ദല്‍ഹി: ജനതാ കര്‍ഫ്യൂ രാജ്യം ഏറ്റെടുത്തു. ഹര്‍ത്താലുകളെപ്പോലും വകവെക്കാതിരുന്ന മെട്രോ നഗരങ്ങളെ നിശ്ചലമാക്കി പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍. രാജ്യത്തെ കോടിക്കണക്കിനാളുകള്‍ ഇന്നലെ വീടുകളില്‍ത്തന്നെ കഴിഞ്ഞു. പോലീസുകാരും ആരോഗ്യപ്രവര്‍ത്തകരും മാധ്യമങ്ങളും മാത്രമായിരുന്നു നിരത്തുകളില്‍. ദുരന്തമുഖത്ത് കര്‍മ്മനിരതരായ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് വൈകിട്ട് അഞ്ചിന് കരഘോഷങ്ങളും മണിനാദങ്ങളും ഉയര്‍ന്നു. വീടുകളുടെ വാതിലുകളിലും ബാല്‍ക്കണികളിലും നിന്ന് കൈകൊട്ടുന്ന, ശംഖനാദം മുഴക്കുന്ന കുട്ടികളുള്‍പ്പെടെയുള്ളവര്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് വിളിച്ചു പറഞ്ഞു. ദല്‍ഹി, മുംബൈ, ബെംഗളൂുരു, കൊല്‍ക്കത്ത, ഗുവാഹത്തി, കൊച്ചി, ചെന്നൈ തുടങ്ങിയ നഗരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പൂര്‍ണ പിന്തുണ നല്കി. രാവിലെ ഏഴു മണി മുതല്‍ രാത്രി ഒന്‍പതു മണി വരെയായിരുന്നു ജനതാ കര്‍ഫ്യൂ.
വിവിധ മേഖലകളിലുള്ള പ്രമുഖര്‍ സമൂഹമാധ്യമങ്ങളിലൂടെയും നേരിട്ടും ജനത കര്‍ഫ്യൂവിന് പിന്തുണയുമായി രംഗത്തെത്തി. എല്ലാ സംസ്ഥാനങ്ങളിലേയും കടകള്‍, റസ്റ്റോറന്റുകള്‍, റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ തുടങ്ങിയവ അടഞ്ഞ് കിടന്നു. കേരളം, തമിഴ്നാട്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിവരെ നീട്ടി. അവശ്യ സേവനങ്ങളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ദല്‍ഹി, മുംബൈ, തെലങ്കാന, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ ഒരു ദിവസത്തേക്ക് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കൊറോണ വൈറസിനെതിരെ പോരാടാന്‍ ജനങ്ങളെ വീടുകളില്‍ തുടരുന്നതിനും സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ദല്‍ഹി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചതെന്ന് ദില്ലി മെട്രോ റെയില്‍ കോര്പ്പറേഷന് അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒമ്പത് മണിവരെയുള്ള സമയത്തിനിടയ്ക്ക് അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചത്. ആഗോളതലത്തില്‍ ഇതുവരെ പതിമൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണിത്.
ദല്‍ഹിയില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് ഇന്നലെ സംയുക്ത ജനതാ കര്‍ഫ്യൂ ആചരിച്ചു. ദല്‍ഹിയില്‍ എല്ലാത്തരം ടാക്സികളും ഞായറാഴ്ച സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. നിരവധി യൂണിയനുകളും പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ജനത കര്‍ഫ്യുവിനെ കേരളവും ഏറ്റെടുത്തു. കേരളീയര്‍ പൂര്‍ണമായി സഹകരിച്ചതോടെ ഗ്രാമ, നഗര ഭേദമെന്യേ ജനജീവിതം നിശ്ചലമായി. പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിച്ചില്ല. വീടുകളില്‍ നിന്ന് ജനങ്ങള്‍ പുറത്തിറങ്ങിയില്ല. കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടന്നു.
ബസും ട്രെയിനും ഉള്‍പ്പെടെയുളള ഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തി. കെഎസ്ആര്‍ടിസി സര്‍വീസുകളൊന്നും നടത്തിയില്ല. ബസുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളും സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാനം ഒന്നടങ്കം ജനതാ കര്‍ഫ്യുവിനോട് പൂര്‍ണ്ണമായി സഹകരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ആരോഗ്യപ്രവര്‍ത്തകരോട് ആദരവ് അര്‍പ്പിച്ച് കൈകൊട്ടിയും പാത്രങ്ങള്‍ തമ്മിലടിച്ചും മണിമുഴക്കിയും ജനങ്ങള്‍ വീട്ടിലിരുന്ന് ശബ്ദമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: