ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ശമ്പളം സ്വീകരിക്കില്ലെന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഞാന്‍ ഒരു നേതാവോ രാഷ്‌ട്രീയക്കാരനോ അല്ല. കഴിഞ്ഞ 40 വര്‍ഷമായി ഇടപെട്ടത് കോടതികളിലായിരുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രാജ്യസഭയില്‍ അര്‍ഥവത്താക്കാനാണ് രാഷ്‌ട്രപതി ആവശ്യപ്പെട്ടിരിക്കുന്നത്. അത് ഞാന്‍ നൂറു ശതമാനം അനുസരിക്കും. ഒരു പാര്‍ട്ടിയില്‍ ചേരാനോ രാഷ്‌ട്രീയക്കാരനാവാനോ മന്ത്രിയാവാനോ ഉദ്ദേശമില്ലന്ന് ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയാവുക എന്നത് ലക്ഷ്യമല്ലെന്നും അദേഹം പറഞ്ഞു. മന്ത്രിയാവുന്നതിനോടും താല്‍പര്യമില്ല. കുട്ടിക്കാലത്ത് തന്നെ കുടുംബത്തിനുള്ളില്‍ തന്നെയുള്ള മന്ത്രിമാരെ കണ്ടിട്ടുണ്ട്. അവരില്‍ ഒരാളാവാന്‍ എനിക്ക് താല്‍പര്യമില്ലന്നും അദേഹം പറഞ്ഞു. അരഡസന്‍ പേരടങ്ങുന്ന ഒരു ലോബി ജുഡീഷ്യറിയുടെ കഴുത്ത് ഞെരിക്കുകയാണ്. തങ്ങള്‍ക്കിഷ്ടമല്ലാത്ത വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയെ അവര്‍ കരിതേക്കുമെന്നും അദേഹം പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വതന്ത്ര്യം എന്നാല്‍ ഇവരുടെ പിടി പൊട്ടിച്ചെറിയുക എന്നതാണ് അര്‍ഥം. അവര്‍ ജഡ്ജിമാരെ ബന്ദികളാക്കിയിരിക്കുകയാണ്. അവര്‍ പറയുന്ന രീതിയില്‍ ഒരു കേസ് തീര്‍പ്പാക്കിയില്ലെങ്കില്‍ അവര്‍ ആ ജഡ്ജിയെ കഴിയാവുന്ന രീതിയിലെല്ലാം താറടിക്കും. അവരെ നേരിടാന്‍ ആഗ്രഹിക്കാത്ത, സമാധാനത്തോടെ വിരമിക്കാന്‍ ആഗ്രഹിക്കുന്ന ജഡ്ജിമാരെ ഓര്‍ത്താണ് എനിക്ക് ഭയം, അദ്ദേഹം പറഞ്ഞു.
അയോധ്യ, റഫാല്‍ വിഷയങ്ങളില്‍ അനുകൂല വിധി പുറപ്പെടുവിച്ചതിനാണ് രാജ്യസഭാ അംഗത്വം നല്‍കിയതെന്ന വിമര്‍ശനം അദ്ദേഹം തള്ളി. ആ ലോബിയെ അനുസരിക്കാത്തതിനാണ് തന്നെ അവര്‍ അപകീര്‍ത്തിപ്പെടുത്തുന്നത്. മനസ്സാക്ഷിക്കനുസരിച്ച് കേസില്‍ വിധി പറയാത്ത ജഡ്ജി സത്യപ്രതിജ്ഞയോട് കള്ളം പ്രവര്‍ത്തിക്കുകയാണ്. ഈ ആറംഗ സംഘം എന്തുപറയുമെന്ന ഭയപ്പാടോടെ വിധി പ്രഖ്യാപിക്കുന്ന ജഡ്ജി സത്യപ്രതിജ്ഞയോട് സത്യസന്ധത പുലര്‍ത്തുന്നില്ല. ശരിയെന്ന് എന്റെ മനസ്സാക്ഷി പറയുന്നതനുസരിച്ചേ ഞാന്‍ എന്തു തീരുമാനവും കൈക്കൊള്ളാറുളളൂ.
2018 ജനുവരിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചപ്പോള്‍ (അന്നത്തെ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ) ഞാന്‍ ആ ആറംഗ സംഘത്തിന് പ്രിയങ്കരനായിരുന്നു. പക്ഷെ തങ്ങള്‍ ആഗഹിക്കുന്ന രീതിയില്‍ വിധി പറഞ്ഞു കാണാനാണ് അവര്‍ക്കിഷടം. അങ്ങനെ ചെയ്യുന്നവരെ അവര്‍ സ്വതന്ത്രരായ ജഡ്ജിമാരായി പ്രഖ്യാപിക്കും.
എന്റെ ഭാര്യയുടെ അഭിപ്രായം ഒഴിച്ച് മറ്റാരുടെയും അഭിപ്രായത്തെ ഞാന്‍ ഭയപ്പെട്ടിട്ടില്ല. എന്നെപ്പറ്റി മറ്റുള്ളവര്‍ എന്ത് കരുതുമെന്നത് എനിക്ക് ഒരു പ്രശ്നമേയല്ല. അയോധ്യക്കാര്യത്തില്‍ അഞ്ചംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു. റാഫാലിലും മൂന്നംഗ ബെഞ്ചിന്റെ വിധി ഏകകണ്ഠമായിരുന്നു. അതിന്റെ പേരില്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഈ രണ്ടു കേസുകളിലും വിധി പറഞ്ഞ മറ്റു ജഡ്ജിമാരുടെ സത്യസന്ധതയെയും ചോദ്യം ചെയ്യുകയല്ലേ? അദ്ദേഹം ചോദിച്ചു.
ആറംഗ സംഘം ആരോപണങ്ങള്‍ അഴിച്ചുവിടുമെന്ന് ഭയന്നാണ് ജഡ്ജിമാര്‍ മിണ്ടാതെ ഇരിക്കുന്നത്. ഞാന്‍ നിശബ്ദനായി ഇരിക്കില്ല. അനുകൂലമായ വിധി പുറപ്പെടുവിച്ചതിന് രാജ്യസഭാ എംപിസ്ഥാനം ലഭിച്ചെന്നു പറയുന്നവര്‍ ഓര്‍ക്കുക. ഞാന്‍ ചീഫ് ജസ്റ്റിസായിരുന്നു. കുറേക്കൂടി, വലിയ, ആകര്‍ഷകമായ, കൂടുതല്‍ ശമ്പളവും സൗകര്യങ്ങളുമുള്ള പദവി എനിക്ക് ചോദിച്ച് വാങ്ങരുതായിരുന്നോയെന്നും അദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: