേരിക്ക പുറമെ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതോടെ അവിടെയും വിനോദസഞ്ചാര മേഖല നിശ്ചലമാണ്. കഴിഞ്ഞ സെപ്തംബര്‍ വരെയുള്ള 12 മാസക്കാലത്ത് നാല് ലക്ഷത്തിലേറെ ചീനക്കാരാണ് ബ്രിട്ടണില്‍ എത്തിയത്. ഒരാള്‍ ശരാശരി 1600 പൗണ്ട് വീതം ചെലവഴിച്ചു. ഇതില്‍നിന്നും ബ്രിട്ടന്റെ നിലവിലെ നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.
ഫാക്ടറി ഉല്‍പ്പാദനം കുറയുന്നു
ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാഷ്ട്രമായ ചൈനയുടെ ഫാക്ടറി ഉല്‍പ്പാദനം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഗണ്യമായി കുറഞ്ഞു. ചൈനയിലെ പല വന്‍കിട നിര്‍മാണശാലകളും അടഞ്ഞു കിടക്കുകയാണ്. അവരുടെ ഉല്‍പ്പാദനത്തില്‍ 13.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാസ പുറത്തിവിട്ട ചൈനയുടെ ഭൂപടങ്ങളില്‍, തെളിഞ്ഞ ആകാശം ദൃശ്യമാണ്. ഫാക്ടറികളുടെ പുകക്കുഴലുകള്‍ നിശ്ചലമായതാണ് ഇതിനു കാരണം.
നിസാന്‍, ഫോക്സ് വാഗന്, ഹോണ്ട, ജി.എം. തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കള്‍ അവരുടെ പ്ലാന്റുകള്‍ ഓരോന്നായി അടച്ചുപൂട്ടുകയാണ്. ഇവര്‍ക്കുവേണ്ടി അനുബന്ധഘടകങ്ങള്‍ നിര്‍മിക്കുന്ന ആയിരക്കണക്കിനു ഫാക്ടറികളും അടഞ്ഞുകിടക്കുന്നു. ചൈനയിലെ കാര്‍ വില്‍പ്പനയില്‍ ഫെബ്രുവരിയില്‍ 92 ശതമാനം ഇടിവാണ് ഉണ്ടായത്.
എണ്ണ വില കുറയുന്നു
2008-ല്‍ അസംസ്കൃത എണ്ണയുടെ വില വീപ്പയ്ക്ക് 140 ഡോളറില്‍ എത്തിയിരുന്നു. ഇപ്പോള്‍ അത് 26 ഡോളര്‍ വരെ എത്തിനില്‍ക്കുന്നു. 2001 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളും റഷ്യയും തമ്മിലുള്ള തര്‍ക്കമാണ് എണ്ണ വില ഇടിവിനു തുടക്കം കുറിച്ചതെങ്കിലും കൊറോണ ഈ തകര്‍ച്ചക്ക് ആക്കം കൂട്ടി.
സാമ്പത്തിക പ്രതിസന്ധികളില്‍ സാധാരണയായി സ്വര്‍ണമാണ് ഏറ്റവും സുരക്ഷിത നിക്ഷേപം. മാര്‍ച്ച് തുടക്കം വരെ ഇതുതന്നെയായിരുന്നു സ്ഥിതിയെങ്കിലും ഇപ്പോള്‍ മാന്ദ്യത്തെക്കുറിച്ചുള്ള ആധി രൂക്ഷമായതോടെ സ്വര്‍ണത്തിനും വിലയിടിയുകയാണ്.
ലോക സാമ്പത്തിക വളര്‍ച്ച 2008 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തുമെന്ന് സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള അന്താരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്കി. ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയും തൊഴിലാളികള്‍ വീട്ടില്‍ ഇരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ലോക വളര്‍ച്ചാ നിരക്ക് 1.5 ശതമാനമാകും. ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തികളെല്ലാം മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സംഘടനയുടെ സെക്രട്ടറി ജനറല്‍ ഏഞ്ചല്‍ ഗുറിയ മുന്നറിയിപ്പ് നല്കി. 2001 സെപ്തംബര്‍ 11 ലെ ഭീകരാക്രമണത്തിലും, 2008-ലെ സാമ്പത്തിക പ്രതിസന്ധിയിലും സംഭവിച്ചതിനേക്കാളും വലിയ തകര്‍ച്ചയാണ് ഇപ്പോള്‍ നേരിടുന്നത്. ഇതുമൂലം സാമ്പത്തിക മുരടിപ്പോ സാമ്പത്തിക തകര്‍ച്ചയോ സംഭവിക്കാം. ഇത് എത്രകാലം നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കാനാവില്ല എന്ന് അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: