സൂര്യ,നീ വിഷ്ണു , ആകാശമേ പാല്ക്കടല്
സവിതാവു നീ ; സത്യവെളിപാടു നീ
അന്നത്തിനാധാരം നീയാം വെളിച്ചം
ജ്ഞാനത്തിനാധാരം നീയാം തെളിച്ചം.
നീയെന്ന വിണ്പ്രതിഭയില്ലായിരുന്നെങ്കില്
ഭൂമിയന്ധര് തന് നികേതമാകും !
ജീവന്റെ ജലധാര പരിശുദ്ധമാക്കുവാന്‍
നീ പകര്‍ന്നീടുന്നു പ്രാണവായു,
സസ്യങ്ങള്‍ തന്നിലകള്‍ തോറുമിംഗാലാമ്ലം
വര്‍ഷിച്ചു പാകമാക്കുന്നന്നജം .
സൂര്യ,നിന് ധര്‍മ്മകര്‍മ്മങ്ങളാല്‍ ഞങ്ങളീ
ഭൂമി തന് മക്കളായ് വാണിടുന്നു.
കടലിലെ നീരു നീ നീരാവിയാക്കുന്നു
അവ മേഘജാലമായ് നീങ്ങിടുന്നു..
ഉയരങ്ങളില്‍ നിന്നു കാര്മേഘപാളികള്
കുളിര്‍മാരിയായ് മണ്ണില്‍ പെയ്തിടുന്നു…
ഈ പ്രപഞ്ചത്തിന്റെ ജ്ഞാനബോധത്തെ നീ —
യുള്ക്കൊണ്ടിടുന്നോരോ കിരണത്തിലും
നിന് പ്രസാദോത്സവം പൂനിലാപ്പുളകമായ്
ചന്ദ്രനീ ഭൂമിയില്‍ തൂവിടുന്നു….
പകലില്ല, നിശയില്ല നീ ജ്വാലയെപ്പോഴും
ദിനരാത്രഭേദം ഞങ്ങള്‍ക്കു മാത്രം !
ഏതു ചരം എതചരമെന്നുള്ളതും
കാട്ടിത്തരുന്നതാ കാരുണ്യമേ ….
വിശ്വമാമത്ഭുതത്തിന്റെ നിത്യതയെയും
അനിത്യതയെയുമൊന്നായി കണ്ടീടുവാന്‍
ജാതവേദസ്സല്ല ഞാനെന്നിരിക്കിലും
എന്‍ നിശയും നിന് പകലെന്നറിയുന്നു ഞാന്‍
അകലത്തു നില്ക്കുന്ന വ്യാഴ ഗ്രഹത്തിലും
അരികത്തു നില്ക്കുന്ന ബുധനിലും നീ
നിന് കരാംഗുലികളാല്‍ തൊട്ടിടുന്നു -നിന്റെ
ജ്ഞാനമേ കനിവായ് ചൊരിഞ്ഞിടുന്നു.
എന്‍ മുന്നില്‍ ദീപമായ് തെളിയുന്നു നീ
എന്നടുപ്പില്‍ അന്നമാകുന്നു നീ
എന്‍ കണ്ണിന് കാഴ്ചയായ് മാറുന്നു നീ
എന്നുള്ളില്‍ ജീവനായ് നിറയുന്നു നീ.
സൂര്യ,നീ തന്നെയാണെന് വാഴ്വും ജീവനും
സൂര്യ, നീ തന്നെയാണെന് മൃത്യുവും
ശ്രീകുമാരന്‍ തമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: