കാസര്‍കോട്: കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച എരിയാല്‍ സ്വദേശിയുടെ യാത്രാവിവരങ്ങളില്‍ ദുരൂഹത. ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കിയെങ്കിലും ചില വിവരങ്ങള്‍ മറച്ചുവക്കുന്നത് ജില്ലാ ഭരണകൂടത്തെ വലയ്ക്കുന്നുണ്ട്. എരിയാല്‍ സ്വദേശി മൂവായിരത്തോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് അധികൃതര്‍ കരുതുന്നത്. മൂന്ന് വിവാഹച്ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തതായി വിവരം പുറത്തു വന്നിട്ടുണ്ട്. ഇതിന് പുറമെ രണ്ട് കായിക മത്സരവേദികളിലും ചെന്നിരുന്നതായും ആളുകളുമായി അടുത്തിടപഴകിയതായും വിവരമുണ്ട്. കോറോണ ബാധിതനായ വ്യക്തിയുടെ യാത്രകളില്‍ ദുരൂഹതയെന്ന് കളക്ടര്‍ ഡി. സജിത്ത് ബാബു പറഞ്ഞു.
അധികൃതരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ച് പൊതുപരിപാടികളിലും ചടങ്ങുകളിലും സംബന്ധിച്ചതിന് കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. രോഗം ഭേദമാകുന്നതോടെയായിരിക്കും പോലീസ് നടപടി സ്വീകരിക്കുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ നല്കുന്ന വിവരങ്ങള്‍ പൂര്‍ണമല്ലെന്നും ചില കാര്യങ്ങള്‍ മറച്ചുവെക്കുന്നുവെന്നുമാണ് ജില്ലാ ഭരണ കൂടത്തിന്റെ ആരോപണം. ഇയാള്‍ മംഗളൂരുവില്‍ പോയി രക്തദാനം നടത്തിയതായും സൂചനയുണ്ട്. പലതവണ ചോദ്യം ചെയ്തിട്ടും കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും നിസഹകരണം തുടരുകയാണ്. ഇയാള്‍ കണ്ണൂരിലുമെത്തിയതായും കരുതുന്നു. തളിപ്പറമ്പിലെ ഒരു മരണവീട് സന്ദര്‍ശിച്ചതായും അനുമാനിക്കുന്നു. ഇയാളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 20 പേര് കണ്ണൂരില്‍ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: