ന്യൂദല്‍ഹി: വൈകിട്ട് അഞ്ച് മണി. രാജ്യം മുഴുവന്‍ ഒരുമിച്ച് ശബ്ദിച്ചു. അവരുടെ ഹീറോകള്‍ക്ക് വേണ്ടി. ചിലര്‍ കൈയടിച്ചു. മറ്റ് ചിലര്‍ ശംഖുവിളിച്ചും മണി മുഴക്കിയും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും കൂടെച്ചേര്‍ന്നു. ഗിറ്റാര്‍ വായിച്ചും ഓടക്കുഴല്‍ വിളിച്ചും സര്‍ഗാത്മകമാക്കി. സ്വന്തം ജീവന്‍ പോലും അവഗണിച്ച് മഹാമാരിയെ തടുത്തുനിര്‍ത്തി രാജ്യത്തെ നിലനിര്‍ത്താനുള്ള പോരാട്ടത്തിലേര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഇന്ത്യയൊന്നാകെ കരഘോഷം മുഴക്കി ജനങ്ങള്‍ പ്രഖ്യാപിച്ചു-നിങ്ങള്‍ ഒറ്റയ്‌ക്കല്ല, ഈ രാജ്യം കൂടെയുണ്ട്. ആ ശബ്ദം ഈ രാജ്യത്തിനും കൂടിയുള്ളതായിരുന്നു.
ജനതാ കര്‍ഫ്യൂ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനായി കൈയടിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ കൃത്യം അഞ്ച് മണിക്ക് തന്നെ ഇത് ആരംഭിച്ചു. വീടുകളുടെ ടെറസുകളിലും ബാല്‍ക്കണിയിലും മുറ്റത്തുമിറങ്ങിയും രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം ഒരേ സമയത്ത് ശബ്ദം മുഴങ്ങി. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പങ്കാളികളായി. ഇത് അഞ്ച് മിനിറ്റ് വരെ നീണ്ടു. ക്രിസ്ത്യന്‍ പള്ളികളില്‍ മണി മുഴക്കി വിശ്വാസികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദല്‍ഹി ജുമാ മസ്ജിദില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കരഘോഷം മുഴക്കി.
രാഷ്‌ട്രീയമുള്‍പ്പെടെ എല്ലാ വ്യത്യാസങ്ങളും മാറ്റിവെച്ച് ഇന്ത്യയൊന്നടങ്കം ഒരൊറ്റ ജനതയായി. എന്‍സിപി നേതാവ് ശരത് പവാര്‍, മകള്‍ സുപ്രിയ സുലെക്കൊപ്പമാണ് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ചത്. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, കേന്ദ്രമന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ കുടുംബത്തോടൊപ്പം പങ്കുചേര്‍ന്നു. ചലച്ചിത്രതാരങ്ങള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ആവേശത്തോടെ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: