കൊച്ചി: കേരളത്തില്‍ കൂടുതല്‍ പേരിലേക്ക് കൊറോണ വൈറസ് പടര്‍ന്നതോടെ ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. ബേപ്പൂരില്‍ നിന്ന് ഇന്ന് ഉച്ചക്ക് പുറപ്പെടുന്ന കപ്പലിന് ശേഷം ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കപ്പല്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല. ചരക്ക് കപ്പല്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
നേരത്തെ തന്നെ ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിദേശ സഞ്ചാരികള്‍ക്കാണ് ആദ്യം വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ആഭ്യന്തര സഞ്ചാരികള്‍ക്കും ബാധകമാക്കുകയായിരുന്നു. ദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരുന്നു. കൊറോണ ബാധിത മേഖലകളില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളില്‍ നിന്ന് വൈറസ് പടരുന്നതിനുള്ള സാധ്യത കണക്കിലെടുത്താണ് ലക്ഷദ്വീപില്‍ വിനോദസഞ്ചാരത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ മാസം 31വരെയാണ് നിരോധനം. ആവശ്യമെങ്കില്‍ ഇത് കൂടുതല്‍ ദിവസത്തിലേക്ക് നീട്ടും. ദ്വീപിലെ ടൂര്‍ പാക്കേജുകള്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ക്ക് പണം തിരികെ നല്‍കുമെന്നും ലക്ഷദ്വീപ് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: