തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തടയാന്‍ രോഗം സ്ഥിരീകരിച്ച ജില്ലകളില്‍ കര്‍ശന നിയന്ത്രണത്തിന് നിര്‍ദ്ദേശം. രാജ്യത്ത് രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് നടപടി. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. അതേസമയം കാസര്‍കോട്ടെ നിയന്ത്രണം കൂടുതല്‍ കര്‍ശനമായതോടെ ജില്ല അടച്ചുപൂട്ടലിന് സമാനമാണ്.
രോഗം സ്ഥിരീകരിച്ച 75 ജില്ലകളില്‍ അടിയന്തര സേവനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ഓരോ സംസ്ഥാനത്തിനും അവരുടെ സ്ഥിതി അനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും നിര്‍ദ്ദേശത്തിലുണ്ട്. കാബിനറ്റ് സെക്രട്ടറി വിളിച്ചുചേര്‍ത്ത ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ഇതിനു പിന്നാലെയാണ് ജനതാ കര്‍ഫ്യൂ കേരളത്തില്‍ ഇന്നലെ രാത്രി ഒന്‍പതു മണിക്കു ശേഷവും തുടരുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചത്.
കടകള്‍ അടയ്‌ക്കില്ല
ഏഴ് ജില്ലകള്‍ അടയ്‌ക്കുന്ന കാര്യവും ചീഫ്‌സെക്രട്ടറി വ്യക്തമാക്കി. പാല്‍, പലചരക്ക്, പച്ചക്കറി, മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങിയവ അടയ്‌ക്കില്ലെന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അടക്കം ഏഴ് പേരില്‍ കൂടുതല്‍ പേര്‍ ഒരേസമയം കയറരുതെന്നും ഒരുവീട്ടില്‍ നിന്നും രണ്ടുപേരില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങരുതെന്നും ചീഫ്‌സെക്രട്ടറി നിര്‍ദ്ദേശിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്്. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.
എന്നാല്‍ ജില്ലകള്‍ അടച്ചിടുന്നത് തീരുമാനിച്ചിട്ടില്ലെന്നും നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കാസര്‍കോട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ ജില്ലകളിലെ നിയന്ത്രണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
















