മക്കളേ,
അതിഥിയെ ഈശ്വരതുല്യം ആദരിച്ചു സ്വീകരിക്കാനാണ് ഭാരതീയസംസ്ക്കാരം പഠിപ്പിക്കുന്നത്. അതിഥി എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യക്തികളെ മാത്രമല്ല. നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുചേരുന്ന ഓരോ സാഹചര്യവും അതിഥി തന്നെയാണ്. അതുകൊണ്ട്ു ഏതൊരു സാഹചര്യത്തെയും അതിഥിയായി കാണാനും സന്തോഷപൂര്‍വ്വം സ്വീകരിക്കുവാനും നമ്മള് തയ്യാറാകണം.
വിഷമം പിടിച്ച സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോള്‍ ചിലപ്പോള്‍ നമ്മള് പതറിപ്പോകാം. എന്നാല്‍, അത്തരം സാഹചര്യത്തിലും മനസ്സിന്റെ സന്തുലനം നഷ്ടമാകാതെ, ശ്രദ്ധയോടെയും വിവേകത്തോടെയും അതിനെ നേരിടാന്‍ നമുക്കു സാധിക്കണം. ചിലപ്പോള്‍ നമ്മള് പരാജയപ്പെട്ടെന്നിരിക്കാം. അപ്പോഴും ഉത്സാഹം നഷ്ടമാകരുത്. പ്രതീക്ഷ കൈവിടാതെ പ്രയത്നം തുടര്‍ന്നാല്‍ പ്രതികൂലസാഹചര്യങ്ങള്പോലും നമുക്കു അനുകൂലമായിത്തീരും.
ചെസ്സ് കളിക്കുമ്പോള്‍ എപ്പോഴും നമ്മുടെ കരുക്കള്‍ മുന്നോട്ടുമാത്രം നീക്കിക്കൊണ്ടിരുന്നാല് കളിയില്‍ ജയിക്കില്ല. ചില സാഹചര്യങ്ങളില്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍ പിന്വലിക്കേണ്ടിയുംവരും. അതുപോലെ ജീവിതത്തിലും പരാജയം നേരിടുമ്പോള്‍ അതില്‍നിന്നു പാഠം ഉള്‍ക്കൊണ്ടാല്‍, കൂടുതല്‍ നല്ല ഉള്‍ക്കാഴ്ചയോടെ മുന്നോട്ടു നീങ്ങാന്‍ കഴിയും.
എന്തു പരാജയം സംഭവിച്ചാലും രണ്ട് അടിസ്ഥാനകാര്യങ്ങളില്‍ നമ്മള് പരാജയപ്പെടരുത്. ഒന്ന്, നമ്മുടെ ആത്മധൈര്യവും ആത്മവിശ്വാസവും നഷ്ടപ്പെടാതെ സൂക്ഷിക്കുക. രണ്ട്, നമ്മളിലുള്ള സഹജമായ നന്മയും സാമൂഹ്യബോധവും കൈവെടിയാതിരിക്കുക.
പ്രശസ്തമായ ഒരു മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്യാമ്പസ് ഇന്റര്‍വ്യൂ നടക്കുന്ന സമയം. ഇന്റര്‍വ്യൂവില്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. മറ്റുള്ളവര്‍ക്കു സെലക്ഷന് കിട്ടിയില്ല. ജോലി കിട്ടിയവര്‍ സന്തോഷിച്ചു, മറ്റുള്ളവര്‍ക്കു ദുഃഖമായി. ഇന്റര്‍വ്യൂവില്‍ സെലക്ഷന് കിട്ടാതിരുന്ന ഒരു വിദ്യാര്‍ഥി ഉണ്ടായിരുന്നു. അവന് ഇന്റര്വ്യൂഹാളില്നിന്ന് പുറത്തുവന്നു. അവിടെ ഇളംകാറ്റു വീശുന്നുണ്ടായിരുന്നു. അവന് കുറച്ചുനേരം കാറ്റുകൊണ്ട് അവിടെ വെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റുള്ള ഉദ്യോഗാര്‍ത്ഥികളുടെയും ഇന്റര്‍വ്യൂ അവസാനിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും അവരവരുടെ മുറികളിലേയ്ക്കു പോയി. അവര്‍ ഇരുന്ന കസേരകളെല്ലാം ആ മുറിയില്‍ അവിടവിടെ അലങ്കോലമായി കിടക്കുന്നുണ്ടായിരുന്നു. ഈ വിദ്യാര്‍ത്ഥി അതു ശ്രദ്ധിച്ചു. അവന് എഴുന്നേറ്റ് കസേരകള്‍ പഴയതുപോലെ ക്രമമായി നിരത്തിവെച്ചു. ഇന്റര്‍വ്യൂ ഹാളിന്റെ വാതില്ക്കല്നിന്ന് ഒരാള്‍ യുവാവിനെ ശ്രദ്ധാ
പൂര്‍വം നിരീക്ഷിക്കുന്നുണ്ടായിരുന്നു. അന്നു ജോലിക്കായി ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്തവരില്‍ ഒരാളായിരുന്നു അത്. ഈ യുവാവിന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ മനസ്സിനെ സ്പര്‍ശിച്ചു. ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടതില്‍ ദുഃഖിച്ചു മാറിയിരിക്കുന്നതിനു പകരം, ആ മുറി വൃത്തിയാക്കി വെയ്ക്കുവാന്‍ ഈ യുവാവു കാണിച്ച ശ്രദ്ധയും ഉത്തരവാദിത്വബോധവും ആ ഉദ്യോഗസ്ഥനില്‍ മതിപ്പുളവാക്കി. കുറച്ചുദിവസത്തിനകം ആ യുവാവിനു ഒരറിയിപ്പു കിട്ടി, ‘താങ്കളെ ജോലിക്കായി തിരഞ്ഞെടുത്തിരിക്കുന്നു.’
യുവാവിന്റെ മനഃസാന്നിദ്ധ്യവും സാമൂഹ്യബോധവുമാണ് അവനു ആ ജോലി നേടിക്കൊടുത്തത്. ആ മുറി വൃത്തിയാക്കിവെയ്ക്കുക എന്നത് അവന്റെ ജോലിയല്ലായിരുന്നു. എന്നിട്ടും, ‘ഞാന്‍ എന്തിനതു ചെയ്യണം, ഉത്തരവാദപ്പെട്ട മറ്റാരെങ്കിലും അതു ചെയ്യട്ടെ’ എന്ന് അവന് ചിന്തിച്ചില്ല. ‘അവിടെ വെറുതെയിരിക്കുന്ന സമയംകൊണ്ട് കസേരകള്‍ അടുക്കിവെച്ചാല്‍ മുറി വൃത്തിയാകുമല്ലോ എന്നാണ് അവന് ചിന്തിച്ചത്. ആ ജോലി അവന് ഭംഗിയായി നിര്‍വ്വഹിച്ചു. ഈ സ്വഭാവവിശേഷമാണ് അവനെ വിജയത്തിലെത്തിച്ചത്.
ഈ യുവാവിനെപ്പോലെ പ്രവര്‍ത്തിക്കുന്ന എല്ലാവരും വിജയിക്കണമെന്നില്ലല്ലോ എന്നു ചോദിക്കാം. നന്മ ചെയ്യുന്നവര്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ നന്മ തിരിച്ചുകിട്ടുമെന്നുള്ളത് പ്രകൃതിയുടെ അലംഘനീയമായ നിയമമാണ്.
ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാവുക സ്വാഭാവികമാണ്. ആത്മവിശ്വാസത്തോടെ നമ്മള് അവയെ നേരിടണം. എങ്കിലും നമ്മള് ചിലപ്പോള്‍ പരാജയപ്പെട്ടുപോയി എന്നു വരാം. അപ്പോഴും നമ്മള് തളരരുത്. ഒരു രംഗത്തു പരാജയപ്പെട്ടാലും മറ്റനേകം രംഗങ്ങളില്‍ വിജയം നമ്മെ കാത്തിരിക്കുന്നുണ്ടാവും. അതിനാല്‍ നൈമിഷികമായ പരാജയങ്ങളെ കാര്യമാക്കാതെ നമ്മള് മുന്നോട്ടു
പോകണം. ഒരു പരാജയവും നമ്മളിലുള്ള നന്മയെ നഷ്ടമാക്കാന്‍ അനുവദിക്കരുത്. ആത്മവിശ്വാസവും പ്രയത്നവും ഈശ്വരകൃപയിലുള്ള അടിയുറച്ച വിശ്വാസവും കൈമുതലായുണ്ടെങ്കില് വിജയത്തിന്റെ വാതിലുകള്‍ ഒരിക്കലും നമ്മുടെ മുന്നില്‍ കൊട്ടിയടയ്ക്കപ്പെടുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: